'ഭക്ഷണമോ ടോയ്‌ലറ്റോ നൽകിയില്ല' ജോർജിയയിൽ ഇന്ത്യൻ യാത്ര സംഘത്തോട് അധികൃതർ 'കന്നുകാലികളെപ്പോലെ' പെരുമാറിയതായി പരാതി
സാധുവായ ഇ-വിസകളും രേഖകളും കൈവശം വെച്ചിട്ടും സദാഖ്‌ലോ അതിർത്തിയിൽ അപമാനം നേരിട്ടതായും ദീർഘനേരം സംഘത്തെ അവിടെ പിടിച്ചുവെച്ചതായും ധ്രുവീ പട്ടേൽ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിവരിച്ചു

സദാഖ്‌ലോ: അർമേനിയയിൽ നിന്ന് ജോർജിയയിലേക്ക് പ്രവേശിക്കുന്നതിനിടെ 56 ഇന്ത്യൻ യാത്രക്കാരുടെ ഒരു സംഘത്തോട് ജോർജിയൻ അധികൃതർ ഏറ്റവും മനുഷ്യത്വരഹിതമായ രീതിയിൽ പെരുമാറിയതായി വിനോദസഞ്ചാരിയുടെ പരാതി. സാധുവായ ഇ-വിസകളും രേഖകളും കൈവശം വെച്ചിട്ടും സദാഖ്‌ലോ അതിർത്തിയിൽ അപമാനം നേരിട്ടതായും ദീർഘനേരം സംഘത്തെ അവിടെ പിടിച്ചുവെച്ചതായും ധ്രുവീ പട്ടേൽ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിവരിച്ചു.
പോസ്റ്റിൽ പറയുന്നത് അനുസരിച്ച് 56 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തെ ഭക്ഷണമോ ടോയ്‌ലറ്റോ ഇല്ലാതെ 5 മണിക്കൂറിലധികം തണുപ്പിൽ കാത്തിരിക്കാൻ നിർബന്ധിച്ചു. യാതൊരു ആശയവിനിമയവും കൂടാതെ അവരുടെ പാസ്‌പോർട്ടുകൾ കണ്ടുകെട്ടി 2 മണിക്കൂറിലധികം 'കന്നുകാലികളെപ്പോലെ' ഫുട്പാത്തിൽ ഇരിക്കാൻ നിർബന്ധിച്ചുവെന്നും പോസ്റ്റിൽ ആരോപിക്കുന്നു. ഉദ്യോഗസ്ഥർ 'കുറ്റവാളികളെ പോലെ' അവരുടെ വിഡിയോകൾ പോലും എടുത്തതായും യുവതി പറഞ്ഞു.
'ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം.' പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും ടാഗ് ചെയ്ത് ധ്രുവീ പട്ടേൽ പോസ്റ്റിൽ എഴുതി. അർമേനിയക്കും ജോർജിയക്കും ഇടയിലുള്ള പ്രാഥമിക കരമാർഗമായ സദാഖ്‌ലോ അതിർത്തിയിലാണ് ആരോപിക്കപ്പെടുന്ന സംഭവം നടന്നത്. 'ജോർജിയ ഇന്ത്യക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണ്. ലജ്ജാകരവും അസ്വീകാര്യവുമാണ്!' എന്ന രൂക്ഷ വിമർശനത്തോടെയാണ് ധ്രുവീ പട്ടേൽ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. പോസ്റ്റിന് നിരവധി പ്രതികരണങ്ങൾ ലഭിച്ചു. സമാനമായ അനുഭവങ്ങൾ പങ്കുവെച്ചവരും ഉണ്ടായിരുന്നു.
Adjust Story Font
16

