Quantcast

ആദ്യം പ്രവർത്തിക്കുക, പിന്നെ ചിന്തിക്കുക, 'സ്വയം പ്രഖ്യാപിത വിശ്വഗുരു'വിന്റെ പതിവ്; പരിഹാസവുമായി ജയറാം രമേശ്

നോട്ട് പിൻവലിച്ച നടപടിയിൽ വൻ ട്രോളുകളും വിമർശനവുമാണ് കേന്ദ്രസർക്കാരിനും ആർ.ബി.ഐയ്ക്കുമെതിരെ ഉയരുന്നത്.

MediaOne Logo

Web Desk

  • Published:

    19 May 2023 4:30 PM GMT

jairam ramesh mocks modi over withdrawn of 2000 rupee notes
X

ന്യൂഡൽഹി: രാജ്യത്ത് 2,000 രൂപാ നോട്ടുകൾ പിൻവലിക്കുകയും വിനിമയം നിർത്തുകയും ചെയ്ത റിസർവ് ബാങ്ക് നടപടിയിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. ആദ്യം പ്രവർത്തിക്കുക, പിന്നെ ചിന്തിക്കുക എന്നതാണ് 'സ്വയം പ്രഖ്യാപിത വിശ്വഗുരു'വിന്റെ പതിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പെയ്ത് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

2016 തുഗ്ലക്ക് പരിഷ്‌കാരത്തിന്റെ ഭാഗമായി ഇറക്കിയ 2000 രൂപ നോട്ടുകൾ ഇപ്പോൾ പിൻവലിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'നമ്മുടെ സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്റെ പതിവ്- ആദ്യം പ്രവർത്തിക്കുക, പിന്നെ ചിന്തിക്കുക. 2016 നവംബർ എട്ടിലെ തുഗ്ലക്ക് പരിഷ്കാരത്തിന് ശേഷം കൊട്ടിഘോഷിച്ച് അവതരിപ്പിച്ച 2000 രൂപ നോട്ടുകൾ ഇപ്പോൾ പിൻവലിക്കുകയാണ്'- അദ്ദേഹം ട്വീറ്റ് ചെയ്തു.

നോട്ട് പിൻവലിച്ച നടപടിയിൽ വൻ ട്രോളുകളും വിമർശനവുമാണ് കേന്ദ്രസർക്കാരിനും ആർ.ബി.ഐയ്ക്കുമെതിരെ ഉയരുന്നത്. നോട്ടുനിരോധനം പരാജയമായിരുന്നു എന്നതിന്റെ മറ്റൊരു തെളിവാണ് ഈ നടപടിയെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർ.ബി.ഐ ഉത്തരവിറക്കിയത്.

നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്തംബർ 30 വരെ ഉപയോഗിക്കാം. അതുവരെ നോട്ടുകളുടെ നിയമ പ്രാബല്യം തുടരും.

മേയ് 23 മുതൽ 2000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ പറഞ്ഞിരിക്കുന്നത്. നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ വിശദീകരണം.

2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിന്നാലെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ, 2000 നോട്ടിന്റെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. നോട്ടുകൾ മാറ്റിയെടുക്കാൻ അന്ന് ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു.

ഈ സാഹചര്യം വൻ കോലാഹലങ്ങൾക്കും നിരവധി പേരുടെ മരണത്തിനും പൊലീസ് മർദനത്തിനും പ്രതിഷേധത്തിനും വഴിവച്ചിരുന്നു. നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും എട്ടു മാസത്തിനിടെ ബാങ്കുകളിൽ തിരികെയെത്തിയിരുന്നു.





TAGS :

Next Story