രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 മരണം
ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.

ജയ്പൂര്‍: രാജസ്ഥാനിൽ ബസിന് തീപിടിച്ച് 20 മരണം. ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം.
ജയ്സാൽമീറിൽ നിന്ന് 57 യാത്രക്കാരുമായാണ് ബസ് പുറപ്പെട്ടത്. ജയ്‌സാൽമീറിൽ ഏകദേശം 20 കിലോമീറ്റർ ബസ് പിന്നിട്ടപ്പോഴാണ് അപകടം. യാത്രക്കാരാണ് ബസിന്‍റെ പുറകുവശം തീപടരുന്നത് കണ്ടത്. എന്നാൽ യാത്രക്കാരെല്ലാം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തീ ബസിലേക്ക് പടരുകയായിരുന്നു.
തീപിടത്തത്തിൽ പരിക്കേറ്റവരെ ജയ്സാൽമീറിലെ ജവഹർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണസംഖ്യ ഉയരുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരണസംഖ്യ വീണ്ടും ഉയരാനാണ് സാധ്യത.
ഗ്രാമവാസികളും മറ്റ് വാഹന യാത്രക്കാരും ചേർന്നാണ് ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. വൈകാതെ അഗ്നിശമന സേനയും പൊലീസും സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.
മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും അറിയിച്ചു. ബസ് തീപ്പിടിക്കാനുണ്ടായ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Adjust Story Font
16

