Quantcast

‘ഇന്ദിരാഗാന്ധിക്ക് 60 ലക്ഷം വേണം’; എസ്‌ബി‌ഐ ഹെഡ് കാഷ്യർക്ക് ലഭിച്ച രഹസ്യ കോളിന്റെ ചരിത്രം

സംഭവം നടന്ന് 50 വർഷങ്ങൾക്കിപ്പുറവും ഒരു ചുരുളഴിയാ കേസായി തുടരുകയാണ് നാഗർവാല കേസ്

MediaOne Logo

Web Desk

  • Updated:

    2025-10-26 11:42:40.0

Published:

26 Oct 2025 5:09 PM IST

‘ഇന്ദിരാഗാന്ധിക്ക് 60 ലക്ഷം വേണം’; എസ്‌ബി‌ഐ ഹെഡ് കാഷ്യർക്ക് ലഭിച്ച രഹസ്യ കോളിന്റെ ചരിത്രം
X

ന്യൂഡൽഹി: ഒരു സാധാരണ ബാങ്ക് ദിവസം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് കാഷ്യർ വേദ് പ്രകാശ് മൽഹോത്രയുടെ ഫോണിൽ ഒരു സ്ത്രീയുടെ ശബ്ദം. 'ഞാൻ ഇന്ദിരാഗാന്ധി. 60 ലക്ഷം രൂപ ഉടൻ വേണം.' പണം പിൻവലിച്ച് കൊറിയർക്ക് നൽകാനും ഫോണിലൂടെ നിർദേശം. 50 വർഷങ്ങൾക്കിപ്പുറവും ഒരു ചുരുളഴിയാ കേസായി തുടരുന്ന നാഗർവാല കേസിന്റെ തുടക്കമായിരുന്നു അത്.

ഇന്ത്യയിലെ ഏറ്റവും വിചിത്രമായ സാമ്പത്തിക അഴിമതികളിൽ ഒന്നിന്റെ തുടക്കം കുറിച്ചുകൊണ്ട് ഫോൺ കാൾ വന്ന് മണിക്കൂറുകൾക്കുള്ളിൽ പണം പാക്ക് ചെയ്ത് കൊടുത്തുവിട്ടു. മുൻ സൈനിക ഉദ്യോഗസ്ഥനായ റുസ്തം സൊഹ്‌റാബ് നാഗർവാലയായിരുന്നു ഈ തട്ടിപ്പിന് പിന്നിൽ. അന്നു രാത്രി തന്നെ നഗർവാലയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ പ്രധാനമന്ത്രിയായി വിളിച്ചത് താൻ ആണെന്ന് സമ്മതിക്കുകയും ചെയ്തു.

എന്നാൽ ആ കുറ്റസമ്മതം ദുരൂഹത വർധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിനെ ഇത്രയും വലിയ തുക കൈമാറാൻ ഒരു മനുഷ്യന് എങ്ങനെ കബളിപ്പിക്കാൻ കഴിഞ്ഞു? കാഷ്യറായ വേദ് പ്രകാശ് മൽഹോത്ര വിളിച്ചയാളുടെ ഐഡന്റിറ്റി എന്തുകൊണ്ട് പരിശോധിച്ചില്ല? നാഗർവാലക്ക് ഇന്ദിരാഗാന്ധിയുടെ ശബ്ദം ഇത്ര ബോധ്യപ്പെടുത്തുന്ന രീതിയിൽ അനുകരിക്കാൻ എങ്ങനെ സാധിച്ചു? തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു

തുടർന്ന് സർക്കാർ വിചാരണ വേഗത്തിലാക്കുകയും 20 ദിവസത്തിനുള്ളിൽ നാഗർവാലയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി നാല് വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാൽ അപ്പീൽ സമർപ്പിക്കുന്നതിനോ സമഗ്രമായ അന്വേഷണം ആരംഭിക്കുന്നതിനോ മുമ്പ് ഒരു വർഷത്തിനുള്ളിൽ നഗർവാല കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഔദ്യോഗിക കാരണം ഹൃദയാഘാതമായിരുന്നെങ്കിലും വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള സാധ്യതയും സംശയിക്കപ്പെടുന്നു. നഗർവാലയുടെ മരണത്തിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.കെ. കശ്യപും ഒരു അപകടത്തിൽ മരണപ്പെട്ടതോടെ കേസിന്റെ ദുരൂഹത കൂടുതൽ വർധിച്ചു.

1986ൽ ഇന്ത്യൻ പത്രമായ 'ദി സ്റ്റേറ്റ്സ്മാൻ' പ്രസിദ്ധീകരിച്ച റുസ്തം സൊഹ്‌റാബ് നാഗർവാലയുടെ കത്തുകളിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായുള്ള വ്യക്തിപരമായ ബന്ധം സൂചിപ്പിച്ചിരുന്നു. എന്നാൽ നഗർവാലയെ തനിക്ക് ഓർമയില്ല എന്നാണ് ഇന്ദിരയുടെ മറുപടി. കുറ്റകൃത്യത്തിന് പിന്നിലെ സത്യം വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും നാഗർവാല കത്തിൽ അവകാശപ്പെട്ടിരുന്നു.

2024ൽ ഇറങ്ങിയ മുതിർന്ന പത്രപ്രവർത്തകൻ റഷീദ് കിദ്‌വായിയും വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പ്രകാശ് പത്രയും ചേർന്ന് രചിച്ച 'ദി സ്‌കാം ദാറ്റ് ഷൂക്ക് എ നേഷൻ' എന്ന പുസ്തകത്തിലൂടെ കേസ് വീണ്ടും ചർച്ചയായി. 60 ലക്ഷം രൂപ ബംഗ്ലാദേശ് വിമോചന യുദ്ധവുമായി ബന്ധപ്പെട്ട ഒരു രഹസ്യ ഇന്റലിജൻസ് ഫണ്ടിന്റെ ഭാഗമാകാമാണെന്ന് പുസ്തകത്തിൽ അഭിപ്രായപ്പെടുന്നു. നാഗർവാല ഒരു ബലിയാടായിരുന്നുവെന്നും അദേഹം ഉന്നത വൃത്തങ്ങളുമായി ബന്ധമുള്ള ഒരു ഒത്തുകളിക്കാരനായിരുന്നു എന്നുമുള്ള കിംവദന്തികളും നിലവിലുണ്ട്.

TAGS :

Next Story