പഹൽഗാം ഭീകരാക്രമണം; 26 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം
ഭീകരാക്രമണത്തിലെ പങ്ക് നിഷേധിച്ച് പാക് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി

ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തിൽ നടുങ്ങി രാജ്യം. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. പരിക്കേറ്റ 15 പേർ ചികിത്സയിലാണ്. ഭീകരാക്രമണം നടന്ന പഹൽഗാമിലെ ബൈസരൻ വാലി അമിത്ഷാ സന്ദർശിച്ചു. അതേസമയം, ഭീകരാക്രമണത്തിലെ പങ്ക് നിഷേധിച്ച് പാക് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 26 പേർക്കാണ് ജീവൻ നഷ്ടമായത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില ഗുരുതരമാണ്. അനന്തനാഗ് ആശുപത്രിയിലാണ് പരിക്കേറ്റവർ ചികിസയിൽ കഴിയുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർക്കായുള്ള അരിച്ചുപെറുക്കിയുള്ള തെരച്ചിലാണ് പ്രദേശത്ത് നടക്കുന്നത്. സേനയും പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. കേസ് അന്വേഷിക്കുന്ന എൻ ഐ എ സംഘവും പഹൽഗാമിലെത്തി. പ്രദേശത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ശ്രീനഗറിൽ എത്തിച്ച മൃതദേഹങ്ങളിൽ അമിത്ഷാ ആദരാഞ്ജലി അർപ്പിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും കണ്ടു. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ളവരും ആദരാഞ്ജലി അർപ്പിച്ചു.
ഹെലികോപ്റ്റർ മാർഗം മന്ത്രി ബൈസാരൻ വാലിയിലെത്തി ഭീകരാക്രമണം നടന്നസ്ഥലം സന്ദർശിച്ചു . സൗദിയിൽ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി തുടങ്ങിയവരുമായി സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര മന്ത്രിസഭായോഗവും ഇന്ന് വൈകിട്ട് ചേരും. ഭീകരാക്രമണത്തിൽ പങ്ക് നിഷേധിച്ച് പാക് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. അക്രമത്തിൽ പ്രതിഷേധിച്ച് കശ്മീരിൽ വിവിധ വ്യാപാര സംഘടനകൾ ബന്ദ് ആചാരിക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശ്രീനഗറിലെ ജമ്മുവിലും പ്രകടനം നടത്തി. ഭീകരാക്രമണത്തിന് പിന്നാലെ നിരവധി സഞ്ചാരികൾ കശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുകയാണ്.
Adjust Story Font
16

