രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎയെ പാകിസ്താനിയെന്ന് വിളിച്ച് ബിജെപി എംഎൽഎ, സഭയിൽ ബഹളം
രാജസ്ഥാൻ നിയമസഭക്കുള്ളിലാണ് കോൺഗ്രസ് അംഗമായ റഫീഖ് ഖാനെ ബിജെപിയുടെ ഗോപാൽ ശർമ പാകിസ്താനി എന്ന് വിളിച്ചത്

ഗോപാൽ ശർമ- റഫീഖ് ഖാന്‍
ജയ്പൂര്‍: കോണ്‍ഗ്രസ് എംഎല്‍എയെ പാകിസ്താനിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ. രാജസ്ഥാന്‍ നിയമസഭയിലാണ് കോണ്‍ഗ്രസിന്റെ റഫീഖ് ഖാനെ ബിജെപിയുടെ ഗോപാൽ ശർമ പാകിസ്താനി എന്ന് വിളിച്ച് അവഹേളിച്ചത്.
നഗരവികസന, ഭവന, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്കുള്ള ഗ്രാന്റുകൾ സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് വിവാദം. ജയ്പൂരിലെ ആദർശ് നഗറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് റഫീഖ് ഖാന്‍. സിവിൽ ലൈൻസിനെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ശര്‍മ്മ.
കോൺഗ്രസ് സർക്കാരുകളെയും ബിജെപി സർക്കാരുകളെയും താരതമ്യം ചെയ്ത് ഖാന്‍ സംസാരിക്കുന്നതിനിടെയാണ് ഗോപാൽ ശർമയുടെ പ്രകോപനം.
റഫീഖ് ഖാന്‍ സംസാരിക്കുന്നതിനിടെ ഗോപാൽ ശർമ നിരന്തരം ഇടപെടുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് 'പാകിസ്താനി-പാകിസ്താനി' എന്ന് ഗോപാല്‍ ശര്‍മ്മ പറയാൻ തുടങ്ങിയത്. പിന്നാലെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ സഭയിൽ ബഹളമായി. സ്പീക്കര്‍ സന്ദീപ് ശർമ ഇടപെട്ടാണ് അംഗങ്ങളെ പരസ്പരം പോര്‍വിളിയില്‍ നിന്നും പിന്തിരിപ്പിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെയും ശർമ നേരത്തെ പരാമർശം നടത്തിയിരുന്നു. കോൺഗ്രസ് എംഎൽഎമാർ ഒന്നടങ്കം പരാമര്‍ശത്തിനെതിരെ രംഗത്ത് എത്തുകയും ചെയ്തു. സഭയിൽ അംഗമല്ലാത്തവരുടെ പേര് വലിച്ചിഴക്കരുതെന്ന് സ്പീക്കര്‍ പറഞ്ഞതോടെ അദ്ദേഹം പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു.
അതേസമയം അന്തരിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ വരെ ശര്‍മ്മ ആരോപണങ്ങൾ ഉന്നയിക്കുകയും പിന്നീട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16

