Quantcast

ഒരാൾക്ക് വില 500 രൂപ! 22 കുട്ടികളെ കടത്തി ജ്വല്ലറി ഉടമ; ഒരു നേരത്തെ ഭക്ഷണം നൽകി 18 മണിക്കൂർ അടിമവേല!

ആഭരണ നിർമാണ യൂനിറ്റിലെ ഇടുങ്ങിയ മുറിയിൽ അടച്ചുപൂട്ടിയാണ് കുട്ടികളെ പണിയെടുപ്പിച്ചതെന്ന് റിപ്പോർട്ട്

MediaOne Logo

Web Desk

  • Updated:

    2023-06-17 05:47:23.0

Published:

17 Jun 2023 5:46 AM GMT

ഒരാൾക്ക് വില 500 രൂപ! 22 കുട്ടികളെ കടത്തി ജ്വല്ലറി ഉടമ; ഒരു നേരത്തെ ഭക്ഷണം നൽകി 18 മണിക്കൂർ അടിമവേല!
X

ജയ്പൂർ: രാജസ്ഥാനിൽനിന്ന് കുട്ടിക്കടത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ജയ്പൂരിലെ ഒരു ജ്വല്ലറി ഉടമയാണ് 22 കുട്ടികളെ ബിഹാറിൽനിന്ന് കടത്തിയതായി റിപ്പോർട്ടുള്ളത്. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെത്തിച്ച് 18 മണിക്കൂറോളം കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിച്ചെന്നും വെളിപ്പെടുത്തലുണ്ട്.

ജയ്പൂർ പൊലീസും ശിശുക്ഷേമ സമിതിയും എൻ.ജി.ഒ ആയ നയാ സവേരയുമാണ് ഞെട്ടിപ്പിക്കുന്ന കുട്ടിക്കടത്തിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ഷാനവാസ് എന്ന ഗുഡ്ഡുവാണ് ബിഹാറിലെ സിതാമർഹിയിൽനിന്നും മുസഫർപൂരിൽനിന്നും കുട്ടികളെ ചുളുവിലയ്ക്ക് കടത്തിയത്. ഒരാൾക്ക് 500 രൂപ എന്ന നിരക്കിലാണ് ഇയാൾ കുട്ടികളെ മാതാപിതാക്കളിൽനിന്ന് വാങ്ങിയത്.

ജയ്പൂരിനടുത്തുള്ള ഭട്ട ബസ്തിയിലാണ് കുട്ടികളെ എത്തിച്ചത്. ഇവിടെ ഗുഡ്ഡുവും ഭാര്യയും ചേർന്ന് ഇടുങ്ങിയ മുറിയിൽ കുട്ടികളെ അടച്ചുപൂട്ടി മണിക്കൂറുകളോളം പണിയെടുപ്പിക്കുകയായിരുന്നു. തുടർച്ചയായി 18 മണിക്കൂർ നേരമാണ് ആഭരണ നിർമാണ യൂനിറ്റിൽ കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിച്ചത്. ഒരു നേരത്തെ ഭക്ഷണം മാത്രമാണ് ഇവർക്ക് നൽകിയിരുന്നതെന്നും റിപ്പോർട്ടുണ്ട്.

പൊലീസ് വരുന്ന വിവരം അറിഞ്ഞ് ഗുഡ്ഡുവും ഭാര്യയും ഒളിവിൽപോയിരിക്കുകയാണ്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ നാല് മക്കളെ വീട്ടിൽ ഉപേക്ഷിച്ചാണ് രണ്ടുപേരും കടന്നുകളഞ്ഞത്.

ജൂൺ 12നാണ് പൊലീസിൽ കുട്ടിക്കടത്തുമായി ബന്ധപ്പെട്ട ആദ്യ പരാതി ലഭിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് കുട്ടികളുടെ കരച്ചിൽകേട്ട അയൽവാസികൾ ശിശുക്ഷേമ സമിതിയെയും നൊബേൽ ജേതാവ് കൈലാഷ് സത്യാർത്ഥിയുടെ നേതൃത്വത്തിലുള്ള 'ബച്ഛ്പൻ ബച്ഛാവോ ആന്ദോളനെ'യും വിവരമറിയിക്കുകയായിരുന്നു. ആന്ദോളനാണ് പൊലീസിൽ പരാതി നൽകിയത്.

പരാതി നൽകിയാൽ ക്രൂരമായി മർദിക്കുമായിരുന്നുവെന്ന് കുട്ടികൾ പൊലീസിനോട് വെളിപ്പെടുത്തി. മാസത്തിൽ രണ്ടു തവണ മാത്രമാണ് മാതാപിതാക്കളോട് ഫോണിൽ സംസാരിക്കാൻ അനുമതിയുള്ളത്. സ്പീക്കറിലേ വിളിക്കാൻ പറ്റൂ. മോശമായി ഒന്നും മാതാപിതാക്കളോട് പറയരുതെന്നും ഭീഷണിയുണ്ടായിരുന്നുവെന്നും കുട്ടികൾ വെളിപ്പെടുത്തി.

കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യനില മോശമായവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാവരെയും ബിഹാറിലെ സാമൂഹികക്ഷേമ ബോർഡിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

Summary: Jaipur jewellery owner purchased children from Bihar for 500 rupees and forced them to work for 18 hours

TAGS :

Next Story