പ്രായം വെറും നമ്പറല്ലേ? ; ഇതാ ഒരു 63-കാരൻ 'സൂപ്പർമാൻ'
അരോഗ്യ സംരക്ഷണത്തിന് പണമോ തൊഴിലോ ഭൗതിക സാഹചര്യങ്ങളോ വിലങ്ങു തടിയല്ല എന്ന് തെളിയിക്കുകയാണ് വരദ ഭീമേശ്വര റാവു

- Published:
8 Feb 2026 8:16 PM IST

വിജയവാഡ: വ്യായാമം ചെയ്യാതിരിക്കാൻ പലതരത്തിലുള്ള എക്‌സ്‌ക്യൂസുകൾ കണ്ടെത്തുന്നവരാണ് നമുക്കിടയിൽ കൂടുതലും. അങ്ങനെ നിസാര കാരണങ്ങൾ പറഞ്ഞ് വ്യായാമം മുടക്കുന്നവർക്ക് മുന്നിൽ വിസ്മയമാണ് 63 കാരനായ വരദ ഭീമേശ്വര റാവു. അരോഗ്യ സംരക്ഷണത്തിന് പണമോ തൊഴിലോ ഭൗതിക സാഹചര്യങ്ങളോ വിലങ്ങു തടിയല്ല എന്ന് കൂടി തെളിയിക്കുകയാണ് പെദന സ്വദേശിയായ ഈ നെയ്ത്തുകാരൻ.
നിരവധി യുവാക്കൾക്ക് പ്രചോദനമായ റാവു ബോഡി ബിൽഡിംഗിൽ നിരവധി ദേശിയ-അന്തർദേശിയ പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. അടുത്തിടെ നേപ്പാളിലെ പൊഖാറയിൽ നടന്ന എസ്ബികെഎഫ് ഇന്റർനാഷണൽ ഗെയിംസ് 2026-ൽ എട്ട് സ്വർണമെഡലുകൾ ഉൾപ്പടെ ഒമ്പത് മെഡലുകളാണ് വരദ ഭീമേശ്വര റാവു സ്വന്തമാക്കിയത്.
ആധുനിക ജിമ്മുകൾ വ്യാപകമാകുന്നതിനും ഏറെ മുമ്പ് ആരംഭിച്ചതാണ് വരദ ഭീമേശ്വര റാവുവിന്റെ ' ഫിറ്റ്‌നസ് ജേണി'.തന്റെ 25-ാം വയസിൽ ആരംഭിച്ച വ്യായാമമാണ് 63-ാം വയസിലും തുടരുന്നത്. വ്യായാമം ചെയ്തു തുടങ്ങുമ്പോൾ ഇന്നത്തെ പോലെ ആധുനികമായ ഉപകരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ശരീരത്തിന്റെ കരുത്തും പ്രതിരോധ ശേഷിയും വർധിപ്പിക്കാൻ നാടൻ ജിമ്മുകളെയാണ് അന്ന് ആശ്രയിച്ചിരുന്നതെന്നും റാവു പറയുന്നു. വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ദിന ചര്യയിൽ വിട്ടു വീഴ്ചയില്ല. ദിവസവും പുലർച്ചെ 4 മുതൽ 6 വരെയും വൈകുന്നേരം 6 മുതൽ 8 വരെയും അദ്ദേഹം പരിശീലനത്തിനായാണ് മാറ്റിവെക്കുന്നത്. ഭക്ഷണക്രമത്തിലുമുണ്ട് കണിശത.
നെയ്ത്തു തൊഴിലാളിയയ ഭീമേശ്വര റാവു ഉപജീവനത്തിനായി ഇന്നും തൊഴിലിന് പോവുന്നുണ്ട്. കഠിനമായ ശാരീരിക അധ്വാനമുള്ള ജോലിക്കിടയിലും തന്റെ ഫിറ്റ്നസ് ജീവിതരീതി അദ്ദേഹം മുടക്കമില്ലാതെ കൊണ്ടുപോകുന്നു. അച്ചടക്കത്തിന്റെയും അർപ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമാണ് റാവുവിന്റെ ജീവിതം.
Adjust Story Font
16
