Quantcast

'പണത്തിനു വേണ്ടി ഉപയോഗിച്ചു, എന്നോടുള്ള പെരുമാറ്റം കാരണമാണ് നിനയുമായുള്ള ബന്ധം ഉപക്ഷേിച്ചത്'; കര്‍ണാടക ഗുഹയിൽ നിന്നും കണ്ടെത്തിയ റഷ്യൻ യുവതിയുടെ മുൻപങ്കാളി

നിനയെയും കുട്ടികളെയും കാണാൻ ഗോവയിൽ ഇടയ്ക്കിടെ പോയിരുന്നതായി ഗോൾഡ്‌സ്റ്റൈൻ

MediaOne Logo

Web Desk

  • Published:

    18 July 2025 1:49 PM IST

Israeli businessman
X

ഡൽഹി: തന്‍റെ കുട്ടികളെ കാണാൻ അനുവദിക്കില്ലെന്ന് കർണാടക ഗുഹയിൽ നിന്ന് കണ്ടെത്തിയ റഷ്യൻ വനിത നിന കുറ്റിനയുടെ മുൻ പങ്കാളി ഇസ്രായേലി വ്യവസായി ഡോർ ഗോൾഡ്‌സ്റ്റൈൻ. പെൺമക്കളെ കാണാൻ ആഗ്രഹമുണ്ടെന്നും കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്നും ഗോൾഡ്‌സ്റ്റൈൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആറും നാലും വയസുള്ള പെൺമക്കളിൽ ഒരാൾ 2018ൽ യുക്രൈനിലും 2020ൽ ഗോവയിലും വച്ചാണ് ജനിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വേര്‍പിരിഞ്ഞതിന് ശേഷവും നിനക്കുമുള്ള സാമ്പത്തിക സഹായം തുടര്‍ന്നിരുന്നുവെങ്കിലും യുവതിയുടെ പെരുമാറ്റം മൂലമാണ് താൻ അകലം പാലിക്കാൻ തുടങ്ങിയതെന്ന് ഇയാൾ പറയുന്നു. " എന്നോടുള്ള പെരുമാറ്റം കാരണം ഞാൻ പതുക്കെ അവളുമായുള്ള ബന്ധം വിച്ഛേദിക്കാൻ തുടങ്ങി. പണത്തിനുവേണ്ടി മാത്രം എന്നെ ഉപയോഗിക്കുന്നതായി തോന്നി," അദ്ദേഹം കൂട്ടിച്ചേർത്തു. നിനയെയും കുട്ടികളെയും കാണാൻ ഗോവയിൽ ഇടയ്ക്കിടെ പോയിരുന്നതായി അയാൾ അവകാശപ്പെട്ടു. എന്നാൽ നിന തന്നെ ഒഴിവാക്കാൻ തുടങ്ങിയതായും തന്നെ അറിയിക്കാതെ ദിവസങ്ങളോളം അപ്രത്യക്ഷമാകുമായിരുന്നുവെന്നും ഗോൾഡ്‌സ്റ്റൈൻ പറഞ്ഞു.

"ഞാൻ അവരെയും ഞങ്ങളുടെ പെൺമക്കളെയും സമീപിക്കാൻ ശ്രമിച്ചു, പലതവണ ശ്രമിച്ചു, പക്ഷേ അവർ ഒരിക്കലും മക്കളെ കാണാൻ എന്നെ അനുവദിച്ചില്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകന്‍റെ മരണശേഷം നിനയ്ക്കും കുട്ടികൾക്കും പനാജിയിലെ ഒരു ഹോട്ടലിൽ മുറി ബുക്ക് ചെയ്ത് അവരെ സഹായിക്കാൻ ശ്രമിച്ചപ്പോൾ, കുട്ടികളെ കാണുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്നും ഇസ്രായേലി പൗരൻ പൊലീസിനോട് പറഞ്ഞു. കുട്ടികളെ സ്വാധീനിച്ച് തന്നിൽ നിന്നും അകറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

ജൂലൈ 11 ന് പതിവ് പൊലീസ് പട്രോളിംഗിനിടെയാണ് ഗോകർണയിലെ രാമതീർത്ഥ കുന്നുകളിലെ ഒരു ഗുഹയിൽ ഒറ്റപ്പെട്ട നിലയിൽ മൂന്ന് പേരെയും കണ്ടെത്തിയത്. ബിസിനസ് വിസ കാലാവധി കഴിഞ്ഞും 2017 മുതൽ നിന ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നു. എന്നാൽ നിന ഇത് നിഷേധിച്ചിരുന്നു. "ഞങ്ങളുടെ കൈവശം സാധുവായ വിസയില്ല, അതിന്‍റെ കാലാവധി കഴിഞ്ഞു. പക്ഷേ അത് കുറച്ച് കാലം മുമ്പായിരുന്നു, 2017 ന് ശേഷം ഞങ്ങൾ ഇതിനകം നാല് രാജ്യങ്ങളിലായിരുന്നു, പിന്നീട് തിരിച്ചെത്തി," നിന തിങ്കളാഴ്ച വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മാത്രമല്ല ഗുഹാവാസത്തിനെ അവര്‍ ന്യായീകരിക്കുകയും ചെയ്തു. "ഞങ്ങളെക്കുറിച്ച് ടിവിയിൽ കാണിക്കുന്നതെല്ലാം തെറ്റാണ്. ഞങ്ങളുടെ ജീവിതം മുമ്പ് എത്ര വൃത്തിയുള്ളതും സന്തോഷകരവുമായിരുന്നു എന്ന് കാണിക്കുന്ന വീഡിയോകളും ഫോട്ടോകളും എന്‍റെ പക്കലുണ്ട്," അവർ ചൊവ്വാഴ്ച പിടിഐയോട് പറഞ്ഞു.

TAGS :

Next Story