Quantcast

'പാലില്‍ വെള്ളം ചേര്‍ത്ത് കൊടുത്തതാ...പിന്നെ അവൻ കണ്ണ് തുറന്നിട്ടില്ല'; ഇൻഡോർ മലിനജല ദുരന്തത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി എട്ട് തവണ തുടര്‍ച്ചയായി നിലനിര്‍ത്തിയ പ്രദേശമാണ് ഇന്‍ഡോര്‍.

MediaOne Logo
പാലില്‍ വെള്ളം ചേര്‍ത്ത് കൊടുത്തതാ...പിന്നെ അവൻ കണ്ണ് തുറന്നിട്ടില്ല; ഇൻഡോർ മലിനജല ദുരന്തത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
X

ഭോപാല്‍: മലിനജല പ്രതിസന്ധി തുടരുന്ന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പുതുവര്‍ഷത്തില്‍ അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞും മരിച്ചതായി റിപ്പോര്‍ട്ട്. കുഞ്ഞിന്റെ മരണത്തോടെ മലിനജല ദുരന്തത്തില്‍ മരണസംഖ്യ 14ആയി. 1400ലധികം പ്രദേശവാസികളെ പ്രതിസന്ധി ഗുരുതരമായി ബാധിച്ചുവെന്നാണ് പ്രാഥമിക വിവരങ്ങള്‍. സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി എട്ട് തവണ തുടര്‍ച്ചയായി നിലനിര്‍ത്തിയ പ്രദേശമാണ് ഇന്‍ഡോര്‍.

ഇന്‍ഡോറിലെ ഭഗീരത്പുരയിലാണ് അഞ്ച് മാസം പ്രായമായ അവ്യാന്‍ എന്ന കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. പ്രസവത്തിന് പിന്നാലെ മാതാവ് കിടപ്പിലായതിനാല്‍ കുഞ്ഞിനെ മുലയൂട്ടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന്, ഡോക്ടറുടെ നിര്‍ദേശപ്രകാരം പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്ത് കുട്ടിക്ക് കൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഭഗീരത്പുരയിലെ നിരവധി പേര്‍ മലിനജലം കുടിച്ച് മരണപ്പെട്ടിട്ടുണ്ട്.

'പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദൈവം ഞങ്ങള്‍ക്ക് കുട്ടിയെ നല്‍കി സന്തോഷിപ്പിച്ചത്. എന്നിട്ടോ..അധികം വൈകാതെ അവനെ കൊണ്ടുപോകുകയും ചെയ്തു'. കുഞ്ഞിന്റെ അമ്മ വിതുമ്പി.

കുഞ്ഞിന് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്നും രണ്ട് ദിവസം മുന്‍പ് ചെറിയ പനി വന്നിരുന്നതായും കുടുംബം പറഞ്ഞു. പതിയെ ഡയേറിയ ബാധിക്കുകയായിരുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ മരുന്നുകള്‍ കുറിച്ചുനല്‍കി. പക്ഷേ, അസുഖം മൂര്‍ഛിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെ ഗുരുതരാവസ്ഥയിലാവുകയും ഹോസ്പിറ്റിലേക്ക് വീണ്ടും കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് മരണപ്പെടുകയുമായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

മലിനജലം കുടിച്ചതിനെ തുടര്‍ന്ന് 149 പേര്‍ക്ക് അസുഖം ബാധിച്ചതായി മധ്യപ്രദേശ് ആരോഗ്യവകുപ്പ് അറിയിച്ചു. ചോര്‍ച്ച കാരണം ഡ്രെയിനേജ് വെള്ളം കുടിവെള്ള പൈപ്പ് ലൈനിലേക്ക് കലര്‍ന്നതാണ് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

മലിനജല ചോര്‍ച്ച ഇത്തരത്തിലുള്ള ഗുരുതരമായ സംഭവങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കൈലാഷ് വിജയവര്‍ഗിയ പ്രഖ്യാപിച്ചു.

TAGS :

Next Story