ബിരിയാണി കൈ കൊണ്ട് കഴിക്കുന്നതാണോ സ്പൂൺ ഉപയോഗിക്കുന്നതാണോ കൂടുതൽ രുചികരം; ജാപ്പനീസ് അംബാസിഡറുടെ മറുപടി ഇങ്ങനെ!
ന്യൂഡൽഹിയിലെ ആന്ധ്രാ ഭവനിലാണ് ഒനോ ബിരിയാണി കഴിച്ചത്

ഡൽഹി: ബിരിയാണി ഇഷ്ടമില്ലാത്ത ഇന്ത്യാക്കാരുണ്ടാകില്ല. പ്രദേശം അനുസരിച്ച് ബിരിയാണിയുടെ രുചിയിലും രൂപത്തിലുമെല്ലാം വ്യത്യാസങ്ങളുണ്ടാകാമെങ്കിലും നമ്മളെല്ലാം ആത്യന്തികമായി ബിരിയാണിയുടെ ആരാധകരാണ്. രാജ്യത്തെത്തുന്ന വിദേശികൾ പോലും നമ്മുടെ ബിരിയാണി കഴിച്ച കയ്യടിക്കാറുണ്ട്. ഇന്ത്യയിലെ ജാപ്പനീസ് അംബാസിഡര്‍ ഒനോ കെയ്‌ച്ചി അടുത്തിടെ താൻ ബിരിയാണി കഴിച്ച അനുഭവം പങ്കുവച്ചത് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
ന്യൂഡൽഹിയിലെ ആന്ധ്രാ ഭവനിലാണ് ഒനോ ബിരിയാണി കഴിച്ചത്.''എന്‍റെ ഇന്ത്യൻ സുഹൃത്തുക്കളെ പിന്തുടര്‍ന്ന് കൈ കൊണ്ട് ബിരിയാണി കഴിച്ചു'' അദ്ദേഹം എക്സിൽ കുറിച്ചു. കൈ കൊണ്ട് എങ്ങനെയാണ് ബിരിയാണി കഴിക്കുന്നതെന്ന് ഒരാൾ അദ്ദേഹത്തെ പഠിപ്പിക്കുന്ന വീഡിയോയും അംബാസിഡര്‍ പങ്കുവച്ചിട്ടുണ്ട്. ബിരിയാണി കൈ കൊണ്ട് ഉപയോഗിക്കുമ്പോൾ ജപ്പാൻ വിഭവമായ സുഷി പോലെ രുചികരമാണെന്നും അദ്ദേം പറയുന്നു. “എന്റെ സുഹൃത്തുക്കളുമായി ഞാൻ കുറച്ചുകൂടി അടുത്തതായി തോന്നുന്നു'' അദ്ദേഹം കുറിക്കുന്നു. പോസ്റ്റിൽ വളരെ നല്ലത് എന്ന് തെലുഗിൽ എഴുതിയിട്ടുമുണ്ട്.
കൈ കൊണ്ട് കഴിച്ചതല്ല, മറിച്ച് നിങ്ങളുടെ ഊഷ്മളതയും തുറന്ന മനസ്സുമാണ് ആളുകളെ കൂടുതൽ അടുപ്പിക്കുന്നതെന്നായിരുന്നു ഒരു ഉപയോക്താവിന്‍റെ പ്രതികരണം. "അതെ, കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തെ കൂടുതൽ രുചികരമാക്കുന്നു. ഇന്ത്യക്കാർ ചെയ്യുന്നതുപോലെ നിങ്ങൾ ഭക്ഷണം കഴിക്കുന്നത് കാണാൻ വളരെ സന്തോഷം" മറ്റൊരാൾ അഭിപ്രായപ്പെട്ടു. "നിങ്ങൾ വ്യത്യസ്തമായ ഒരു സംസ്കാരത്തെ ഇത്ര മനോഹരമായി സ്വീകരിക്കുന്നത് കാണാൻ സന്തോഷം! അതുകൊണ്ടാണ് ഇന്ത്യക്കാർ ജാപ്പനീസിനെയും നിങ്ങളുടെ സംസ്കാരത്തെയും സ്നേഹിക്കുന്നത്. നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ! ഒരു ഉപയോക്താവ് കുറിച്ചു.
ഇതാദ്യമായല്ല ഒനോ കെയ്‌ച്ചി ബിരിയാണി ആസ്വദിക്കുന്നത്. കഴിഞ്ഞ വർഷം, തെലങ്കാനയിലേക്കുള്ള ഒരു ഔദ്യോഗിക സന്ദർശന വേളയിൽ, 25 വർഷം പഴക്കമുള്ള ഒരു ബിരിയാണി ഹോട്ട്‌സ്‌പോട്ടിൽ അദ്ദേഹം പരമ്പരാഗത ഇന്ത്യൻ വിഭവം ആസ്വദിച്ചിരുന്നു. ആ സമയത്ത്, ഒരു സ്പൂണും ഫോർക്കും ഉപയോഗിച്ചാണ് ബിരിയാണി കഴിച്ചത്.
Adjust Story Font
16

