Quantcast

വോട്ടർ പട്ടിക തീവ്രപരിശോധന: ബിഹാറിൽ മുഴങ്ങുന്നു പൗരന്മാർക്കുള്ള അപായമണി

വോട്ടർ പട്ടിക പരിഷ്കരണത്തിൽ പുറത്തായവർക്ക് പട്ടികയിൽ ഉൾപ്പെടാൻ ഓൺലൈനായി അപേക്ഷിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    23 Aug 2025 11:03 AM IST

വോട്ടർ പട്ടിക തീവ്രപരിശോധന: ബിഹാറിൽ മുഴങ്ങുന്നു പൗരന്മാർക്കുള്ള അപായമണി
X

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ (എസ്ഐആർ) വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. എസ്‌ഐആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷത്തോളം പേരാണ് പുറത്തായത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് വൻ രാഷ്ട്രീയ വിവാദമായിരുന്നു.

പുറത്താക്കപ്പെട്ട 65 ലക്ഷത്തോളം വോട്ടർമാരുടെ പേരുവിവരങ്ങൾ സുപ്രിംകോടതി നിർദേശ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു. വോട്ട് കൊള്ള ലക്ഷ്യമിട്ടുള്ള പുതിയ തന്ത്രമാണ് എസ്‌ഐആറെന്ന ആരോപിച്ച് രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

വോട്ടർ പട്ടിക പുതുക്കാനും മെച്ചപ്പെടുത്താനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ഒരു പ്രക്രിയയാണ് എസ്ഐആർ. മരിച്ചവരുടെയോ മണ്ഡലത്തിൽ നിന്ന് മാറിയവരുടെയോ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുക,18 വയസ് തികഞ്ഞ പുതിയ വോട്ടർമാരെയും മുൻപ് വിട്ടു പോയവരെയും പട്ടികയിൽ ചേർക്കുക തുടങ്ങി വോട്ടർ പട്ടിക ശുദ്ധീകരിക്കാനാണ് എസ്ഐആർ നടപ്പിലാക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

വോട്ടർ പട്ടികയിലെ പേര് ചേർക്കുന്നതിനും പുതുക്കുന്നതിനും 11 തരം രേഖകൾ ആവശ്യമാണ്. എന്നാൽ പാവപ്പെട്ടവരും നിരക്ഷരരുമായ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇത്രയും രേഖകൾ ഹാജരാകാൻ കഴിയില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ഇത് വലിയൊരു വിഭാഗം ജനങ്ങളെ വോട്ടവകാശം ഇല്ലാത്തവരാക്കുമെന്ന ആശങ്കയും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് എസ്ഐആർ വലിയ ചർച്ചാ വിഷയമായത്. രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ ഗുരുതര ക്രമക്കേടുകൾ നടക്കുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് ഒത്തുകളിച്ചുവെന്നുമായിരുന്നു രാഹുൽ ഗാന്ധി തെളിവുകൾ നിരത്തി ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ യാഥാർത്ഥ്യം ഇതാണെന്നും തെളിവുകൾ നശിപ്പിക്കാനുള്ള തിരക്കിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനക്കെതിരായ കുറ്റകൃത്യമാണ് നടന്നത്. ആറുമാസം 40 പേരെ വെച്ച് ഓരോ മണ്ഡലവും പഠിച്ചതിനു ശേഷം ആധികാരികമായും ഉത്തരവാദിത്തത്തോടെയുമാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്നും രാഹുൽ വ്യക്തമാക്കി.

എന്തുകൊണ്ടാണ് ഡിജിറ്റൽ മെഷീൻ റീഡബിൾ ഫോർമാറ്റിൽ വോട്ടർ പട്ടിക നൽകാത്തത്?, വീഡിയോ തെളിവുകൾ എന്തിനാണ് നശിപ്പിച്ചുകളയുന്നത്?, വോട്ടർ പട്ടികയിൽ വൻ തട്ടിപ്പ് നടത്തുന്നത് എന്തിനാണ്?, ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്?, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ടാണ് ബിജെപിയുടെ ഏജന്റിനെപ്പോലെ പെരുമാറുന്നത്? -തുടങ്ങിയ ചോദ്യങ്ങളുമായി രാഹുൽ ​ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചിരുന്നു.

എന്നാൽ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വെളിപ്പെടുത്തലിൽ തെളിവുകളില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. വോട്ട് മോഷണം എന്ന ആരോപണം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കലാണ്. കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നവരോട് തെളിവ് ചോദിക്കുമ്പോൾ നൽകുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴുത്തിൽ തോക്ക് ചൂണ്ടി വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണ് ചിലരെന്നും രാഹുൽ ഗാന്ധിയുടെ പേര് പറയാതെ കമ്മീഷൻ വിമർശിച്ചിരുന്നു.

നിലവിൽ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പുറത്തായവർക്ക് പട്ടികയിൽ ഉൾപ്പെടാൻ ഓൺലൈനായി അപേക്ഷിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്. നേരിട്ട് അപേക്ഷിക്കണമെന്ന് നിർബന്ധമില്ല. ആധാർ കാർഡോ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച 11 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമോ ഉപയോഗിച്ച് അപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് എതിര്‍പ്പറിയിക്കാന്‍ രണ്ടാഴ്ച കൂടി സുപ്രിംകോടതി സമയം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്. പേരുള്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ സഹായിക്കണമെന്നും കോടതി അറിയിച്ചു. പരിഷ്‌കരണ നടപടികളില്‍ സുപ്രിംകോടതി നിരീക്ഷണം തുടരും.

രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവരണമെന്നും സുപ്രിംകോടതി അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ 15ന് ശേഷം പരാതികള്‍ ഉണ്ടാകില്ലെന്നും കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്.

വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ അപേക്ഷ നൽകുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർ ആവശ്യമായ സഹായം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ബിഹാറിലെ 12 അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കാണു നിർദേശം നൽകിയത്. ബിഹാറിൽ 1.6 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ ഉണ്ടായിട്ടും വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രണ്ടുപേർ മാത്രമേ എതിർപ്പുമായി എത്തിയുള്ളൂവെന്നത് ആശ്ചര്യമാണെന്നു കോടതി നിരീക്ഷിച്ചു. എന്നാൽ ബൂത്ത് ലെവൽ ഏജന്റുമാർ നൽകുന്ന എതിർപ്പുകൾ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നില്ലെന്നു ചില രാഷ്ട്രീയ കക്ഷികൾ കോടതിയെ അറിയിച്ചു.

എസ്ഐആർ പ്രക്രിയയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. വോട്ടോവകാശമുള്ള ആരെയും പട്ടികയിൽ നിന്ന് ഒഴിവാക്കരുത് എന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ 30നാണ് ബീഹാറിൽ പരിഷ്കരിച്ച അന്തിമ വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കുന്നത്.

TAGS :

Next Story