Quantcast

മോദി ഫാക്ടർ തന്നെ ആയുധം; ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി തന്ത്രങ്ങൾ ഇങ്ങനെ

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

MediaOne Logo

Web Desk

  • Published:

    27 Sept 2023 7:26 PM IST

Inside Details Of BJPs Strategy For Upcoming State Polls
X

ന്യൂഡൽഹി: ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി സ്ഥാനാർഥികളെ ഉയർത്തിക്കാട്ടാതെ മോദി ഫാക്ടർ ആയുധമാക്കാൻ ബി.ജെ.പി തീരുമാനം. പ്രാദേശിക നേതാക്കൾക്കിടയിലെ അധികാരത്തർക്കം ഒഴിവാക്കി പാർട്ടിയെ ഒരുമിപ്പിച്ച് നിർത്താൻ ഇത് സഹായിക്കുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി ദേശീയ നേതൃത്വം.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിൽ നാല് എം.പിമാരുടെയും മൂന്ന് കേന്ദ്രമന്ത്രിമാരുടെയും ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ അടക്കമുള്ളവരുടെയും പേരുകൾ ഉൾപ്പെടുത്തി ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പേര് ഇതുവരെ എവിടെയും പ്രഖ്യാപിച്ചിട്ടില്ല. ചൗഹാന് സീറ്റ് നിഷേധിച്ചിട്ടില്ലെന്നും എന്നാൽ അടുത്ത മുഖ്യമന്ത്രി അദ്ദേഹമാണെന്ന് പറയാനാവില്ലെന്നും ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.



കേന്ദ്രമന്ത്രിമാരെയും എം.പിമാരെയും ദേശീയ നേതാക്കളെയും രംഗത്തിറക്കി മികച്ച ടീമിനെ തന്നെ തെരഞ്ഞെടുപ്പിൽ ഗോദയിലിറക്കാനാണ് ബി.ജെ.പി തീരുമാനം. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാൻ മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കും. ഇതിലൂടെ പാർട്ടി ഒറ്റക്കെട്ടാണെന്ന വികാരം അണികളിലുണ്ടാക്കാനാവുമെന്നും ദേശീയ നേതൃത്വം വിലയിരുത്തുന്നു.

രാജസ്ഥാനിൽ കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ശെഖാവത്, അർജുൻ രാം മേഘ്‌വാൾ, രാജ്യസഭാ എം.പി ഡോ. കിരോദി ലാൽ മീണ, ലോക്‌സഭാ എം.പിമാരായ ദിയ കുമാർ, രാജ്യവർധൻ സിങ് റാത്തോഡ്, സുഖ്‌വീർ സിങ് ജൗൻപുരിയ തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് സൂചന. മോദി-അമിത് ഷാ സഖ്യത്തിന് അനഭിമതയായ വസുന്ധര രാജെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നാണ് വിവരം. അതേസമയം സംസ്ഥാന ബി.ജെ.പിയിലെ ഏറ്റവും ജനപ്രിയ നേതാവിനെ നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുമെന്നതും പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയാണ്. മറ്റൊരു മുഖ്യമന്ത്രിക്ക് കീഴിൽ സാധാരണ എം.എൽ.എ ആയിരിക്കാൻ വസുന്ധര രാജെ തയ്യാറാവില്ലെന്നാണ് സൂചന.

അതേസമയം ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ മരുമകൻ വിജയ് ബഗേലിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് ബി.ജെ.പി നീക്കം. നിലവിൽ ലോക്‌സഭാ എം.പിയായ വിജയ് ബഗേൽ ദുർഗ് ജില്ലയിലെ പത്താൻ മണ്ഡലത്തിൽ നിന്നായിരിക്കും മത്സരിക്കുക.



തെക്കേ ഇന്ത്യയിൽ ഇതുവരെ വേരുറപ്പിക്കാനാവാത്ത ബി.ജെ.പിയുടെ മിഷൻ സൗത്ത് ഇന്ത്യയിൽ ഉൾപ്പെടുന്ന സംസ്ഥാനമാണ് തെലങ്കാന. ബി.ആർ.എസും കോൺഗ്രസും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ബി.ജെ.പിക്ക് കാര്യമായ സാധ്യതകളില്ല. പാർട്ടി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിയാണ് ബി.ജെ.പിയുടെ പ്രധാന മുഖം. തിമ്മപൂർ മണ്ഡലത്തിൽനിന്നാവും റെഡ്ഡി ജനവിധി തേടുക.


TAGS :

Next Story