Quantcast

ആനന്ദ് അംബാനിയുടെ വിവാഹം: പത്ത് ദിവസത്തേക്ക് ജാംനഗർ ഡിഫൻസ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി

പാകിസ്താൻ അതിർത്തിയോട് ചേർന്ന ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്താവളത്തിന് ഫെബ്രുവരി 25 മുതൽ മാർച്ച് അഞ്ച് വരെയാണ് അന്താരാഷ്ട്ര പദവി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2024-03-03 09:14:38.0

Published:

2 March 2024 10:35 AM GMT

Jamnagar Defence Airport get international status for 10 days for Anand Ambani-Radhika Merchant wedding
X

ന്യൂഡൽഹി:ഇന്ത്യൻ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹം പ്രമാണിച്ച് പത്ത് ദിവസത്തേക്ക് ഗുജറാത്തിലെ ജാംനഗറിലെ ഡിഫൻസ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി. വിവാഹത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അതിഥികളെത്തുന്ന സാഹചര്യത്തിൽ അടുത്തുള്ള വിമാനത്താവളത്തിന് നരേന്ദ്ര മോദി സർക്കാർ അസാധാരണ നടപടിയിലൂടെ പദവി നൽകിയെന്നാണ് ദി വയർ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താൻ അതിർത്തിയോട് ചേർന്ന ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്താവളത്തിന് ഫെബ്രുവരി 25 മുതൽ മാർച്ച് അഞ്ച് വരെയാണ് അന്താരാഷ്ട്ര പദവി നൽകിയത്. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയായി ജാംനഗറിൽ മൂന്നു ദിവസങ്ങളിലായാണ് വിവാഹാഘോഷം. വ്യവസായി വീരേൻ മെർച്ചൻറിന്റെ മകളും 29കാരിയുമായ രാധിക മർച്ചന്റുമായാണ് ആനന്ദിന്റെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പം പുലർത്തുന്നയാളാണ് ഗുജറാത്തിൽനിന്നുള്ള മുകേഷ് അംബാനി.

ഫെബ്രുവരി 28നും മാർച്ച് നാലിനുമിടയിൽ ജാം നഗർ വിമാനത്താവളത്തിൽ 2000ത്തിലേറെ അതിഥികളുമായി 150 വിമാനമെങ്കിലും വരുമെന്നാണ് ദി ഹിന്ദു ബിസിനസ് ലൈനിനെ ഉദ്ധരിച്ച് ദി വയർ റിപ്പോർട്ട് ചെയ്യുന്നത്. '50 വിമാനങ്ങൾ വിദേശ സ്ഥലങ്ങളിൽ നിന്ന് നേരിട്ടെത്തും. ഈ അഞ്ച് ദിവസങ്ങളിൽ വിമാനത്താവളത്തിൽ 300-ലധികം വിമാനങ്ങൾ എയർപോർട്ടിലെത്തും' ജാംനഗറിലെ എയർപോർട്ട് ഡയറക്ടർ ഡി.കെ. സിംഗ് പറഞ്ഞതായും വ്യക്തമാക്കി. ഈ വിമാനങ്ങളിൽ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള അതിഥികൾ ഉൾപ്പെടെ ഏകദേശം 2,000 പേരെ പ്രീ വെഡ്ഡിംഗ് പരിപാടിയിൽ പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

'ജംനഗർ വിമാനത്താവളത്തിലെ വിമാന സർവീസിൽ ഇത് പല മടങ്ങുള്ള കുതിച്ചുചാട്ടമാണ്, പ്രതിദിനം ശരാശരി മൂന്ന് ഷെഡ്യൂൾ ചെയ്തതും അഞ്ച് ഷെഡ്യൂൾ ചെയ്യാത്തതുമായ വിമാനങ്ങൾ മാത്രമേ ഇവിടെ നിന്ന് കൈകാര്യം ചെയ്തിരുന്നുള്ളൂ' റിപ്പോർട്ടിൽ പറഞ്ഞു. വിമാനത്താവളത്തിൽ കസ്റ്റംസ്, ഇമിഗ്രേഷൻ, ക്വാറന്റൈൻ (CIQ) സൗകര്യം ഒരുക്കുന്നതിന് കേന്ദ്രആരോഗ്യ മന്ത്രാലയവും ധനമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സമ്മർദ്ദം ചെലുത്തിയതായി ദ ഹിന്ദു റിപ്പോർട്ട് പറയുന്നു.

സ്വകാര്യ വിമാനങ്ങൾക്ക് എയർപോർട്ടിലെ അതീവ സുരക്ഷയുള്ള 'സാങ്കേതിക' മേഖലയിലേക്ക് പ്രവേശനം അനുവദിക്കുക മാത്രമല്ല, വിവാഹത്തിനെത്തുന്ന അതിഥികളുടെ സൗകര്യത്തിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എ.എ.ഐ) പാസഞ്ചർ കെട്ടിടം വികസിപ്പിക്കുകയും ചെയ്തു. ഇതോടെ തിരക്കേറിയ സമയങ്ങളിൽ മുമ്പ് 180 യാത്രികരെ ഉൾക്കൊണ്ട കെട്ടിടത്തിൽ ഇപ്പോൾ 360 യാത്രികരെ സ്വീകരിക്കാനാകും.

'വിപുലീകരണ പ്രവർത്തനങ്ങൾ വളരെ നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും (അംബാനി കല്യാണം) പരിപാടിക്കായി വേഗത്തിലാക്കി' പേര് വെളിപ്പെടുത്താത്ത എയർപോർട്ട് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. സൗകര്യങ്ങൾക്കൊപ്പം വിമാനത്താവളം ജീവനക്കാരെയും വർധിപ്പിച്ചതായി റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

'നിലവിലുള്ള 16 പേർക്ക് പുറമെ ഹൗസ് കീപ്പിംഗ് സ്റ്റാഫായി മുപ്പത്തിയഞ്ച് പേരെ കൂടി ചേർത്തിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 35 ൽ നിന്ന് 70 ആയി ഗുജറാത്ത് സർക്കാർ മാറ്റി. ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസികൾ അവരുടെ ജീവനക്കാരുടെ എണ്ണം 65 ൽ നിന്ന് 125 ആയി ഉയർത്തി' ദി ഹിന്ദു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

വിവാഹ പരിപാടിക്ക് വരുന്ന വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ പ്രതിരോധ വിമാനത്താവളത്തിന് സമീപം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് അനുമതി നൽകിയിട്ടുണ്ടെന്നും ദി ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് കൂട്ടിച്ചേർത്തു.

കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി മോദി തന്റെ മൻ കി ബാത്ത് റേഡിയോ പ്രസംഗത്തിൽ സമ്പന്നരായ ഇന്ത്യക്കാരോട് 'വെഡ് ഇൻ ഇന്ത്യ'(വിവാഹ ചടങ്ങ് ഇന്ത്യയിൽ നടത്താൻ) അഭ്യർത്ഥിച്ചിരുന്നു. അംബാനിയുടെ വിവാഹത്തിനായി ജാംനഗർ പ്രതിരോധ വിമാനത്താവളത്തിൽ മോദി സർക്കാർ നടത്തിയ ഒരുക്കം ഈ ആഹ്വാനത്തിന്റെ ഭാഗമാണോയെന്ന് വ്യക്തമല്ല. ഡിസംബർ 29ന് രാജസ്ഥാനിലെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം. മാർച്ച് ഒന്നിന് ജാംനഗറിൽ വിവാഹം നടക്കുമെന്ന് വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

വിദേശത്തു നിന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജസിം അൽഥാനി, കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ, ആസ്ത്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റുഡ്, സ്വീഡിഷ് മുൻ പ്രധാനമന്ത്രി കാൽ ബിൽറ്റ്, യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്, ബൊളീവിയൻ മുൻ പ്രസിഡണ്ട് ജോർജ് ക്വിറോഗരെ, മൈക്രോസോഫ്റ്റ് സിഇഒ ബിൽ ഗേറ്റ്സ്, മെറ്റ സിഇഒ മാർക് സക്കർബർഗ്, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, സൗദി ആരാംകോ ചെയർപേഴ്സൺ യാസിർ അൽ റുമയ്യാൻ, വാൾട് ഡിസ്നി സിഇഒ ബോബ് ഇഗർ, ഇന്ത്യയിൽ നിന്ന് ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിങ്, ആലിയ ഭട്ട്, അർജുൻ കപൂർ, സംവിധായകൻ ആറ്റ്ലി, ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ, അദാനി ചെയർമാൻ ഗൗതം അദാനി തുടങ്ങി അതിഥികളുടെ വമ്പൻനിര തന്നെ വിവാഹത്തിനെത്തുന്നുണ്ട്.

വിവാഹാഘോഷത്തിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ വിഖ്യാത പോപ് ഗായിക റിഹാനയെത്തും. റിഹാനയെ കൊണ്ടുവരാൻ 8-9 ദശലക്ഷം യുഎസ് ഡോളറാണ് (6674 കോടി ഇന്ത്യൻ രൂപ) ചെലവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്തിരുന്നു. റിഹാന ട്രൂപ്പിനൊപ്പം വ്യാഴാഴ്ച ജാംനഗറിലെത്തി. വിമാനത്താവളത്തിൽനിന്നുള്ള ഇവരുടെ ചിത്രങ്ങൾ പുറത്തുവന്നു. വെള്ളിയാഴ്ച മുതൽ ആഘോഷങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ആൻ ഈവനിങ് ഇൻ എവർലാൻഡ് എന്നാണ് മൂന്നു ദിവസത്തെ ആഘോഷത്തിന് പേരു നൽകിയിട്ടുള്ളത്. ജാംനഗറിലെ മോടി ഖാവ്ഡി ഗ്രാമത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ടൗൺഷിപ്പിലാണ് വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ. ജൂലൈയിലാണ് വിവാഹം.

Jamnagar Defence Airport get international status for 10 days for Anand Ambani-Radhika Merchant wedding

TAGS :

Next Story