Quantcast

'‍‍അത് മിനി പാകിസ്താനാകും'; പശ്ചിമ യു.പി പ്രത്യേക സംസ്ഥാനമാക്കണമെന്ന കേന്ദ്രമന്ത്രിയുടെ ആവശ്യത്തിനെതിരെ ബിജെപി നേതാവ്

ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ വർധിക്കുന്നതിനാൽ പടിഞ്ഞാറൻ യു.പി ഒരു പുതിയ സംസ്ഥാനമായി മാറിയാൽ അവിടെ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്നും സം​ഗീത് സോം പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-10-04 03:31:20.0

Published:

4 Oct 2023 3:00 AM GMT

It will become Mini Pakistan Says BJP Leader On Central Minister s Separate State Remark
X

മീററ്റ്: ഉത്തർപ്രദേശ് വിഭജിച്ച് പശ്ചിമ യു.പി മറ്റൊരു സംസ്ഥാനമാക്കണമെന്ന കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണിന്റെ ആവശ്യത്തിനെതിരെ ബിജെപി നേതാവ്. അങ്ങനെ ചെയ്താൽ അത് മിനി പാകിസ്താൻ ആയി മാറുമെന്നാണ് മുൻ എം.എൽ.എയായ സം​ഗീത് സോമിന്റെ വാദം. പുതിയ സംസ്ഥാനം ഉണ്ടാക്കുന്നതിന് പകരം ആ ഭാ​ഗം ഡൽഹിയിൽ ലയിപ്പിക്കുകയാണ് വേണ്ടതെന്നും സം​ഗീത് സോം അഭിപ്രായപ്പെട്ടു.

'പടിഞ്ഞാറൻ യു.പി പ്രത്യേക സംസ്ഥാനമാക്കണമെന്ന ആശയം കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൺ മുന്നോട്ടുവച്ചിരുന്നു. എന്നാൽ അത് ആ പ്രദേശത്തിന്റെ ഭാവിക്ക് ​ഗുണകരമല്ല. അങ്ങനെ സംഭവിച്ചാൽ പടിഞ്ഞാറൻ യു.പി മിനി പാകിസ്താനായി മാറും'- മീററ്റിൽ നിന്നുള്ള പ്രമുഖ ബിജെപി നേതാവായ സോം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ പടിഞ്ഞാറൻ യു.പി ഒരു പുതിയ സംസ്ഥാനമായി മാറിയാൽ അവിടെ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്നും സം​ഗീത് സോം പറഞ്ഞു. ആ പ്രദേശം വികസിക്കില്ല. പക്ഷേ രാഷ്ട്രീയ സാഹചര്യം മൊത്തത്തിൽ മാറും. അതിനാൽ പടിഞ്ഞാറൻ യു.പി ഡൽഹിക്കൊപ്പം ചേർക്കുന്നതാണ് നല്ലതെന്നും സോം അഭിപ്രായപ്പെട്ടു.

യു.പിയിലെ സർധന മണ്ഡലത്തിൽ നിന്നും രണ്ടു തവണ എം.എൽ.എയായിട്ടുള്ളയാളാണ് സം​ഗീത് സോം. നേരത്തെ വിദ്വേഷ പ്രസം​ഗങ്ങളിലൂടെയും പൊലീസുകാരെ മർദിച്ചതിലൂടെയുമൊക്കെ കുപ്രസിദ്ധനാണ് സം​ഗീത് സോം.

2013ലെ മുസാഫർനഗർ കലാപത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2013 സെപ്തംബറിൽ ദേശീയ സുരക്ഷാ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു. 2017 ജനുവരിയിലും ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി കലാപത്തിന്റെ വീഡിയോ ക്ലിപ്പുകൾ ആളുകളെ കാണിച്ചതിന് സോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ബീഫ് വിരുദ്ധ പ്രചാരകനായ സോം 2005-06ൽ അൽ ദുവ എന്ന പേരിൽ ബീഫ് കയറ്റുമതി സ്ഥാപനം സ്ഥാപിച്ചിരുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. വൻതോതിൽ ഹലാൽ മാംസം കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് അൽ ദുവ. ബീഫ്, ആട്ടിറച്ചി, തോൽ എന്നിവയാണ് കമ്പനി കയറ്റുമതി ചെയ്യുന്നത്.

നേരത്തെ, താജ്മഹലിനെതിരെയും ഇയാൾ വിദ്വേഷ പരാമർശം നടത്തിയിരുന്നു. താജ്ഹൽ രാജ്യദ്രോഹികൾ നിർമിച്ചതാണെന്നും അത് ഇന്ത്യൻ സംസ്കാരത്തിന് കളങ്കമാണെന്നുമായിരുന്നു സോം പറഞ്ഞത്.

ഞായറാഴ്ച മീററ്റിൽ നടന്ന അന്താരാഷ്‌ട്ര ജാട്ട് പാർലമെന്റിലായിരുന്നു കേന്ദ്രമന്ത്രി ബല്യാൺ പുതിയ സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചത്. 'പശ്ചിമ ഉത്തർപ്രദേശ് ഒരു പ്രത്യേക സംസ്ഥാനമാക്കണം. മീററ്റ് അതിന്റെ തലസ്ഥാനമാക്കണം. പ്രദേശത്തെ ജനസംഖ്യ എട്ട് കോടിയാണ്. ഹൈക്കോടതി ഇവിടെ നിന്ന് 750 കിലോമീറ്റർ അകലെയാണ്. അതിനാൽ, ഈ ആവശ്യം പൂർണമായും ന്യായമാണ്'- എന്നാണ് ബല്യാൺ പറഞ്ഞത്.

TAGS :

Next Story