Quantcast

സൂര്യദൗത്യ വിജയത്തിന് ക്ഷേത്ര ദർശനം നടത്തി ഐഎസ്ആർഒ മേധാവിയും ശാസ്ത്രജ്ഞരും; കൈയിൽ പേടക മാതൃകയും

തിരുപ്പതിയിലെ രണ്ട് ക്ഷേത്രങ്ങളിലായിരുന്നു സംഘം എത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-09-01 16:09:14.0

Published:

1 Sep 2023 4:06 PM GMT

ISRO chief, scientists offer prayers at temples ahead of Aditya-L1 solar mission launch
X

തിരുപ്പതി: ചാന്ദ്രയാൻ-3യുടെ വിജയകരമായ ലാൻഡിങ്ങിന് ശേഷം സൗരപഠനത്തിനുള്ള ആദിത്യ-എൽ1 വിക്ഷേപണത്തിനുള്ള അവസാന നിമിഷ തയാറെടുപ്പുകൾ പുരോ​ഗമിക്കവെ ക്ഷേത്ര ദർശനം നടത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞർ. ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രം, തിരുപ്പതി ശ്രീ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഐഎസ്ആർഒ ചെയർമാൻ അടക്കമുള്ളവർ പ്രാർഥനയ്ക്കെത്തിയത്.

ആദിത്യ-എൽ1 ദൗത്യത്തിന്റെ വിജയത്തിനായായിരുന്നു പ്രാർഥന. പേടകത്തിന്റെ ചെറിയ മാതൃകയും ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ കൈയിലുണ്ടായിരുന്നു. ഒരു സംഘം ശാസ്ത്രജ്ഞർ തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രാർഥന നടത്തിയപ്പോൾ ഐഎസ്ആർഒ മേധാവി എസ് സോമനാഥ് ശ്രീ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിലെത്തിയാണ് പ്രാർഥന നിർവഹിച്ചത്.

'ആദിത്യ എൽ1ന്റെ കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും. ശനിയാഴ്ച രാവിലെ 11.50ഓടെയാണ് വിക്ഷേപണം. എൽ1 പോയിന്റിലെത്താൻ ഇനിയും 125 ദിവസമെടുക്കും. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്'- ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു.

പിഎസ്എൽവി-സി 57 റോക്കറ്റിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ആദിത്യ എൽ1 വി​ക്ഷേപണം. സൂര്യനെ പഠിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ ദൗത്യം. സൂര്യനിലെ കൊറോണയെ വിദൂരതയില്‍ നിന്ന് നിരീക്ഷിക്കുന്നതിനുള്ളതാണ് ആദിത്യ-എല്‍1 പേടകം.

ഭൂമിയില്‍ നിന്ന് ഒന്നര ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍1ലെ സൗരക്കൊടുങ്കാറ്റുകളെ നിരീക്ഷിക്കുന്നതിനും ഇവ സഹായിക്കും. സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയന്‍ പോയിന്റായി അറിയപ്പെടുന്ന എല്‍1ലെ ഹാലോ ഭ്രമണപഥത്തിലേക്കാണ് ഈ പേടകം വിക്ഷേപിച്ച് എത്തുക.

സൂര്യന്റെ കൊറോണ, സൗര കൊടുങ്കാറ്റ്, സൗര അന്തരീക്ഷം തുടങ്ങിയവയെ കുറിച്ച് പഠിക്കാനുള്ള ഏഴ് പേലോഡുകളില്‍ നാലെണ്ണം സൂര്യനെ കുറിച്ച് നേരിട്ട് പഠനം നടത്തും. ബാക്കിയുള്ളവയാണ് എല്‍1 ഓര്‍ബിറ്റിനെ കുറിച്ച് പഠിക്കുക. സൂര്യനെ കുറിച്ചുള്ള പഠനത്തിനായി ഐഎസ്ആർഒ വിക്ഷേപിക്കാന്‍ പോകുന്ന ആദ്യത്തെ ദൗത്യമാണ് ഇത്.



TAGS :

Next Story