Quantcast

ജെ.എന്‍.യു വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവം: എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ഇടതു വിദ്യാർഥി സംഘടനകളും ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയനും നൽകിയ പരാതിയിലാണ് കേസ്.

MediaOne Logo

Web Desk

  • Updated:

    2022-04-11 04:26:40.0

Published:

11 April 2022 4:11 AM GMT

ജെ.എന്‍.യു വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവം: എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
X

ഡല്‍ഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർഥികളെ ആക്രമിച്ച കേസിൽ എ.ബി.വി.പി പ്രവർത്തകർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഇടത് വിദ്യാർഥി സംഘടനകളും ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയനും നൽകിയ പരാതിയിലാണ് കേസ്.

രാമനവമി ദിവസത്തില്‍ ജെ.എന്‍.യു ഹോസ്റ്റലില്‍ മാംസം വിളമ്പി എന്ന് ആരോപിച്ചാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചത്. പെൺകുട്ടികളെ അടക്കം ക്രൂരമായി മർദിക്കുകയായിരുന്നു. രാമനവമി ദിവസത്തിൽ കോളജിൽ മാംസം പാകം ചെയ്യരുതെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശത്തെ വിദ്യാർഥികൾ എതിർത്തു. ഇതോടെ വൈകുന്നേരം ക്യാമ്പസില്‍ വാക്കുതർക്കമുണ്ടായി. രാത്രി എ.ബി.വി.പി പ്രവർത്തകർ കാന്‍റീന് മുന്നിലെത്തുകയും വിദ്യാർഥികളെ അക്രമിക്കുകയുമായിരുന്നു.

അക്രമണത്തിൽ മലയാളികളടക്കം 50 പേർക്ക് പരിക്കേറ്റു. എന്നാൽ ഇടതുപ്രവര്‍ത്തകര്‍ ഹോസ്റ്റലിലെ പൂജ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് എ.ബി.വി.പിയുടെ ആരോപണം. ആക്രമണത്തെ കുറിച്ച് പൊലീസിനെയും കോളജ് അധികൃതരെയും അറിയിച്ചിട്ടും ഇടപെടൽ ഉണ്ടായില്ലെന്ന് വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് പറഞ്ഞു. ആക്രമിച്ച എ.ബി.വി.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പുലര്‍ച്ചെ വരെ ഉപരോധം നീണ്ടു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം.

ജെഎൻയുഎസ്‌യു, എസ്‌എഫ്‌ഐ, ഡിഎസ്‌എഫ്, എഐഎസ്‌എ അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 341, 509, 506, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെളിവുകൾ ശേഖരിക്കുന്നതിനും പ്രതികളെ തിരിച്ചറിയുന്നതിനുമായി കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Summary- Delhi Police have registered an FIR in connection with a clash in the Jawaharlal Nehru University (JNU) campus, allegedly over non-vegetarian food being served in the hostel mess on the occasion of Ram Navami. Case against ABVP workers registered

TAGS :

Next Story