Quantcast

'ബാധയൊഴിപ്പിക്കാൻ' ആറ് മാസമായ കുഞ്ഞിനെ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിത്തൂക്കി ദുർമന്ത്രവാദി; കാഴ്ച നഷ്ടമായി

മകനെ ചില അദൃശ്യശക്തികൾ വേട്ടയാടുന്നുണ്ടെന്നും ഒരു 'ഭൂതോച്ചാടന' ചടങ്ങ് ആവശ്യമാണെന്നും ഇയാൾ മാതാപിതാക്കളോട് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    15 March 2025 5:31 PM IST

Infants Eyes Damaged After He Was Hanged Upside Down Over Fire
X

ഭോപ്പാൽ: മധ്യപ്രദേശിൽ ആറ് മാസം പ്രായമായ കുഞ്ഞിനോട് ദുർമന്ത്രവാദിയുടെ ക്രൂരത. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെ തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടു. ദുർമന്ത്രവാദത്തിനു പിന്നാലെ കുട്ടിയുടെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കോലറാസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം.

അനാചാരം കുഞ്ഞിന്റെ കണ്ണുകൾക്ക് സാരമായ കേടുപാടുണ്ടാക്കിയെന്നും കാഴ്ചശക്തി തിരിച്ചുകിട്ടുമോയെന്ന് പറയാൻ പ്രയാസമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുഞ്ഞിന് എന്തൊക്കെയോ അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് മാതാപിതാക്കൾ ദുർമന്ത്രവാദിയായ രഘുവീർ ധാക്കഡിനെ സമീപിക്കുകയായിരുന്നു. മകനെ ചില അദൃശ്യശക്തികൾ വേട്ടയാടുന്നുണ്ടെന്നും ഒരു 'ഭൂതോച്ചാടന' ചടങ്ങ് ആവശ്യമാണെന്നും ഇയാൾ മാതാപിതാക്കളോട് പറഞ്ഞു.

ഇതിന്റെ ഭാ​ഗമായി കുഞ്ഞിനെ തലകീഴായി തീയ്ക്ക് മുകളിൽ കെട്ടിത്തൂക്കി. വേദനയും പൊള്ളലും സഹിക്കാനാവാതെ കുഞ്ഞ് നിലവിളിച്ചെങ്കിലും അവന് സുഖം കിട്ടുമെന്ന് വിശ്വസിച്ച് മാതാപിതാക്കൾ ഇത് കാര്യമാക്കിയില്ല. തുടർന്ന് കുഞ്ഞിന് പൊള്ളലേറ്റതോടെ മാതാപിതാക്കൾ ശിവപുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ദുർമന്ത്രവാദ ക്രൂരത പുറത്തറിയുന്നത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കാഴ്ച നഷ്ടമായ വിവരം അറിഞ്ഞത്. കുട്ടി ചികിത്സയിൽ തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് അമൻ സിങ് റാത്തോഡ് പറ‍‍ഞ്ഞു.

സംഭവത്തിന്റെ ​ഗൗരവം കണക്കിലെടുത്ത് ​ഗ്രാമനിവാസിയായ ജാൻവേദ് പരിഹാർ നൽകിയ പരാതിയിൽ ധാക്കഡിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എസ്പി പറഞ്ഞു. ധാക്കഡിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോ​ഗമിക്കുകയാണ്. കുഞ്ഞിന്റെ കണ്ണിന് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ടെന്നും ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശിവപുരി ജില്ലാ ആശുപത്രി ഒഫ്ത്താൽമോളജിസ്റ്റ് ഡോ. ​ഗിരീഷ് ചതുർവേദി പറഞ്ഞു. '72 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാനാവൂ. കണ്ണിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്'- അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story