ജമാഅത്തെ ഇസ്‌ലാമി നേതാവ് കെ.എം ശരീഫ് അന്തരിച്ചു
കർണാടക, ഗോവ സംസ്ഥാനങ്ങൾക്കായുള്ള ജമാഅത്തെ ഇസ്‌ലാമി ഉപദേശക സമിതി അംഗമായിരുന്നു

മംഗളൂരു: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുതിർന്ന നേതാവും മത, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന കെ.എം. ശരീഫ് (85) അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
സന്മാർഗ വാരികയും ശാന്തി പ്രകാശനയും പ്രസിദ്ധീകരിക്കുന്ന സന്മാർഗ പബ്ലിക്കേഷൻ ട്രസ്റ്റിന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റുമായിരുന്നു അദ്ദേഹം.
ബാബുക്കട്ടെയിലെ ശാന്തി വിദ്യാഭ്യാസ ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണത്തിന്റെ ശക്തമായ വക്താവായിരുന്ന അദ്ദേഹം ഹസ്സനിലെ മൻസൂറ അറബിക് കോളേജിന്റെ സ്ഥാപക അംഗം കൂടിയായിരുന്നു. കർണാടക, ഗോവ സംസ്ഥാനങ്ങൾക്കായുള്ള ജമാഅത്തെ ഇസ്‌ലാമി ഉപദേശക സമിതി അംഗമായിരുന്നു.
ലാളിത്യം, വിനയം, ജമാഅത്തിനോടും സാമൂഹിക മത സംരംഭങ്ങളോടുമുള്ള സമർപ്പണം എന്നിവക്ക് പേരുകേട്ട കെ.എം. ഷരീഫ്, വിദ്യാഭ്യാസത്തിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും സമൂഹ വികസനത്തിൽ ആഴത്തിൽ ഇടപെട്ടിരുന്നു. പ്രശസ്ത വാഗ്മിയും ചിന്തകനും സന്മാർഗ വാരികയുടെ സ്ഥാപക എഡിറ്ററുമായിരുന്ന പരേതനായ ഇബ്രാഹിം സയീദ് സഹോദരനാണ്.
ആറ് മക്കളടങ്ങുന്നതാണ് കുടുംബം. ബുധനാഴ്ച രാവിലെ 10ന് മംഗളൂരു ബന്തർ സീനത്ത് ബക്ഷ് ജുമാ മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കുമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.
Adjust Story Font
16

