ആക്ഷേപഹാസ്യ മീം പേജ് 'ദി സവാള വട'യുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി കേന്ദ്രസർക്കാർ
കേരളം ആസ്ഥാനമായാണ് സവാള വടയുടെ അഡ്മിന്‍ ടീം പ്രവര്‍ത്തിക്കുന്നത്

ന്യൂഡല്‍ഹി: ആക്ഷേപഹാസ്യ മീം പേജായ 'ദി സവാള വട'യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് നിരോധനപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഏകദേശം എൺപതിനായിരത്തിലധികം ഫോളോവേഴ്സാണ് സവാള വടക്കുള്ളത്.
ആക്ഷേപഹാസ്യത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെയും സമകാലിക സംഭവങ്ങളെയും വിമര്‍ശിക്കുന്ന പേജാണിത്. നിരോധിച്ചതായി എക്സ് പേജിലൂടെ 'സവാളവട' വ്യക്തമാക്കി. 'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം ഞങ്ങളെ നിരോധിച്ചുവെന്നാണ്'- എക്സിലെഴുതിയ കുറിപ്പില്‍ സവാളവട വ്യക്തമാക്കുന്നത്.
കേരളം ആസ്ഥാനമായാണ് സവാള വടയുടെ അഡ്മിന്‍ ടീം പ്രവര്‍ത്തിക്കുന്നത്. ഇരുപത്തിയഞ്ചോളം വരുന്ന സര്‍വകലാശാല വിദ്യാർത്ഥികളുടെ ടീമാണ് പേജിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. സമകാലിക സംഭവങ്ങളെയും ഓൺലൈൻ ചർച്ചകളെയുമൊക്കെ പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു പേജിലെ കണ്ടന്റുകള്‍. പത്രത്തിലെ ഒന്നാം പേജ് പോലെ തോന്നിപ്പിക്കുന്നതായിരുന്നു കണ്ടന്റുകള്‍.
ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യർത്ഥന പ്രകാരം ഇന്ത്യയിൽ അക്കൗണ്ട് തടയുന്നു'-ഇന്‍സ്റ്റഗ്രാം പേജിലേക്ക് കയറുമ്പോള്‍ ഇങ്ങനെയാണ് ഇപ്പോള്‍ കാണുന്നത്. അതേസമയം ആഭ്യന്തര കലാപം, വിമാന ദുരന്തങ്ങൾ, അസമിലെ വെള്ളപ്പൊക്കം, ജാതി അതിക്രമങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങളുള്ളപ്പോഴാണ് ഒരു ആക്ഷേപഹാസ്യ വാർത്താ പേജ് പിൻവലിക്കാൻ മെറ്റയോട് മാന്യമായി ആവശ്യപ്പെടുന്നതെന്നും ടീം വ്യക്തമാക്കുന്നു. എന്ത് തമാശയാണ് നിങ്ങളെ പ്രകോപിപ്പിച്ചതെന്നും ടീം ചോദിക്കുന്നു.
Adjust Story Font
16

