Quantcast

വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തിൽ പാറ്റ; കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി റെയില്‍വെ

നിരന്തരമുള്ള ക്ഷമാപണമല്ല റെയില്‍വെയുടെ ഭാഗത്ത് നിന്ന് വേണ്ടതെന്നും കൃത്യമായ നടപടിയാണ് ആവശ്യമെന്നും യാത്രക്കാര്‍ പ്രതികരിച്ചു

MediaOne Logo
വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തിൽ പാറ്റ; കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി റെയില്‍വെ
X

മുംബൈ:വന്ദേ ഭാരത് ട്രെയിനിൽ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ കാറ്ററിംഗ് കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ.

അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തിലാണ് പ്രാണിയെ കണ്ടെത്തിയത്. ട്രെയിനിലെ യാത്രക്കാരനും മുംബൈ സ്വദേശിയുമായ ആദിത്യ ദിദ്വാനിയ എന്ന സംരംഭകനാണ് ഈ ദുരനുഭവം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ഈ മാസം ആറിന് നടന്ന യാത്രക്കിടെ വിളമ്പിയ ഭക്ഷണത്തിലാണ് പ്രാണി കണ്ടെത്തിയത്. തന്റെ കോച്ചിൽ മാത്രം ഇത്തരം രണ്ട് കേസുകൾ ശ്രദ്ധയിൽപ്പെട്ടെന്നും അതിനുശേഷം എല്ലാവരും ഭക്ഷണം കഴിക്കുന്നത് നിർത്തിയെന്നും ആദിത്യ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

'അധികാരികളോട് ഒരു അഭ്യർത്ഥന മാത്രം, ദയവായി അവരെ റെയ്ഡ് ചെയ്യുക. എഫ്എസ്എസ്എഐ മാനദണ്ഡങ്ങൾക്കനുസരിച്ചല്ല ഭക്ഷണം തയ്യാറാക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തുമ്പോൾ, അവരുടെ ലൈസൻസ് റദ്ദാക്കണം. ഇത് കൈക്കൂലിയിലൂടെ പരിഹരിക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നു."റെയിൽ‌വേ മന്ത്രി അശ്വിനി വൈഷ്ണവ്, എഫ്‌എസ്‌എസ്‌എ‌ഐ, റെയിൽ‌വേ, ഐ‌ആർ‌സി‌ടി‌സി എന്നിവരെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം എഴുതി:

തനിക്ക് വിളമ്പിയ ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോകളും സഹിതം, വിൽപ്പനക്കാരന്റെ ഐഡി കാർഡിന്റെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തു.

യാത്രക്കാരന്റെ പരാതിയെത്തുടർന്ന് റെയിൽവേ മന്ത്രാലയവും ഐആർസിടിസിയും സംഭവത്തില്‍ അടിയന്തരമായി ഇടപെട്ടു. 'യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു. ഈ വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സേവന ദാതാവിന് 10 ലക്ഷം രൂപ പിഴയും കരാർ അവസാനിപ്പിക്കുന്നതിനുള്ള നോട്ടീസും നൽകുന്നു. അടുക്കള സീൽ ചെയ്തിരിക്കുന്നു. ശുചിത്വവും യാത്രക്കാരുടെ സുരക്ഷയും ഞങ്ങളുടെ ഏറ്റവും വലിയ മുൻഗണനയാണ്.' ഐആർസിടിസി മറുപടി നല്‍കി.

ഇതോടെ സംഭവം വൈറലായി. വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികള്‍ ആദ്യത്തെ സംഭവമല്ലെന്നും സമീപകാലത്ത് ഇതുപോലത്തെ നിരവധി കേസുകള്‍ ഉണ്ടായെന്നും യാത്രക്കാര്‍ പ്രതികരിച്ചു. ഇത് ഗുരുതരമായ പൊതുജനാരോഗ്യപ്രശ്നമാണ്. നിരന്തരമുള്ള ക്ഷമാപണമല്ല റെയില്‍വെയുടെ ഭാഗത്ത് നിന്ന് വേണ്ടതെന്നും കൃത്യമായ നടപടിയാണ് ആവശ്യമെന്നും യാത്രക്കാര്‍ പ്രതികരിച്ചു.

TAGS :

Next Story