മോദി മുതല്‍ ദീപക് ചോപ്ര വരെ; എപ്സ്റ്റീന്‍ ഫയല്‍സില്‍ പേരുള്ള ഇന്ത്യക്കാര്‍
പേരുണ്ടെങ്കിലും എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട് എന്ന് ഇതിന് അര്‍ഥമില്ല

- Updated:
2026-02-05 11:10:13.0

അനില്‍ അംബാനി, നരേന്ദ്ര മോദി, ഹര്‍ദീപ് സിങ് പുരി
ന്യൂഡല്‍ഹി: അന്തരിച്ച അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പുതിയ രേഖകളാണ് ഏതാനും ദിവസം മുമ്പ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. 30 ലക്ഷം പേജുകള്‍, 1.80 ലക്ഷം ചിത്രങ്ങള്‍, 2,000 വീഡിയോകള്‍ എന്നിവ ഇതിലുള്‍പ്പെടും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ രാഷ്ട്രനേതാക്കള്‍, നോം ചോംസ്‌കി ഉള്‍പ്പെടെ ചിന്തകന്മാര്‍, ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള ലോകകോടീശ്വരന്മാര്‍ തുടങ്ങിയവര്‍ക്ക് എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്. പുറത്തുവന്ന രേഖകളില്‍ നിരവധി ഇന്ത്യക്കാരുടെ പേരുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി, വ്യവസായി അനില്‍ അംബാനി, സംവിധായിക മീര നായര്‍, ആത്മീയ ഗുരു ദീപക് ചോപ്ര തുടങ്ങിയവര്‍ എപ്സ്റ്റീന്‍ ഫയല്‍സില്‍ പേരുള്ള പ്രമുഖരാണ്. പുറത്തുവന്ന രേഖകളില്‍ പേരുണ്ടെങ്കിലും എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട് എന്ന് ഇതിന് അര്‍ഥമില്ല. പല പേരുകളും ചില ഇമെയിലുകളില്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്.
നരേന്ദ്ര മോദി
എപ്സ്റ്റീന്‍ രേഖകളില്‍ പ്രധാനമന്ത്രി മോദിയുടെ പേരുണ്ട്. മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നാണ് ഇ-മെയിലില്‍ എപ്സ്റ്റീന്‍ പരാമര്‍ശിച്ചത്. തന്റെ നിര്‍ദ്ദേശപ്രകാരം മോദി ഇസ്രയേലില്‍ പോയെന്നും അമേരിക്കന്‍ പ്രസിഡന്റിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ എന്ത് പ്രയോജനമെന്ന് മെയിലില്‍ വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്ന ഇമെയില്‍ സന്ദേശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടുവെന്നും ഇത് തികച്ചും അടിസ്ഥാനരഹിതമായ ജല്‍പനങ്ങളാണെന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതില്‍ പ്രതികരിച്ചത്.
ഹര്‍ദീപ് സിങ് പുരി
ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഹര്‍ദീപ് സിങ് പുരിയും ജെഫ്രി എപ്സ്റ്റീനും തമ്മില്‍ നടന്ന ഇമെയില്‍ ചാറ്റുകളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിസിനസ് ശൃംഖല കെട്ടിപ്പടുക്കുന്നതിനും നിക്ഷേപങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളുമൊക്കെ ഇതിലുള്‍പ്പെട്ടുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 2014 ജൂണ്‍ മുതല്‍ 2017 ജൂണ്‍ വരെയുള്ള ഏതാണ്ട് മൂന്ന് വര്‍ഷത്തെ വിവരങ്ങളാണ് ഇതിലുള്ളത്. എപ്സ്റ്റീന്റെ ന്യൂയോര്‍ക്കിലെ വസതിയില്‍ വെച്ച് കുറഞ്ഞത് മൂന്ന് കൂടിക്കാഴ്ചകളെങ്കിലും പുരിയുമായി നടന്നതായാണ് വെളിപ്പെടുത്തല്‍. ഇതിന് പുറമെ സിലിക്കണ്‍ വാലിയിലെ നിക്ഷേപകരുമായി ബന്ധിപ്പിക്കാന്‍ എപ്സ്റ്റീന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തിയിരുന്നതായും വെളിപ്പെടുത്തുന്നു. ആ സമയത്ത് ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും പുരി, ബിജെപി അംഗമായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ന്യൂയോര്‍ക്കിലെ ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന തിങ്ക് ടാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു.
അനില്‍ അംബാനി
വ്യവസായി അനില്‍ അംബാനിയുടെ പേരാണ് ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഡോണള്‍ഡ് ട്രംപ് ആദ്യമായി അധികാരത്തിലേറിയപ്പോള്‍ അംബാനി എപ്സ്റ്റീനുമായി ബന്ധപ്പെട്ടു. ട്രംപിന്റെ അടുത്തവൃത്തങ്ങളിലെ പ്രമുഖരുമായി ചങ്ങാത്തമുണ്ടാക്കാന്‍ എന്താണ് വഴിയെന്ന് 'നേതൃത്വം' അന്വേഷിച്ചതായി അനില്‍ അംബാനി 2017 മാര്‍ച്ച് 16ന് എപ്സ്റ്റീന് അയച്ച സന്ദേശത്തില്‍ പറഞ്ഞു. മാര്‍ച്ച് 29ന് അനില്‍ അംബാനിക്കുള്ള സന്ദേശത്തില്‍ എപ്സ്റ്റീന്‍ ഇസ്രയേല്‍ വിഷയം പരാമര്‍ശിക്കുന്നുണ്ട്. മോദി ജൂലൈയില്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്ന് അനില്‍ അംബാനി മറുപടി നല്‍കുന്നു. പിന്നാലെ ജൂണ്‍ 26ന് മോദി യുഎസ് സന്ദര്‍ശിക്കുന്നു. ജൂലൈ ആറിന് ഇസ്രായേലും സന്ദര്‍ശിക്കുന്നു. എന്നാല്‍, ഏതെങ്കിലും കുറ്റകൃത്യത്തിന്റെ ഭാഗമായുള്ള സംസാരമല്ല ഇതൊന്നും.
ദീപക് ചോപ്ര
ലോകപ്രശസ്തനായ ഇന്ത്യന്‍-അമേരിക്കന്‍ ന്യൂ ഏജ് ആത്മീയ ഗുരു ഡോ. ദീപക് ചോപ്രയുടെ പേര് എപ്സ്റ്റീന്‍ ഫയലുകളിലുണ്ട്. 2016-നും 2018-നും ഇടയില്‍ എപ്സ്റ്റീനുമായി ചോപ്ര നടത്തിയ ഇമെയില്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ദീപക് ചോപ്രയും എപ്സ്റ്റീനും തമ്മില്‍ പല വിഷയങ്ങളിലും ആശയവിനിമയം നടത്തിയിട്ടുണ്ട്. രേഖകള്‍ പുറത്തുവന്നതിനു പിന്നാലെ ദീപക് ചോപ്ര വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താന്‍ ഒരു കുറ്റകൃത്യത്തിന്റെയും ഭാഗമായിട്ടില്ലെന്നും ആരെയും ചൂഷണം ചെയ്തിട്ടില്ലെന്നും മെയിലുകളില്‍ താന്‍ ഉപയോഗിച്ച ഭാഷ മോശമായിരുന്നെന്നും അതില്‍ ഖേദിക്കുന്നുവെന്നും ദീപക് ചോപ്ര പറഞ്ഞു.
മീരാ നായര്‍
സംവിധായിക മീരാ നായര്‍ 2009ല്‍ എപ്സ്റ്റീന്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് പുറത്തുവന്ന വിവരം. ബില്‍ ക്ലിന്റണ്‍, ജെഫ് ബെസോസ് തുടങ്ങിയ പ്രമുഖരും പാര്‍ട്ടിയിലുണ്ടായിരുന്നു. എപ്സ്റ്റീനെ അതിഥിയായി ഉള്‍പ്പെടുത്തിയ ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കര്‍ പ്രോജക്റ്റ് സ്പ്രിംഗ് ഗാലയുടെ കമ്മിറ്റിയില്‍ മീരാ നായര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഫയലുകളില്‍ മീരക്കെതിരെ ഒരു ആരോപണവുമില്ല. അനുരാഗ് കശ്യപിന്റെ പേര് 'ഒരു പ്രമുഖ ബോളിവുഡ് നടന്‍' എന്നാണ് ഒരു മെയിലില്‍ പരാമര്‍ശിക്കുന്നത്. നടിയും ചലച്ചിത്ര നിര്‍മാതാവുമായ നന്ദിതാ ദാസിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ നന്ദിതാ ദാസ് പ്രഭാഷകയായി പങ്കെടുത്ത പരിപാടിയില്‍ എപ്സ്റ്റീനും പങ്കെടുത്തെന്ന വിവരമാണ് പുറത്തുവന്നത്. അഭിഷേക് ബച്ചന്‍, ഐശ്വര്യാ റായ് തുടങ്ങിയ സെലബ്രിറ്റികളുടെ പേരും രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
അനുരാഗ് കശ്യപ്
Adjust Story Font
16
