Quantcast

'റഷ്യ-യുക്രൈൻ യുദ്ധത്തിൽ കുടുങ്ങി ഇന്ത്യക്കാർ; കബളിപ്പിച്ച് സൈന്യത്തിൽ ചേർത്തു'; സ്ഥിരീകരിച്ച് കേന്ദ്രം

ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിച്ച ശേഷമാണ് യുദ്ധമേഖലയിലുള്ള സൈന്യത്തിൽ ഇന്ത്യൻ പൗരന്മാരെ നിർബന്ധിച്ചു ചേർത്തിരിക്കുന്നതെന്നാണു വെളിപ്പെടുത്തൽ

MediaOne Logo

Web Desk

  • Updated:

    2024-02-23 11:21:53.0

Published:

23 Feb 2024 11:20 AM GMT

The Centre acknowledges that some Indians are entangled in Russias ongoing war with Ukraine, Indians forced to join the Russian army, Russia-Ukraine war
X

ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിനിടയിൽ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. നിരവധി പേരെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് സൈന്യത്തിൽ ചേർത്തതായും കേന്ദ്രം വെളിപ്പെടുത്തി. ഇവരുടെ മോചനത്തിനായി ഇടപെടുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ അറിയിച്ചു.

വിദ്യാർത്ഥികളടക്കം നിരവധി ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യൻ സൈന്യത്തിൽ എടുത്തതായി കഴിഞ്ഞ ദിവസം മാധ്യമവാർത്തകളുണ്ടായിരുന്നു. പലരും യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ജോലിക്കു വേണ്ട സഹായങ്ങൾ നൽകാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു യുദ്ധമുന്നണിയിലുള്ള സൈന്യത്തിലേക്ക് റിക്രൂട്ടിങ് നടത്തുന്നതായായിരുന്നു വെളിപ്പെടുത്തൽ.

ഇതിലാണ് ഇപ്പോൾ കേന്ദ്രത്തിന്റെ വിശദീകരണം പുറത്തുവരുന്നത്. റഷ്യൻ സൈന്യത്തിന്റെ ഉപവിഭാഗങ്ങളുമായി ഏതാനും ഇന്ത്യക്കാർ കരാറിൽ ഒപ്പുവച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് രൺധീർ പ്രസ്താവനയിൽ അറിയിച്ചു. ഇക്കാര്യം ഇന്ത്യൻ എംബസി നിരന്തരമായി റഷ്യൻ വൃത്തങ്ങളോട് ഉണർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേണ്ട ജാഗ്രത പാലിക്കണമെന്നും സംഘർഷ മേഖലയിൽനിന്നു മാറണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.

ഹൈദരാബാദ് സ്വദേശിയായ സുഫിയാന്റെ കുടുംബം കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികളുണ്ടാകണമെന്ന് ഉവൈസി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തട്ടിപ്പ് നടത്തുന്ന ഏജന്റുമാർക്കെതിരെ ശക്തമായി നടപടി വേണമെന്നും ആവശ്യമുയർത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉവൈസി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.

'ബാബ വ്‌ളോഗ്‌സ്' എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ഫൈസൽ ഖാൻ എന്നയാൾ വഴിക്കാണ് സഹോദരൻ റഷ്യയിലെത്തിയതെന്ന് സുഫിയാന്റെ സഹോദരൻ ഇമ്രാൻ പറഞ്ഞു. റഷ്യയിൽ ജോലിവാഗ്ദാനം ചെയ്താണു കൊണ്ടുപോയതെന്നും എന്നാൽ ഒടുവിൽ സൈന്യത്തിൽ നിർബന്ധിച്ചു ചേർത്തിരിക്കുകയാണെന്നുമാണു പരാതി ഉയർന്നിരിക്കുന്നത്.

ഇത്തരത്തിൽ ഒൻപത് ഇന്ത്യക്കാർ യുക്രൈൻ അതിർത്തിയിൽ ഗുരുതരമായ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നതെന്നാണു വിവരം. ഇവരുടെ കുടുംബങ്ങൾ തന്നെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. യുദ്ധത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ് ഇവരുള്ളതെന്നാണു കുടുംബങ്ങൾ ആരോപിക്കുന്നത്.

Summary: The Centre acknowledges that some Indians are entangled in Russia's ongoing war with Ukraine and forced to join the army, stating that the government is coordinating with its Russian counterpart to facilitate their release

TAGS :

Next Story