Quantcast

'ആർഎസ്എസ് ചിന്താഗതിയുള്ള ആളാണ്'; ഹിമന്ത കോൺഗ്രസിലായിരുന്ന കാലത്ത് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് സോണിയക്ക് കത്ത് നൽകിയിരുന്നു: അർഷദ് മദനി

2015ലാണ് ഹിമന്ത ബിശ്വ ശർമ ബിജെപിയിൽ ചേർന്നത്

MediaOne Logo

Web Desk

  • Published:

    29 Aug 2025 4:13 PM IST

Jamiat Chiefs Himanta Sarma Claim Gets BJP Reply
X

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കോൺഗ്രസിലായിരുന്ന സമയത്ത് അദ്ദേഹത്തിന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്ത് നൽകിയിരുന്നുവെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർഷദ് മദനി. ഹിമന്ത ആർഎസ്എസ് ചിന്താഗതിയുള്ള വ്യക്തിയാണെന്ന് കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടതെന്നും അർഷദ് മദനി പറഞ്ഞു.

''ഹിമന്ത ബിശ്വ ശർമക്ക് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് ഞാൻ സോണിയാ ഗാന്ധിക്ക് കത്തെഴുതി. കാരണം അദ്ദേഹം ആർഎസ്എസ് ചിന്താഗതിയുള്ള വ്യക്തിയായിരുന്നു. ഇപ്പോൾ അദ്ദേഹം അസമിന് തീയിടുകയാണ്''- അർഷദ് മദനി ചൂണ്ടിക്കാട്ടി.

ബംഗാളി മുസ്‌ലിംകളെ കുടിയൊഴിപ്പിക്കുന്നത് അടക്കം അസം സർക്കാരിന്റെ നടപടികൾ വലിയ വിവാദമാകുന്ന പശ്ചാത്തലത്തിലാണ് ഹിമന്തയുടെ സംഘ്പരിവാർ ബന്ധം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് വ്യക്തമാക്കി അർഷദ് മദനി രംഗത്തെത്തിയിരിക്കുന്നത്. മദനിയുടെ പരാമർശത്തിന് എതിരെ രൂക്ഷ വിമർശനമാണ് ബിജെപി നേതാക്കൾ ഉന്നയിച്ചത്.

ഇന്ന് മദനി തനിക്ക് മുന്നറിയിപ്പ് നൽകുന്നു, രാഹുൽ ഗാന്ധി നേരത്തെ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അസമിലെ ജനങ്ങൾ തനിക്കൊപ്പം അവരെ നേരിടും. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി തദ്ദേശീയ ജനതക്ക് തിരിച്ചുനൽകുന്നത് തുടരുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

2001ലാണ് ഹിമന്ത ജലുക്ബാരി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി എംഎൽഎ ആവുന്നത്. 2006ലും 2011ലും അദ്ദേഹം മണ്ഡലം നിലനിർത്തി. കോൺഗ്രസ് മന്ത്രിസഭകളിൽ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ്, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.

മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് 2014ൽ ഹിമന്ത പാർട്ടി വിട്ടു. 2015 ആഗസ്റ്റിൽ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചു. 2016ൽ വീണ്ടും നിയമസഭാംഗമായ ഹിമന്ത സർബാനന്ദ സോനോവാൾ മന്ത്രിസഭയിൽ അംഗമായി. 2021ൽ ബിജെപി കേന്ദ്ര നേതൃത്വത്തിൽ സ്വാധീനം ചെലുത്തി സോനോവാളിനെ മാറ്റി അസം മുഖ്യമന്ത്രിയായി.

TAGS :

Next Story