Quantcast

'ജനനായകൻ' വൈകും; റിലീസ് അനുമതിക്ക് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ; 'പരാശക്തി' വരും

സെൻസർ ബോർഡ് നൽകിയ അപ്പീലാണ് സിനിമയ്ക്ക് തിരിച്ചടിയായത്.

MediaOne Logo

Web Desk

  • Updated:

    2026-01-09 14:28:57.0

Published:

9 Jan 2026 6:12 PM IST

Jananayakan Movie release delayed Division Bench stays release approval
X

ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിൽ. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ റിലീസ് അനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് കോടതിയുടെ നിർണായക ഇടപെടൽ. ഇതോടെ, സിനിമയുടെ റിലീസ് ഇനിയും വൈകും. എന്നാൽ, ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി.

ഇന്ന് രാവിലെ സിനിമ റിലീസ് ചെയ്യാൻ നൽകാൻ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. വിധിക്ക് പിന്നാലെ സെൻസർ ബോർഡ് നൽകിയ അപ്പീലാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. ബോർഡിന്റെ ഈ നിലപാട് കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ അടിയന്തര സ്റ്റേ.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയിലായിരുന്ന ആരാധകരെയും സിനിമാ ലോകത്തെയും നിരാശയിലാഴ്ത്തിയിരിക്കുകയാണ് സ്റ്റേ നടപടി. വിദേശ രാജ്യങ്ങളിലടക്കം മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരിച്ചുനൽകേണ്ടി വരുന്നതിലൂടെ നിർമാതാക്കൾക്ക് 50 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെ അടിയന്തരമായി സുപ്രിംകോടതിയിൽ ഹരജി നൽകാനാണ് നിർമാണ കമ്പനിയുടെ തീരുമാനം. ജനനായകൻ ഇത്തരത്തിൽ കടുത്ത നിയമപോരാട്ടം നടത്തുമ്പോൾ, സമാനമായ സെൻസർ പ്രതിസന്ധികൾ നേരിട്ടിരുന്ന ചിത്രം പരാശക്തി സെൻസർ ബോർഡിന്റെ അംഗീകാരം നേടിയെടുത്തു എന്നതും ശ്രദ്ധേയമാണ്. നിർദേശിച്ച മാറ്റങ്ങൾ വരുത്താൻ അണിയറപ്രവർത്തകർ തയ്യാറായതോടെ പരാശക്തിക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. 'ജനനായകന്' തടസങ്ങൾ തുടരുമ്പോൾ മറ്റൊരു സിനിമയ്ക്ക് അനുമതി ലഭിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും വിജയ് ആരാധകർ ഉയർത്തുന്നുണ്ട്.

TAGS :

Next Story