Quantcast

താജ്മഹലും ചെങ്കോട്ടയും രാഷ്ട്രപതി ഭവനും 'വിറ്റ' ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധ തട്ടിപ്പുകാരൻ; ആരായിരുന്നു നട്‌വർലാൽ?

ജയിൽ ചാട്ടങ്ങൾക്ക് പേരുകേട്ട, വഞ്ചനയുടെയും കുതന്ത്രത്തിന്റെയും പര്യായമായി മാറിയ ഒരു പേരാണ് നട്‌വർലാൽ

MediaOne Logo

Web Desk

  • Published:

    22 Oct 2025 9:16 AM IST

താജ്മഹലും ചെങ്കോട്ടയും രാഷ്ട്രപതി ഭവനും വിറ്റ ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധ തട്ടിപ്പുകാരൻ; ആരായിരുന്നു നട്‌വർലാൽ?
X

ന്യൂഡൽഹി: ചരിത്രത്തിൽ കുപ്രസിദ്ധിയാർജിച്ച നിരവധി തട്ടിപ്പുകാരെ കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ അവരൊന്നും നട്‌വർലാലിനെക്കാൾ കുപ്രസിദ്ധരായിരിക്കില്ല. ജയിൽ ചാട്ടങ്ങൾക്ക് പേരുകേട്ട, വഞ്ചനയുടെയും കുതന്ത്രത്തിന്റെയും പര്യായമായി മാറിയ ഒരു പേരാണ് നട്‌വർലാൽ. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരനായാണ് നട്‌വർലാലിനെ കണക്കാക്കുന്നത്.

ആരായിരുന്നു നട്‌വർലാൽ?

1912ൽ ബിഹാറിലെ സിവാൻ ജില്ലയിലെ ബംഗര ഗ്രാമത്തിൽ ജനിച്ച നട്‌വർലാലിന്റെ യഥാർഥ പേര് മിഥിലേഷ് കുമാർ ശ്രീവാസ്തവ എന്നാണ്. ഒരു സ്റ്റേഷൻ മാസ്റ്ററുടെ മകനായിരുന്ന നട്‌വർലാൽ തന്റെ ബാങ്ക് ഡ്രാഫ്റ്റുകൾ നിക്ഷേപിക്കാൻ നിയോഗിച്ച അയൽക്കാരന്റെ ഒപ്പ് വ്യാജമായി ഉണ്ടാക്കി അക്കൗണ്ടിൽ നിന്ന് 1,000 രൂപ തട്ടിയെടുത്താണ് തട്ടിപ്പുകളുടെ ലോകത്തേക്ക് കടക്കുന്നത്. തുടർന്ന് കൊൽക്കത്തയിലേക്ക് നാടുവിട്ട നട്‌വർലാൽ അവിടെവെച്ച് കൊമേഴ്‌സ് ബിരുദം നേടുകയും സ്റ്റോക്ക് ബ്രോക്കറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

തട്ടിപ്പുനിറഞ്ഞ വഴി പലതവണ തിരുത്താൻ ശ്രമിച്ച നട്‌വർലാൽ താൻ ആരംഭിച്ച തുണിവ്യാപാരം പരാജയപ്പെട്ടപ്പോൾ തട്ടിപ്പിലേക്കും വ്യാജരേഖകൾ നിർമിക്കുന്നതിലേക്കും മടങ്ങി. സ്റ്റേഷൻ മാസ്റ്ററായ പിതാവിന്റെ ജോലി ഉൾപ്പെടെയുള്ള പശ്ചാത്തലം, ഇന്ത്യയിൽ റെയിൽവേ ചരക്ക് വ്യവസായം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ അദേഹത്തെ സഹായിച്ചു. അതേസമയം, കൊമേഴ്‌സ് ബിരുദവും സ്റ്റോക്ക് ബ്രോക്കറെന്ന നിലയിലുള്ള ഹ്രസ്വകാല സേവനവും ബാങ്കിംഗ് നിയമങ്ങളെക്കുറിച്ചും അവ എങ്ങനെ വളച്ചൊടിക്കാമെന്നും നട്‌വർലാലിനെ ബോധവാന്മാരാക്കി.

ആദ്യ അറസ്റ്റ്

1937ൽ ഒമ്പത് ടൺ ഇരുമ്പ് മോഷ്ടിച്ചതിനാണ് നട്‌വർലാലിനെ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. അതിനുശേഷം ലൈംഗികത്തൊഴിലാളികൾക്ക് മായം കലർന്ന മദ്യം നൽകി മയക്കി പണവും ആഭരണങ്ങളും കൊള്ളയടിക്കാൻ തുടങ്ങി. എന്നാൽ കാലക്രമേണ ഇത് അപകടകരമായ ഒരു പ്രവർത്തനമാണെന്ന് കണ്ടെത്തിയ നട്‌വർലാൽ തുടർന്ന് വ്യാജരേഖകൾ കെട്ടിച്ചമച്ച് തട്ടിപ്പ് നടത്തുന്നതിലേക്ക് തിരിഞ്ഞു. പല വസ്തുക്കളും വ്യാജരേഖയുണ്ടാക്കി നട്‌വർലാൽ പലർക്കും വിറ്റു. ഇതിൽ പ്രസിദ്ധിയാർജിച്ച കഥയാണ് താജ്മഹലിന്റെത്.

ഇന്ത്യയുടെ പ്രധാന ശ്രദ്ധകേന്ദ്രങ്ങളായ താജ്മഹലും ചെങ്കോട്ടയും രാഷ്ട്രപതി ഭവനും വരെ പ്രസിഡന്റിന്റെ വ്യാജ ഒപ്പുണ്ടാക്കി നട്‌വർലാൽ ഒരു വിദേശ പൗരന് വിറ്റതായി പറയപ്പെടുന്നു. വ്യാജ ഒപ്പുകൾ നിർമിക്കുന്നതിൽ വിദഗ്ദ്ധനായ നട്‌വർലാൽ ടാറ്റ, ബിർള മുതൽ റിലയൻസ് സ്ഥാപകൻ ധീരുഭായ് അംബാനിയുടെ ഉൾപ്പെടെ വ്യാജ ഒപ്പുകൾ ഉപയോഗിച്ച് വഞ്ചിച്ചിട്ടുണ്ട്.

എന്നാൽ കുറ്റകൃത്യങ്ങളിൽ മുങ്ങിക്കുളിച്ചിട്ടും നട്‌വർലാലിനെ തന്റെ ജന്മനാടായ ബാംഗ്ര ഗ്രാമത്തിൽ ആദരണീയനായ വ്യക്തിയായി ബഹുമാനിച്ചിരുന്നു. അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ സ്വന്തം നാട്ടിലെ ദരിദ്രർക്ക് ഇടയിൽ വിതരണം ചെയ്തിരുന്നു എന്നതാണ് അതിന് കാരണം. കുപ്രസിദ്ധനായ നട്‌വർലാൽ തന്റെ ജന്മനാട്ടിൽ സന്ദർശിക്കുമ്പോഴെല്ലാം വലിയ ജനക്കൂട്ടത്തെ ആകർഷിച്ചുവെന്ന് റിപ്പോർട്ടുണ്ട്.

1996ൽ അപ്രത്യക്ഷനായ നട്‌വർലാൽ

നിരവധി കേസുകൾക്ക് പലതവണ അറസ്റ്റ് ചെയ്യപ്പെട്ട നട്‌വർലാൽ 1996ൽ വാർധക്യ സഹജമായ അസുഖങ്ങൾ കാരണം വീൽചെയറിൽ കഴിയുമ്പോഴാണ് അവസാനമായി അറസ്റ്റിലായത്. അന്ന് നട്‌വർലാലിന് 84 വയസായിരുന്നു. എന്നാൽ അത്ഭുതകരമായി നട്‌വർലാൽ രക്ഷപ്പെട്ടു. കാൺപൂർ ജയിലിൽ നിന്ന് വൈദ്യസഹായത്തിനായി ഡൽഹിയിലെ എയിംസിലേക്ക് പൊലീസ് നട്‌വർലാലിനെ കൊണ്ടുപോകുന്നതിനിടെയാണ് രക്ഷപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പിന്നീടൊരിക്കലും നട്‌വർലാലിനെ ആരും കണ്ടിട്ടില്ല. നട്‌വർലാൽ 2009ൽ മരിച്ചുവെന്ന് റിപോർട്ടുകൾ ഉണ്ടെങ്കിലും 1996ൽ തന്നെ മരിച്ചുവെന്ന് കുടുംബം അവകാശപ്പെടുന്നു.

TAGS :

Next Story