'നിങ്ങളുടെ ഫോണ്‍ കോളുകളെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടും, സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തിൽ'; സന്ദേശത്തിന് പിന്നിലെ യാഥാർഥ്യം
ഇത്തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഇത് അതിവേഗത്തില്‍ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് തട്ടിപ്പുകാർ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ സ്വകാര്യസംഭാഷണങ്ങളും വിവരങ്ങളും ഇനിമുതല്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലായിരിക്കുമെന്ന സന്ദേശം കണ്ട് ഞെട്ടിയിരിക്കുന്നവരാണോ നിങ്ങള്‍? ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നീ അക്കൗണ്ടുകളിലെ പോസ്റ്റുകളും വീഡിയോ കാളുകളുമെല്ലാം മറ്റാരോ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന സന്ദേശം നിങ്ങളുടെ ഫോണുകളിലേക്കും എത്തിയിട്ടുണ്ടോ?എങ്കിൽ, പരിഭ്രമിക്കാന്‍ വരട്ടെ.
സോഷ്യല്‍മീഡിയയിലെ നിങ്ങളുടെ ഇടപെടലുകളും വീഡിയോകാളുകളും റെക്കോര്‍ഡ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ കര്‍ശനമായ നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന തരത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശം വ്യാജമാണെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സ്ഥാപിക്കുന്നത്. പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മുന്‍പായി ഈ വ്യാജസന്ദേശം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പിഐബിയുടെ വസ്തുതാന്വേഷണം.
എന്താണ് സന്ദേശത്തിനുള്ളില്‍?
അടിസ്ഥാരഹിതമായ നിരവധി കാര്യങ്ങളാണ് ഈ സന്ദേശത്തിന്റെ ഭാഗമായി നിരവധി യൂസര്‍മാരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അവയില്‍ ചിലത്,
- ഫോണ്‍ കോളുകളെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെടും(വീഡിയോ, വോയിസ് കോളുകള്‍)
- വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്.
- കേന്ദ്ര മന്ത്രാലയത്തിന്റെ സംവിധാനവുമായി യൂസര്‍മാര്‍ ഫോണുകള്‍ ബന്ധിപ്പിക്കണം
- രാഷ്ട്രീയം, മതപരം, സമകാലിക വിഷയങ്ങള്‍ എന്നിങ്ങനെയുള്ള ഉള്ളടക്കങ്ങളുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റമാണ്.
- വാട്ട്‌സ്ആപ്പില്‍ നീല ടിക്ക് മൂന്ന് തവണ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ നിങ്ങളയച്ച സന്ദേശം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നീലയും ചുവപ്പും കലര്‍ന്ന ടിക്കാണുള്ളതെങ്കില്‍ അനധികൃതമായി ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു.
ഇത്തരത്തിലുള്ള വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഇത് അതിവേഗത്തില്‍ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള യാതൊരുവിധ നിയന്ത്രണവും വരുത്തിയിട്ടില്ലെന്ന് വസ്തുതാന്വേഷണത്തിലൂടെ പിഐബി തെളിയിച്ചു. വ്യക്തികളുടെ സ്വകാര്യസംഭാഷണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നതല്ലാതെ ഉപയോഗിക്കുന്ന ഡിവൈസുകളിലും അക്കൗണ്ടുകളിലും നുഴഞ്ഞുകയറുമെന്ന് സര്‍ക്കാര്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടുമില്ല.
ഇതാദ്യമായല്ല സർക്കാരിന്‍റെ പേരിൽ വ്യാജസന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 2020 മുതല്‍ പലപ്പോഴായി ഇത്തരത്തിലുള്ള കഥകള്‍ പലരും മെനഞ്ഞെടുപ്പ് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയും അരക്ഷിതബോധവും വളര്‍ത്തിയെടുക്കാന്‍ കാരണമാകുന്നുവെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
സന്ദേശങ്ങള്‍ വരുമ്പോള്‍
- പങ്കുവെക്കുന്നതിന് മുന്‍പ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് വിവരം സ്ഥിരീകരിക്കുക.
- സംശയാസ്പദമായി വല്ലതും തോന്നുകയാണെങ്കില്‍ അധികൃതരുമായി സംസാരിച്ച ശേഷം മാത്രം മുന്നോട്ടുപോകുക.
- വാട്ട്‌സ്ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് സംവിധാനത്തിലാണെന്ന് ഉറപ്പുവരുത്തുക. ടിക്ക് മാര്‍ക്ക് എന്നത് സര്‍ക്കാര്‍ മെസ്സേജ് കണ്ടോയെന്ന് അറിയാനല്ല, മറിച്ച് നിങ്ങളയച്ച സന്ദേശം സ്വീകരിക്കുന്നയാള്‍ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടോയെന്ന് അറിയാനാണെന്ന് ഓര്‍മ വേണം.
Adjust Story Font
16

