Quantcast

ഏഴരക്കോടിയുടെ കരാറൊപ്പിട്ടു; ദൂരദർശനും ആകാശവാണിയും ഇനി പൂർണമായും നൽകുക ആർ.എസ്.എസ് ഏജൻസി വാർത്തകൾ

രണ്ട് വർഷത്തെ സബ്‌സ്‌ക്രിപ്ഷന് ഏകദേശം 7.7 കോടി രൂപ പ്രസാർ ഭാരതി ഹിന്ദുസ്ഥാൻ സമാചാറിന് നൽകുമെന്നാണ് കരാർ

MediaOne Logo

Web Desk

  • Updated:

    2023-02-25 17:18:32.0

Published:

25 Feb 2023 3:13 PM GMT

Prasar Bharti , Hindustan Samachar
X

Prasar Bharti , Hindustan Samachar

ന്യൂഡൽഹി: ഇന്ത്യയിലെ പൊതു ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതി ദൈനംദിന വാർത്തകൾക്കായി ഇനി പൂർണമായും ആശ്രയിക്കുക രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പിന്തുണയുള്ള വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറിനെ. ദൂരദർശനും ആകാശവാണിയും നടക്കുന്നത് പ്രസാർ ഭാരതിയുടെ കീഴിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഫഷണൽ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള (പിടിഐ) സബ്സ്‌ക്രിപ്ഷൻ 2020ൽ പ്രസാർ ഭാരതി റദ്ദാക്കിയിരുന്നു. ഇതിന് ശേഷം ഹിന്ദുസ്ഥാൻ സമാചാറുമായി പ്രത്യേക കരാർ ഒപ്പിട്ടതായി ദി വയറാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2017 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഹിന്ദുസ്ഥാൻ സമാചാർ പ്രസാർ ഭാരതിക്ക് വാർത്തകൾ സൗജന്യമായി നൽകുന്നുണ്ട്. പിന്നീട് 2023 ഫെബ്രുവരി 9-ന് ഇരു കക്ഷികളും ഔപചാരിക കരാറിൽ ഏർപ്പെടുകയായിരുന്നു. 2025 മാർച്ചിൽ അവസാനിക്കുന്ന രണ്ട് വർഷത്തെ സബ്‌സ്‌ക്രിപ്ഷന് ഏകദേശം 7.7 കോടി രൂപ പ്രസാർ ഭാരതി ഹിന്ദുസ്ഥാൻ സമാചാറിന് നൽകുമെന്നാണ് കരാറിൽ പറയുന്നത്. കുറഞ്ഞത് 10 ദേശീയ വാർത്തകളും പ്രാദേശിക ഭാഷകളിലുള്ള 40 പ്രാദേശിക വാർത്തകളും ഉൾപ്പെടെ ദിവസവും 100 വാർത്തകൾ ഹിന്ദുസ്ഥാൻ സമാചാർ നൽകും.

കുറച്ച് വർഷങ്ങളായി വാർത്താ ഏജൻസികളായ പിടിഐ, യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎൻഐ) എന്നിവയുമായി നരേന്ദ്ര മോദി സർക്കാരിന് അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. അന്യായ സബ്സ്‌ക്രിപ്ഷൻ ഫീസ് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2017 ൽ പരമ്പരാഗത വാർത്താ ഏജൻസികളുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ പബ്ലിക് ബ്രോഡ്കാസ്റ്ററിന് നിർദ്ദേശം നൽകിയതായാണ് പ്രസാർ ഭാരതിയിലെ വൃത്തങ്ങൾ പറയുന്നത്. രണ്ട് ഏജൻസികൾക്കും പ്രതിവർഷം 15.75 കോടി രൂപ നൽകുന്നുണ്ടെന്നും ഇതിൽ 9 കോടിയോളം PTI യുടെ ഫീസാണെന്നും ദി വയർ 2017ൽ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ സബ്‌സ്‌ക്രിപ്ഷൻ ഫീസിനപ്പുറം പിടിഐയും യുഎൻഐയും ചില പ്രതികൂല വാർത്താ ഫീഡുകൾ മാത്രമേ നൽകിയിട്ടുള്ളൂവെന്നും സർക്കാരിനെ അനുകൂലിക്കുന്ന ഒരു വാർത്താ ഏജൻസി വേണമെന്ന് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നതായുമാണ് വിവരം പങ്കുവെച്ചവർ ദി വയറിനോട് പറഞ്ഞത്. അതിനിടെ, പിടിഐയെയും യുഎൻഐയെയും നീക്കം ചെയ്യാനും ഹിന്ദുസ്ഥാൻ സമാചാറിനെ പ്രക്ഷേപണത്തിന്റെ പ്രാഥമിക വാർത്താ ഏജൻസിയായി ഉൾപ്പെടുത്താനും നരേന്ദ്ര മോദി സർക്കാരിന്റെ സമ്മർദ്ദം പ്രസാർ ഭാരതിയിലുണ്ടെന്ന് മുൻ കേന്ദ്ര വാർത്താവിതരണ മന്ത്രിയും കോൺഗ്രസ് നേതാവുമായ മനീഷ് തിവാരി ട്വീറ്റ് ചെയ്തിരുന്നു.

പിടിഐയുടെ എഡിറ്റർ-ഇൻ-ചീഫായിരുന്ന എം.കെ. റസ്ദാൻ പടിയിറങ്ങിയ ശേഷം തങ്ങളുടെ നോമിനിയെ തിരഞ്ഞെടുക്കാൻ മോദി സർക്കാർ പിടിഐ ബോർഡിൽ സമ്മർദം ചെലുത്തിയതായി 2016 ൽ ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ ശ്രമങ്ങളെ അവഗണിച്ച് ബോർഡ് മുതിർന്ന പത്രപ്രവർത്തകൻ വിജയ് ജോഷിയെ പിടിഐയുടെ എഡിറ്റോറിയൽ തലവനായി നിയമിച്ചു. 2017-ൽ, സെൻട്രൽ ഡൽഹിയിലെ പിടിഐ കെട്ടിടത്തിൽ നിന്ന് മാറാൻ നിർബന്ധിതരായതിനെത്തുടർന്ന് പിടിഐയും പ്രസാർ ഭാരതിയും നല്ല ബന്ധത്തിലായിരുന്നില്ലെന്ന് മുൻ ഐ ആൻഡ് ബി സെക്രട്ടറി അറിയിച്ചതായും ദി വയർ റിപ്പോർട്ട് ചെയ്തു.

'പുതിയ പ്ലാൻ കുറച്ച് കാലമായുണ്ട്. ന്യൂഡൽഹിയിലെ പിടിഐ കെട്ടിടത്തിലാണ് പ്രസാർ ഭാരതി പ്രവർത്തിച്ചിരുന്നത്. പിടിഐ അവരുടെ സ്ഥലത്തിന് അമിത വാടക ഈടാക്കുക മാത്രമല്ല, വളരെ ഉയർന്ന സബ്സ്‌ക്രിപ്ഷൻ നിരക്കുകളും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് കെട്ടിടം ഒഴിയാൻ പ്രസാർ ഭാരതി നിർബന്ധിതരായി. പിടിഐയെയും യുഎൻഐയെയും നീക്കം ചെയ്യാനും അവരുടെ ഏതെങ്കിലും ഏജൻസിയെ കൊണ്ടുവരാനുമുള്ള അവസരമായി സർക്കാർ ഇതിനെ കണ്ടേക്കാം,'' മുൻ സെക്രട്ടറി പറഞ്ഞു.

2014 മുതൽ, പിടിഐയുടെ സ്വതന്ത്ര വാർത്താ കവറേജിൽ മോദി സർക്കാരിന് പ്രശ്നങ്ങളുണ്ട്. ലഡാക്ക് സംഘർഷത്തെക്കുറിച്ചുള്ള പിടിഐയുടെ വാർത്തകൾ ദേശീയ താൽപ്പര്യത്തിന് ഹാനികരമാണെന്നും ഇന്ത്യയുടെ അഖണ്ഡതക്ക് തുരങ്കം വയ്ക്കുന്നതാണെന്നും 2020-ൽ മുതിർന്ന പ്രസാർ ഭാരതി ഉദ്യോഗസ്ഥനായ സമീർ കുമാർ പിടിഐയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർക്ക് കത്തെഴുതിയിരുന്നു. പൊതുതാത്പര്യത്തിന് ഹാനികരമായ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെ പ്രസാർ ഭാരതി ഇടയ്ക്കിടെ മുന്നറിയിപ്പ് നൽകിയിരുന്നതായും കത്തിൽ പരാമർശമുണ്ടായിരുന്നു. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയുമായും ചൈനയിലെ ഇന്ത്യൻ അംബാസഡറുമായും പിടിഐ നടത്തിയ അഭിമുഖങ്ങളും സർക്കാരിനെ ചൊടിപ്പിച്ചിരുന്നു.

റിപ്പോർട്ടർമാരുടെയും ഫോട്ടോഗ്രാഫർമാരുടെയും ഏറ്റവും വലിയ ശൃംഖലയുള്ള പിടിഐയെ ഒഴിവാക്കി അധികം അറിയപ്പെടാത്ത ഹിന്ദുസ്ഥാൻ സമാചാറുമായി ബന്ധം സ്ഥാപിക്കുന്നത് കാവി വാർത്താ ശൃംഖല നിർമിക്കാനാണെന്നാണ് വിമർശിക്കപ്പെടുന്നത്. ഹിന്ദുസ്ഥാൻ സമാചാർ എന്ന ബഹുഭാഷാ വാർത്താ ഏജൻസി 1948 ലാണ് സ്ഥാപിക്കപ്പെട്ടത്. മുതിർന്ന ആർഎസ്എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്തിന്റെ സഹസ്ഥാപകനുമായ ശിവറാം ശങ്കർ ആപ്തേയും ആർഎസ്എസ് സൈദ്ധാന്തികനുമായ എം.എസ്. ഗോൾവാൾക്കറുമായിരുന്നു സ്ഥാപകർ. മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ, ഹിന്ദുസ്ഥാൻ സമാചാർ സർക്കാർ പരസ്യങ്ങളുടെ സ്ഥിരം ഗുണഭോക്താവാണ്. ആർഎസ്എസിന്റെ ഡൽഹി ഓഫീസിന് സമീപമുള്ള ഝന്ദേവാലനിലുള്ള അവരുടെ ചെറിയ ഓഫീസ് നോയിഡയിലെ വലിയ ഓഫീസിലേക്ക് മാറ്റാൻ പദ്ധതിയുണ്ടെന്ന് റിപ്പോർട്ടുണ്ട്.

'ദേശീയവാദ' വീക്ഷണകോണിൽ നിന്ന് വാർത്തകൾ അവതരിപ്പിക്കുകയെന്നത് പ്രഖ്യാപിത ദൗത്യമായി സ്വീകരിച്ചവരാണ് ഹിന്ദുസ്ഥാൻ സമാചാർ. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 1986-ൽ ഏജൻസി പൂട്ടിയിരുന്നു. എന്നാൽ എ.ബി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന 2002ൽ ആർഎസ്എസ് അവയെ പുനരുജ്ജീവിപ്പിച്ചു.

India's public broadcaster Prasar Bharti now relies entirely on Rashtriya Swayamsevak Sangh-backed news agency Hindustan Samachar for its daily news.

TAGS :

Next Story