Quantcast

ഗുസ്തി താരങ്ങള്‍ക്ക് ജാട്ട് പിന്തുണ: നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് വെല്ലുവിളി

ഖാപ് പഞ്ചായത്തുകൾക്ക് സ്വാധീനം ഏറെയുള്ള ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമരം പൊളിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്

MediaOne Logo

Web Desk

  • Published:

    11 Jun 2023 1:32 AM GMT

jat community wrestlers protest challenge for bjp in 4 states
X

ഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരത്തിന് ജാട്ട് വിഭാഗം നൽകുന്ന പിന്തുണ നാല് സംസ്ഥാനങ്ങളിലാണ് ബി.ജെ.പിക്ക് രാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്നത്. ഖാപ് പഞ്ചായത്തുകൾക്ക് സ്വാധീനം ഏറെയുള്ള ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമരം പൊളിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ജാട്ട് സമുദായ വോട്ടുകൾ ബി.ജെ.പിക്ക് നിർണായകമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാൻ ഒരുങ്ങവെ ദേശീയ തലത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ പ്രാദേശിക തലത്തിലും ബി.ജെ.പിയെ പ്രതിസന്ധിയിൽ ആക്കുന്ന ഘടകമാണ് ഗുസ്തി താരങ്ങളുടെ സമരം. ഹരിയാനയിൽ സംസ്ഥാന കായിക മന്ത്രിക്ക് എതിരെയുള്ള ഗുസ്തി താരങ്ങളുടെ സമരം മുന്നിൽ നിന്ന് നയിച്ചതും കർഷക സമൂഹം ഉൾക്കൊള്ളുന്ന ജാട്ട് സമുദായമാണ്.

ജാട്ടിൻ്റെ ശക്തി കേന്ദ്രങ്ങളായ ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളടങ്ങിയ ഹിന്ദി ബെൽറ്റിൽ ഗുസ്തി താരങ്ങളുടെ സമരം വലിയ ആഘാതം ബി.ജെ.പിക്ക് സൃഷ്ടിക്കും എന്നാണ് വിലയിരുത്തല്‍. ജനസംഖ്യയിൽ 25 ശതമാനത്തിന് മുകളിലാണ് ഹരിയാനയിലെ ജാട്ട് സമുദായം. ഹരിയാനയിൽ ജാട്ട് ഇതര വോട്ട് ബാങ്ക് സൃഷ്ടിച്ച ബി.ജെ.പിക്ക് പ്രത്യക്ഷത്തിൽ ഇവർ വെല്ലുവിളി സൃഷ്ടിക്കില്ലെങ്കിലും പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഇതല്ല സ്ഥിതി. ഇതിന് ഉദാഹരണമാണ് 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ ജാട്ട് വിഭാഗങ്ങളുടെ പിന്തുണയിൽ ഉത്തർപ്രദേശിൽ ആർ.എൽ.ഡി സൃഷ്ടിച്ച മുന്നേറ്റം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും സ്വാധീനമുള്ള മേഖലകളിൽ ജാട്ട് തങ്ങളുടെ ശക്തി കാണിച്ചു. ഭൂപേന്ദ്ര ചൗധരി, സഞ്ജീവ് ബല്യാൻ, സത്യപാൽ സിംഗ് തുടങ്ങിയ ജാട്ട് നേതാക്കളെ രംഗത്തിറക്കിയിട്ടു പോലും ബി.ജെ.പിക്ക് രക്ഷയുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം ലക്ഷ്യം വെക്കുന്ന രാജസ്ഥാനിലും ബി.ജെ.പിയെ സംബന്ധിച്ച് ജാട്ട് നിർണായക ശക്തിയാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കരിമ്പ് കൃഷി ചെയ്യുന്ന കർഷകർ ഉൾപ്പടെയുള്ള ജാട്ട് സമുദായത്തിന് ഹിന്ദി ബെൽറ്റിലെ ലോക്സഭാ മണ്ഡലങ്ങളിലെ സ്വാധീനവും ബി.ജെ.പിക്ക് വെല്ലുവിളിയാണ്.

TAGS :

Next Story