Quantcast

2025ൽ ഇന്ത്യയുടെ ജനസംഖ്യ 146 കോടി; പ്രത്യുത്പാദന നിരക്ക് കുറയുന്നുവെന്ന് യുഎൻ റിപ്പോര്‍ട്ട്

ഏകദേശം 40 വർഷത്തിനുള്ളിൽ ജനസംഖ്യ 170 കോടിയായി വളരുമെന്ന് പ്രതീക്ഷിക്കുന്നു

MediaOne Logo

Web Desk

  • Published:

    11 Jun 2025 10:25 AM IST

India’s population
X

ഡൽഹി: ഈ വര്‍ഷം രാജ്യത്തെ ജനസംഖ്യ 146.39 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) പുറത്തിറക്കിയ 2025-ലെ ലോക ജനസംഖ്യാ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും ജനസംഖ്യയേറിയ രാജ്യവും ഇന്ത്യയാണ്. 141.61 കോടി ജനങ്ങളുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം ഇന്ത്യയുടെ പ്രത്യുത്പാദനം നിരക്ക് കുറയുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

‘ സ്റ്റേറ്റ് ഓഫ് ദ വേൾഡ് പോപ്പുലേഷൻ 2025: ദ റിയൽ ഫെർട്ടിലിറ്റി ക്രൈസിസ്’ എന്നപേരിലുള്ള ജനസംഖ്യാ റിപ്പോർട്ട് പ്രകാരം ഏകദേശം 40 വർഷത്തിനുള്ളിൽ ജനസംഖ്യ 170 കോടിയായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. 1950 മുതല്‍ ജനസംഖ്യാ കണക്കെടുക്കുന്ന യുഎന്‍ പട്ടികയില്‍ 2023 ലാണ് ഇന്ത്യ ചൈനയെ മറികടന്നത്. ചൈനയില്‍ ജനസംഖ്യ 141 കോടിയാണ്. അതേസമയം ഇന്ത്യയുടെ ജനസംഖ്യ 170 കോടിവരെ ഉയര്‍ന്ന ശേഷം കുറഞ്ഞ് തുടങ്ങുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2025 ല്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ 26 ശതമാനം യുവാക്കളാണ്. 68 ശതമാനം പേരും തൊഴിലെടുക്കാവുന്ന പ്രായക്കാരാണ്. പ്രായമായവരുടെ (65 വയസും അതിൽ കൂടുതലുമുള്ള) ജനസംഖ്യ നിലവിൽ 7 ശതമാനമാണ്. ആയുർദൈർഘ്യം മെച്ചപ്പെടുന്നതിനനുസരിച്ച് വരും ദശകങ്ങളിൽ ഇത് കൂടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ആയുര്‍ദൈര്‍ഘ്യം പുരുഷൻമാര്‍ക്ക് 71ഉം സ്ത്രീകൾക്ക് 74 ഉം ആയി വര്‍ധിക്കുമെന്നും യുഎൻ റിപ്പോര്‍ട്ടിൽ പറയുന്നു.

2011 ന് ശേഷം സെന്‍സസ് നടത്തിയിട്ടില്ലാത്തതിനാല്‍ ഇന്ത്യയിലെ ജനസംഖ്യയെ സംബന്ധിച്ച് സര്‍ക്കാര്‍ കണക്കുകള്‍ ലഭ്യമല്ല. 2021ലായിരുന്നു സെൻസസ് നടത്തേണ്ടിയിരുന്നത്. 2027 മാര്‍ച്ചോടെ സെൻസസ് പൂര്‍ത്തിയാകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം ജനസംഖ്യാ കുറവോ കൂടുന്നതോ അല്ല ജനന നിരക്ക് കുറയുന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ചര്‍ച്ചാ വിഷയം. പ്രത്യുത്‌പാദനത്തെക്കുറിച്ച് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാൻ ദമ്പതിമാർക്ക് സാധിക്കുന്നില്ലെന്നും അതു പരിഹരിക്കപ്പെടേണ്ട പ്രതിസന്ധിയാണെന്നും ചൂണ്ടിക്കാണിക്കുന്നു.

ശരാശരി ഒരു സ്ത്രീക്ക് 2.1 ജന്മം നൽകലാകാമെന്ന കണക്കിൽനിന്ന് പ്രത്യുത്‌പാദനനിരക്ക് 1.9 ആയി കുറഞ്ഞു. ഇപ്പോഴുള്ള ജനസംഖ്യാനിരക്കിനെ നിലനിർത്താൻ 2.1 ആയിരിക്കണം പ്രത്യുത്‌പാദനനിരക്ക്. അതായത്, നിരക്ക് 1.9 ആയി കുറയുമ്പോൾ കണക്കുകൾ പ്രകാരം വേണ്ടത്ര കുട്ടികൾ ജനിക്കുന്നില്ല.

വിദ്യാഭ്യാസത്തിലൂടെ അവബോധവും ആരോഗ്യ രംഗത്തെ മെച്ചപ്പെടലും ഉണ്ടായിട്ടുണ്ടെങ്കിലും എത്ര കുട്ടികള്‍ വേണമെന്നോ എപ്പോള്‍ കുട്ടികള്‍ വേണമെന്നോ തീരുമാനിക്കാന്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്കായിട്ടില്ല. ഓരോ സ്ത്രീയും ശരാശരി ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്ന അറുപതുകളിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ശരാശരി രണ്ട് കുട്ടികളാണ് ഇന്ത്യന്‍ സ്ത്രീകൾക്കുള്ളത്. 2021 ൽ നടത്താനിരുന്ന സെൻസസ് വൈകിയിരുന്നു. 2027 മാർച്ചോടെ ഇത് പൂർത്തിയാകുമെന്ന് കേന്ദ്രം ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പുരോഗതി രാജ്യത്തെ പ്രത്യുല്‍പാദന നിരക്ക് ആരോഗ്യകരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് യുഎന്‍എഫ്പിഎ ഇന്ത്യ പ്രതിനിധി ആന്‍ഡ്രിയ എം. വോഴ്നര്‍ വ്യക്തമാക്കി.ഇപ്പോഴുള്ള ജനസംഖ്യാ നിരക്കിനെ നിലനിര്‍ത്താന്‍ 2.1 ആയിരിക്കണം പ്രത്യുല്‍പാദന നിരക്കെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

TAGS :

Next Story