Quantcast

മുസ്‍ലിം വിൽപനക്കാരനിൽ നിന്നും ഗണേശ വിഗ്രഹം വാങ്ങുന്നതിന്‍റെ വീഡിയോ പങ്കുവച്ചു; വിമര്‍ശനത്തെ തുടര്‍ന്ന് നീക്കം ചെയ്ത് യുട്യൂബര്‍

ഹാസ്യാത്മകമായ വീഡിയോകൾ നിര്‍മിക്കുന്ന യുട്യൂബറാണ് അഥര്‍വ

MediaOne Logo

Web Desk

  • Published:

    26 Aug 2025 1:10 PM IST

മുസ്‍ലിം വിൽപനക്കാരനിൽ നിന്നും ഗണേശ വിഗ്രഹം വാങ്ങുന്നതിന്‍റെ വീഡിയോ പങ്കുവച്ചു; വിമര്‍ശനത്തെ തുടര്‍ന്ന് നീക്കം ചെയ്ത് യുട്യൂബര്‍
X

പൂനെ: സാമുദായിക ഐക്യത്തിന്‍റെ സന്ദേശം കാണിക്കാനായി മുസ്‍ലിം വിൽപനക്കാരനിൽ നിന്നും ഗണേശ വിഗ്രഹം വാങ്ങുന്നതിന്‍റെ വീഡിയോ പങ്കുവച്ച സോഷ്യൽമീഡിയ ഇൻഫ്ലുവൻസര്‍ക്ക് വിമര്‍ശനം. യുട്യൂബറായ അഥർവ സുദാമേയാണ് വീഡിയോ പങ്കുവച്ചത്. വിവാദമായതോടെ മനഃപൂര്‍വമല്ലെങ്കിലും ആളുകളുടെ വികാരം വ്രണപ്പെടുത്തിയതിയൽ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ് അഥര്‍വ വീഡിയോ നീക്കം ചെയ്യുകയായിരുന്നു.

ഹാസ്യാത്മകമായ വീഡിയോകൾ നിര്‍മിക്കുന്ന യുട്യൂബറാണ് അഥര്‍വ. പൂനെയിലെ ഗണപതി വിഗ്രഹക്കടയിൽ പോകുന്ന ഒരു റീൽ അദ്ദേഹം ഈയിടെ പോസ്റ്റ് ചെയ്തിരുന്നു. വിഗ്രഹത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ കുടയുടമയുടെ ഇളയ മകൻ അദ്ദേഹത്തെ അബു എന്ന് വിളിക്കുന്നുണ്ട്. താൻ മുസ്‍ലിമാണെന്ന് അറിഞ്ഞാൽ അഥര്‍വ വിഗ്രഹം വാങ്ങാൻ വിസമ്മതിച്ചേക്കുമെന്ന് സംശയിച്ച കടയുടമ യുട്യൂബറോട് മറ്റൊരു കടയിൽ നിന്ന് വാങ്ങാമെന്ന് പറയുന്നു. എന്നാൽ കച്ചവടക്കാരനിൽ നിന്നും വിഗ്രഹം വാങ്ങിയാൽ എന്താണ് പ്രശ്നമെന്ന് അഥര്‍വ ചോദിക്കുന്നുമുണ്ട്. നല്ല ഉദ്ദേശ്യത്തോടെ നിര്‍മിച്ച വിഗ്രഹം സാമുദായിക സ്നേഹത്തിന്‍റെ സന്ദേശമാണ് പകരുന്നതെന്നും അഥര്‍വ പറഞ്ഞു.

റീൽ സോഷ്യൽമീഡിയയിൽ പങ്കുവച്ചതോടെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. കൃത്യമായ മതേതര അജണ്ട എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. "ഗണേശോത്സവത്തിന്‍റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനെക്കുറിച്ചുള്ള ഈ വീഡിയോ പോസ്റ്റ് ചെയ്തത് ഈ വിഡ്ഢി ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ #atharvasudame ആണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അത് നീക്കം ചെയ്തു. എന്തുകൊണ്ടാണെന്ന് അത്ഭുതപ്പെടുന്നു?" ഒരു ഉപഭോക്താവ് ചൂണ്ടിക്കാട്ടി. "ഗണേശോത്സവ വേളയിലും ഇതേ സെലക്ടീവ് മതേതരത്വം കാണിക്കുമ്പോൾ, നിങ്ങളുടെ വ്യാജ പുരോഗമനവാദവും വ്യാജ മതേതരത്വവും തീർച്ചയായും തകർക്കപ്പെടും" എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. സുദാമെ പൂനെയെ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മറ്റൊരു നെറ്റിസൺ പറഞ്ഞു.

ട്രോളുകൾ വ്യാപകമായതോടെ സുഡാമെ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്യുകയായിരുന്നു. "ഞാൻ വീഡിയോ ഡിലീറ്റ് ചെയ്തു. നിരവധി ആളുകൾ അവരുടെ അതൃപ്തി പ്രകടിപ്പിച്ചു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുക എന്നതായിരുന്നില്ല എന്‍റെ ഉദ്ദേശ്യം.ഹിന്ദു ഉത്സവങ്ങളെയും സംസ്കാരത്തെയും അടിസ്ഥാനമാക്കി നിരവധി വീഡിയോകൾ ഞാൻ ചെയ്തിട്ടുണ്ട്. ഈ വീഡിയോക്ക് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ല. എന്നിരുന്നാലും ആർക്കെങ്കിലും വേദന തോന്നിയെങ്കിൽ, ഞാൻ അത് ഇല്ലാതാക്കി, ക്ഷമ ചോദിക്കുന്നു” സുദാമെ പറഞ്ഞു.

അതേസമയം സുദാമെയുടെ വീഡിയോക്ക് പിന്തുണയുമായി എൻസിപി (എസ്പി) നേതാവ് രോഹിത് പവാര്‍ രംഗത്തെത്തി. "സുദാമെ കഴിവുള്ള ഒരു കലാകാരനാണ്, ആ വീഡിയോയിൽ ആക്ഷേപകരമായ ഒന്നും തന്നെയില്ല. വാസ്തവത്തിൽ, അദ്ദേഹം ഹിന്ദു-മുസ്‍ലിം ഐക്യത്തിന്റെ സന്ദേശമാണ് നൽകിയത്, അത് ഹിന്ദു ധർമ്മത്തിനും സംസ്കാരത്തിനും അനുസൃതമാണ്. എന്നാൽ ചില മനുവാദികൾ അദ്ദേഹത്തെ ട്രോൾ ചെയ്യുകയും വീഡിയോ നീക്കം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും വീഡിയോയിലെ തെറ്റ് എന്താണെന്ന് വ്യക്തമാക്കണം . അല്ലെങ്കിൽ അദ്ദേഹത്തെ ലക്ഷ്യം വച്ചവർക്കെതിരെ നടപടിയെടുക്കണം'' പവാര്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story