Quantcast

പ്രവർത്തകർക്കെതിരെ നടപടിയുണ്ടായാൽ പൊലീസിനെതിരെ യുദ്ധം തുടങ്ങും- ജഹാംഗീർപുരി വർഗീയ സംഘർഷത്തില്‍ വി.എച്ച്.പിയുടെ മുന്നറിയിപ്പ്

വി.എച്ച്.പി നിയമം അനുസരിക്കുന്ന സംഘടനയാണ്. വ്യാജ കേസെടുത്ത്, പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ വി.എച്ച്.പി യുദ്ധം ആരംഭിക്കും- സംഘടനയുടെ ദേശീയ വക്താവ് വിനോദ് ബൻസാൽ

MediaOne Logo

Web Desk

  • Published:

    19 April 2022 9:26 AM GMT

പ്രവർത്തകർക്കെതിരെ നടപടിയുണ്ടായാൽ പൊലീസിനെതിരെ യുദ്ധം തുടങ്ങും- ജഹാംഗീർപുരി വർഗീയ സംഘർഷത്തില്‍ വി.എച്ച്.പിയുടെ മുന്നറിയിപ്പ്
X

ന്യൂഡൽഹി: ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ വർഗീയ സംഘർഷത്തിൽ പൊലീസിന് ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി). ജഹാംഹീർപുരിയിലുണ്ടായ വർഗീയ സംഘർഷത്തിൽ തങ്ങളുടെ പ്രവർത്തകർക്കെതിരെ നടപടിയുണ്ടായാൽ ഡൽഹി പൊലീസിനെതിരെ യുദ്ധം തുടങ്ങുമെന്ന് വി.എച്ച്.പി മുന്നറിയിപ്പ് നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

അനുമതി വാങ്ങാതെ ഘോഷയാത്ര നടത്തിയതെന്ന് കാണിച്ച് സംഘാടകർക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് വി.എച്ച്.പിയുടെ ഭീഷണി. എഫ്.ഐ.ആർ പിന്നീട് പൊലീസ് തന്നെ പിൻവലിക്കുകയും വി.എച്ച്.പി, ബജ്രങ്ദൾ എന്നീ സംഘടനകളുടെ പേരില്ലാതെ പുതിയ റിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് പ്രാദേശിക വി.എച്ച്.പി പ്രവർത്തകനായ പ്രേം ശർമയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വി.എച്ച്.പി, ബജ്രങ്ദൾ പ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ ഇട്ടതായി അറിയാനായിട്ടുണ്ട്. ഒരു പ്രവർത്തകൻ അറസ്റ്റിലാകുകയും ചെയ്തു. വൻ അബദ്ധമാണ് പൊലീസ് ചെയ്തിരിക്കുന്നത്. അനുമതിയില്ലാതെ എങ്ങനെയാണ് അത്രയും പൊലീസുകാർ യാത്രയെ അനുഗമിച്ചത്? പൊലീസ് 'ഇസ്‌ലാമിക ജിഹാദി'കൾക്ക് കീഴടങ്ങിയിരിക്കുകയാണെന്നാണ് തോന്നുന്നത്-വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാൽ വിമർശിച്ചു.

വി.എച്ച്.പി നിയമം അനുസരിക്കുന്ന സംഘടനയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയ്‌ക്കെതിരെയും പ്രവർത്തകർക്കെതിരെയും അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് പൊലീസിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഇത്തരം സംഗതികൾ വി.എച്ച്.പി പൊറുപ്പിക്കില്ല. വ്യാജ കേസെടുത്ത്, പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചാൽ വി.എച്ച്.പി യുദ്ധം ആരംഭിക്കുമെന്നും ബൻസാൽ മുന്നറിയിപ്പ് നൽകി.

ഡൽഹി പൊലീസിനെ പ്രതിക്കൂട്ടിലാക്കി വസ്തുതാന്വേഷണ റിപ്പോർട്ട്

ജഹാംഗീർപുരി വർഗീയസംഘർഷത്തിൽ ഡൽഹി പൊലീസിനെ പ്രതിക്കൂട്ടിലാക്കി വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. 'തോക്കുകളും വാളുകളും മറ്റു ആയുധങ്ങളുമേന്തിയ 200 പേർ പ്രകോപന മുദ്രാവാക്യങ്ങളുമായി ഘോഷയാത്ര നടത്താൻ പൊലീസ് അനുമതി നൽകിയെന്നും വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിച്ചപ്പോൾ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും സി.പി.എം, സി.പി.ഐ അടക്കമുള്ള ഏഴ് ഇടതുപക്ഷ സംഘടനകളും ഒരുകൂട്ടം അഭിഭാഷകരും ചേർന്ന് തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വർഗീയ സംഘർഷം നടന്ന സമയത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആദേഷ് ഗുപ്തയും ഹൻസ്രാജ് ഹൻസ് എം.പിയും പൊലീസ് സ്റ്റേഷനിൽ വാർത്താസമ്മേളനം നടത്തിയത് ഞെട്ടിച്ചുവെന്നും വസ്തുതാന്വേഷണ സംഘം പറഞ്ഞു.

ജഹാംഗീർപുരി സംഘർഷത്തിൽ ഇരുസമുദായങ്ങളിൽനിന്നുള്ളവരെയും അറസ്റ്റ് ചെയ്തുവെന്നും ഇരുകൂട്ടർക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡൽഹി പൊലീസ് പറഞ്ഞു. പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് വിശദീകരണം. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന പറഞ്ഞു. കുറ്റവാളിയെന്ന് കാണുന്ന ഏത് വ്യക്തിയെയും ജാതിയും മതവും സമുദായവും വർഗവും നോക്കാതെ പിടികൂടുമെന്നും രാകേഷ് അസ്താന പറഞ്ഞു.

Summary: Will launch 'battle' against Delhi Police if any action is taken against our activists: VHP national spokesperson Vinod Bansal told PTI

TAGS :

Next Story