Quantcast

ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യാറുണ്ടോ? ഈ 14 വെബ്സൈറ്റുകൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ഐആർസിടിസി

അനധികൃത പ്ലാറ്റ്ഫോമുകളിലൂടെ ഭക്ഷണം ഓർഡർ ചെയ്യുന്നത് ആരോഗ്യത്തിന് മാത്രമല്ല, സാമ്പത്തിക സുരക്ഷയ്ക്കും ഭീഷണിയാണെന്നാണ് ഐആർസിടിസിയുടെ മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    18 Nov 2026 4:41 PM IST

ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യാറുണ്ടോ? ഈ 14 വെബ്സൈറ്റുകൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ഐആർസിടിസി
X

ട്രെയിൻ യാത്രകളിൽ വിശക്കുമ്പോൾ സീറ്റിലിരുന്നുതന്നെ ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യം ഇന്ന് ഒട്ടനവധി യാത്രക്കാർ പ്രയോജനപ്പെടുത്താറുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഇഷ്ടഭക്ഷണം മുന്നിലെത്തുന്നുവെന്നത് നല്ല കാര്യം, അതേസമയം, ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷണത്തിന് പകരം മുന്നിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ സാമ്പത്തിക നഷ്ടമോ ആയിരിക്കും. ഓർഡർ ചെയ്യുന്ന വെബ്സൈറ്റോ മറ്റ് സംവിധാനങ്ങളോ ആധികാരികമല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ ഒരൽപ്പം ശ്രദ്ധയാകാമെന്ന് ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ.

ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന നിയമവിരുദ്ധമായ വെബ്സൈറ്റുകൾക്കും മൊബൈൽ ആപ്പുകൾക്കുമെതിരെ നടപടി ശക്തമാക്കിയതായി ഐആർസിടിസി പ്രസ്താവിച്ചു. ഇത്തരത്തിലുള്ള 14 വെബ്സൈറ്റുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവയിലൂടെ ഭക്ഷണം ഓർഡർ ചെയ്യരുതെന്നും അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഈ 14 വെബ്സൈറ്റുകളെ,

  • RAILRESTRO.COM
  • RAILRESTRO.IN
  • RAILMITRA.COM
  • TRAVELKHANA.COM
  • TRAINSCafe.COM
  • DIBRAIL.COM
  • RAILFOOD.NET
  • TRAVELERFOOD.COM
  • FOODONTRACK.IN
  • ECATERING.APP
  • KHANAONLINE.IN
  • TRAINWAY.IN
  • RAILMEAL.COM
  • TRAINMENU.COM

അനധികൃത പ്ലാറ്റ്ഫോമുകളിലൂടെ ഭക്ഷണം ഓർഡർ ചെയ്യുന്നത് ആരോഗ്യത്തിന് മാത്രമല്ല, സാമ്പത്തിക സുരക്ഷയ്ക്കും ഭീഷണിയാണെന്നാണ് ഐആർസിടിസിയുടെ മുന്നറിയിപ്പ്. ഇത്തരം വെബ്സൈറ്റുകൾ പലപ്പോഴും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഒട്ടുമേ പാലിക്കാത്ത സ്ഥാപനങ്ങളിൽ നിന്നായിരിക്കും ഭക്ഷണം എത്തിക്കുന്നുണ്ടാവുക. തീരെ ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ഭക്ഷണവും, വൃത്തിഹീനമായി ഇടപഴകുന്ന ജീവനക്കാരുടെ സേവനവും യാത്രക്കാരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളിവിട്ടേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി യാത്രക്കാർ നൽകുന്ന പിഎൻആർ നമ്പർ, ഫോൺ നമ്പർ, ഇമെയിൽ വിലാസം, ബാങ്കിങ് വിവരങ്ങൾ, യുപിഐ വിവരങ്ങൾ എന്നിവ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഫിഷിങ് ആക്രമണങ്ങൾക്കും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കും ഇത്തരം വിവരങ്ങൾ വഴിയൊരുക്കിയേക്കാമെന്നും ഐആർസിടിസിയുടെ മുന്നറിയിപ്പിലുണ്ട്. പണം നൽകിയിട്ടും ഭക്ഷണം എത്താതിരിക്കുക, ഓർഡർ അവസാന നിമിഷം റദ്ദാക്കുക, റീഫണ്ട് ലഭിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളും യാത്രക്കാർ നേരിടേണ്ടിവന്നേക്കാം. പരാതികൾ പരിഹരിക്കാൻ കൃത്യമായ സംവിധാനമില്ലാത്തത് പ്രതിസന്ധി വർധിപ്പിക്കുമെന്നും ഐആർസിടിസി ചൂണ്ടിക്കാട്ടുന്നു.

പിന്നെ എവിടെനിന്ന് ഭക്ഷണം ഓർഡർ ചെയ്യാം?

ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യാൻ ഐആർസിടിസിയുടെ ഔദ്യോഗിക ഇകാറ്ററിങ് വെബ്സൈറ്റായ ecatering.irctc.co.in, ഔദ്യോഗിക 'ഫുഡ് ഓൺ ട്രാക്ക്' മൊബൈൽ ആപ്പ് എന്നിവ ഉപയോഗിക്കാം. 1323 എന്ന ഹെൽപ്‌ലൈൻ നമ്പറിലൂടെയും ഭക്ഷണം ബുക്ക് ചെയ്യാം. സൊമാറ്റോ, സ്വിഗ്ഗി, സൂപ്പ്, റെയിൽ യാത്രി, റെയിൽ റെസിപ്പി തുടങ്ങി ഐആർസിടിസി അംഗീകൃത കാറ്ററിങ് പാർട്ട്ണറുമാരിലൂടെയും ഭക്ഷണം ഓർഡർ ചെയ്യാം.

TAGS :

Next Story