സോഷ്യൽ മീഡിയ പരാതികൾ പരിഹരിക്കാൻ കേന്ദ്ര സമിതി; ഐ.ടി ചട്ടം ഭേദഗതി ചെയ്തു
പരാതി പരിഹാര സമിതികൾ രൂപീകരിക്കാനുള്ള നീക്കത്തിൽ നേരത്തെ സമൂഹമാധ്യമ ഭീമന്മാർ എതിർപ്പറിയിച്ചിരുന്നു

ന്യൂഡല്‍ഹി: സമൂഹമാധ്യമ ഭീമന്മാര്‍ക്ക് നിയന്ത്രണവുമായി ഇൻഫർമേഷൻ ടെക്‌നോളജി ചട്ടം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. ഇന്ത്യൻ ഭരണഘടനാ തത്വങ്ങളും നിയമങ്ങളും ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കുകൂടി ബാധകമാക്കിക്കൊണ്ടാണ് പുതിയ ഭേദഗതികള്‍. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനം നിലവില്‍ വരും.
ഭേദഗതി ചെയ്ത ഐ.ടി ചട്ടങ്ങൾ കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറത്തുവിട്ടു. സമൂഹമാധ്യമ പരാതി പരിഹാര സമിതി തന്നെയാണ് പുതിയ ഭേദഗതിയിലെ ശ്രദ്ധേയമായ നടപടി. സമൂഹമാധ്യമ കമ്പനികളുടെ നടപടി തൃപ്തികരമല്ലെങ്കിൽ ഉപയോക്താക്കൾക്ക് സമിതിയെ സമീപിക്കാം. പൂർണമായും ഓൺലൈനായായിരിക്കും പരാതി പരിഹാര നടപടികൾ. 30 ദിവസത്തിനകം പരാതികളിൽ തീർപ്പുണ്ടാക്കും.
അടുത്ത മൂന്നു മാസത്തിനകം പരാതി പരിഹാര സമിതിയെ കേന്ദ്ര സർക്കാർ രൂപീകരിക്കും. ചെയർപേഴ്‌സൻ അടക്കം മൂന്ന് സ്ഥിരാംഗങ്ങളായിരിക്കും സമിതിയിലുണ്ടാകുക. പരാതി പരിഹാര സമിതികൾ രൂപീകരിക്കാനുള്ള നീക്കത്തിൽ നേരത്തെ സമൂഹമാധ്യമ ഭീമന്മാർ എതിർപ്പറിയിച്ചിരുന്നു. സമൂഹമാധ്യമങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണ് നടപടിയെന്നാണ് കമ്പനികൾ വാദിച്ചത്.
Summary: Central government to set up social media grievance panels within 3 months as the Information Technology (Intermediary Guidelines and Digital Media Ethics Code) Amendment Rules, 2022 released
Adjust Story Font
16

