Quantcast

'ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു'; അമിത് ഷായ്‌ക്കെതിരെ ടി-ഷർട്ട് യുദ്ധവുമായി തൃണമൂൽ

വ്യക്തിപരമായ ആക്രമണം തൃണമൂലിന്റെ അന്ത്യം കുറിക്കുമെന്ന് ബി.ജെ.പി നേതാവ് രാഹുൽ സിൻഹ പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    10 Sep 2022 6:23 AM GMT

ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു; അമിത് ഷായ്‌ക്കെതിരെ ടി-ഷർട്ട് യുദ്ധവുമായി തൃണമൂൽ
X

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അമിത് ഷായ്‌ക്കെതിരെ പുതിയ പോർമുഖം തുറന്ന് തൃണമൂൽ കോൺഗ്രസ്. അമിത് ഷായുടെ കാർട്ടൂൺ ചിത്രം അടങ്ങിയ ടി-ഷർട്ട് പുറത്തിറക്കിയാണ് തൃണമൂലിന്റെ പുതിയ കാംപയിൻ.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിക്കാനായി ബി.ജെ.പി പ്രവർത്തകർ സ്ഥിരം ഉപയോഗിക്കാറുള്ള 'പപ്പു' പ്രയോഗം കടമെടുത്താണ് അമിത് ഷായെ ലക്ഷ്യമിട്ട് തൃണമൂലിന്റെ ആക്രമണം. 'ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു' എന്ന അടിക്കുറിപ്പോടെയാണ് അമിത് ഷായുടെ കാർട്ടൂൺ ചിത്രമടങ്ങിയ ടി-ഷർട്ടുകൾ പാർട്ടി പുറത്തിറക്കിയിരിക്കുന്നത്. വെള്ള, കറുപ്പ്, മഞ്ഞ നിറങ്ങളിലെല്ലാം ടി-ഷർട്ട് ലഭ്യമാണ്.

നേരത്തെ, ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു അമിത് ഷായാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകനും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. മറ്റൊരു പാർട്ടിയുടെ നേതാവിനെ ബി.ജെ.പിക്കാർ സാധാരണ പപ്പു എന്നാണ് വിളിക്കാറ്. എന്നാൽ, ഇന്ത്യയിലെ യഥാർത്ഥ പപ്പു അമിത് ഷായാണെന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം.

ഇതിനു ചുവടുപിടിച്ചാണ് ഇപ്പോൾ തൃണമൂൽ ഇതേ വാചകങ്ങളോടെ ടി-ഷർട്ട് പുറത്തിറക്കിയിരിക്കുന്നത്. അഭിഷേകിന്റെ അനന്തരവന്മാരും യുവജന നേതാക്കളുമായ ആകാശ് ബാനർജി, അതിഥി ഗായേൻ എന്നവരാണ് ആദ്യം ടി-ഷർട്ട് ധരിച്ചുകൊണ്ടുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇത് ട്രെൻഡായതോടെ തൃണമൂൽ യുവജന വിഭാഗം വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ ടി-ഷർട്ട് പുറത്തിറക്കുകയായിരുന്നു. 300 രൂപയാണ് ടി-ഷർട്ടിന് വില. നേരത്തെ, ഓൺലൈൻ വഴിയായിരുന്നു വിതരണം. ഇപ്പോൾ വ്യാപാര സ്ഥാപനങ്ങളിലും ടി-ഷർട്ട് ലഭ്യമാണ്.

ടി-ഷർട്ട് ധരിച്ച് തൃണമൂൽ രാജ്യസഭാ അംഗം ഡെറെക് ഒബ്രിയനും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ടുണ്ട്. പാർലമെന്റ് കെട്ടിടത്തിനുമുന്നിൽ നിന്നാണ് ടി-ഷർട്ട് ധരിച്ച് ഒബ്രിയൻ വിഡിയോ എടുത്ത് പോസ്റ്റ് ചെയ്തത്. ആക്ഷേപഹാസ്യം ആശയവിനിമയത്തിന്റെ ഏറ്റവും ശക്തമായ രൂപമാണെന്ന് എം.പി പറഞ്ഞു. അഭിഷേക് ബാനർജിയുടെ ഒരു പരാമർശത്തിൽനിന്ന് തുടങ്ങിയതാണിത്. പരാമർശം സോഷ്യൽ മീഡിയയിൽ ട്രെൻഡായതോടെയാണ് ടി-ഷർട്ടിന്റെ രൂപത്തിൽ അതു പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, വ്യക്തിപരമായ ആക്രമണം തിരിച്ചടിയാകുമെന്ന് ബി.ജെ.പി നേതാവ് രാഹുൽ സിൻഹ പ്രതികരിച്ചു. ബി.ജെ.പിയോട് ഏറ്റുമുട്ടാൻ മറ്റു വിഷയങ്ങൾ തൃണമൂലിനില്ലാത്തതിനാലാണ് അവർ നേതാക്കളെ വ്യക്തിപരമായി ആക്രമിക്കുന്നത്. ഇത് തൃണമൂലിന്റെ അന്ത്യമായിരിക്കുമെന്നും സിൻഹ കൂട്ടിച്ചേർത്തു.

Summary: 'India's Biggest Pappu': Trinamool Congress attacks Amit Shah with t-shirt campaign

TAGS :

Next Story