മധ്യപ്രദേശിൽ ഹണിമൂണിനിടെ കാണാതായ ദമ്പതികളിൽ ഭര്‍ത്താവിന്‍റെ മൃതദേഹം കൊക്കയിൽ നിന്നും കണ്ടെത്തി; ഭാര്യയെ കണ്ടെത്താനായില്ല
ഭാര്യ സോനം രഘുവംശി (27)യെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിലെ ഹണിമൂണിനിടെ കാണാതായ ദമ്പതികളിൽ ഭര്‍ത്താവിന്‍റെ മൃതദേഹം എട്ട് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. തിങ്കളാഴ്ച ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സൊഹ്‌റ പ്രദേശത്തെ ഒരു വെള്ളച്ചാട്ടത്തിനടുത്തുള്ള ആഴത്തിലുള്ള മലയിടുക്കിൽ നിന്നാണ് പാതി അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മരിച്ചത് രാജ രഘുവംശി(30) എന്ന യുവാവാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യ സോനം രഘുവംശി (27)യെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
മേയ് 23നാണ് ദമ്പതികൾ ഹണിമൂൺ ആഘോഷിക്കാൻ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള നോൻഗ്രിയാറ്റ് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ എത്തിയത്. ഇവിടെ നിന്നും ഇറങ്ങിയ ഉടനെ കാണാതാവുകയായിരുന്നു. കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം നടത്തുന്നുണ്ടെന്നും ഈസ്റ്റ് ഖാസി ഹിൽസ് പൊലീസ് സൂപ്രണ്ട് വിവേക് സീയം പറഞ്ഞു. സംശയാസ്പദമായ സാഹചര്യങ്ങൾക്കുള്ള തെളിവുകൾ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരഭിമാനക്കൊല ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും വിവേക് വ്യക്തമാക്കി.
സ്ത്രീകൾ ഉപയോഗിക്കുന്ന വെള്ള ഷർട്ട്, തകർന്ന മൊബൈൽ ഫോൺ സ്‌ക്രീൻ, അസിഡിറ്റിക്ക് ഉപയോഗിക്കുന്ന പെൻട്ര 40 മരുന്നിന്‍റെ ഒരു സ്ട്രിപ്പ് എന്നിവയുൾപ്പെടെ സംഭവസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകൾ അക്രമമോ തട്ടിക്കൊണ്ടുപോകലോ ആയിരിക്കാമെന്ന് സൂചിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു.മൃതദേഹം കണ്ടെത്തുമ്പോൾ രാജയുടെ സ്മാർട്ട് വാച്ച് കയ്യിലുണ്ടായിരുന്നു. റിയാറ്റ് അർലിയാങ്ങിലെ വീസാവോങ് വെള്ളച്ചാട്ട പാർക്കിംഗ് ഏരിയയ്ക്ക് താഴെയുള്ള ആഴത്തിലുള്ള ഒരു മലയിടുക്കിന്‍റെ അടിയിൽ നിന്നാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്. യുവാവിന്‍റെ വലതു കയ്യിൽ രാജ എന്നെഴുതിയ ഒരു ടാറ്റൂവാണ് ബന്ധുക്കളെ മൃതദേഹം കണ്ടെത്താൻ സഹായിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിലേക്ക് അയച്ചിട്ടുണ്ട്.
ബിസിനസുകാരനാണ് രാജ. ദമ്പതികൾ സൊഹ്‌റയിലെ (ചിറാപുഞ്ചി) കുന്നുകളിലേക്ക് പോയിരുന്നു. മേയ് 22 ന് വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിൽ അവർ മൗലഖിയത്ത് ഗ്രാമത്തിൽ എത്തി.തുടര്‍ന്ന് നോൻഗ്രിയാറ്റ് ഗ്രാമത്തിലെ പ്രശസ്തമായ ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ കാണാൻ പോവുകയും രാത്രി അവിടെ തങ്ങുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഹോം സ്റ്റേയിൽ നിന്നിറങ്ങിയതിന് ശേഷമാണ് ഇരുവരും അപ്രത്യക്ഷരാകുന്നത്. മേയ് 24 ന്, ഷില്ലോങ്ങിനും സൊഹ്‌റയ്ക്കും ഇടയിലുള്ള റോഡിലെ ഒരു കഫേയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തിയിരുന്നു. പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഗ്രാമീണരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ദമ്പതികളെ കണ്ടെത്താനായില്ല. പ്രാദേശിക ഹോട്ടൽ ജീവനക്കാർ, ടൂറിസ്റ്റ് ഗൈഡുകൾ, സ്കൂട്ടർ വാടകയ്ക്ക് നൽകുന്ന ഓപ്പറേറ്റർമാർ എന്നിവർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് രാജയുടെ സഹോദരൻ സച്ചിൻ രഘുവംശി ആരോപിച്ചു. കേസെടുക്കാൻ വൈകിയതിന് മേഘാലയ പൊലീസിനെയും കുടുംബം വിമര്‍ശിച്ചു.
Adjust Story Font
16

