Quantcast

താടി കണ്ട് മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചു; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദനം

റാലിയില്‍ പങ്കെടുക്കാന്‍ ബി.ജെ.പിയില്‍നിന്ന് പൈസ കിട്ടിയിട്ടുണ്ടെന്ന സ്ത്രീകളുടെ വെളിപ്പെടുത്തല്‍ കാമറയില്‍ പകര്‍ത്തിയതിനു പിന്നാലെയായിരുന്നു രാഘവ് ത്രിവേദിക്കുനേരെ ആക്രമണം നടന്നത്

MediaOne Logo

Web Desk

  • Published:

    13 May 2024 6:28 AM GMT

Mistaken for Muslim, journalist beaten up at Amit Shah’s rally in UPs Rae Bareilly, Raghav Trivedi attack, Molitics reporter attack, BJP, Lok Sabha 2024, Elections 2024
X

ലഖ്‌നൗ: അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദനം. താടി കണ്ടു മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'മൊളിറ്റിക്‌സ്' റിപ്പോര്‍ട്ടര്‍ രാഘവ് ത്രിവേദിക്കാണു മര്‍ദനമേറ്റത്.

ഇന്നലെ റായ്ബറേലിയില്‍ നടന്ന അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. റാലിക്കെത്തിയ ചില സ്ത്രീകളുമായി സംസാരിക്കുകയായിരുന്നു രാഘവ്. റാലിയില്‍ പങ്കെടുക്കാന്‍ പൈസ കിട്ടിയിരുന്നുവെന്നും അതുകൊണ്ടാണ് ഇങ്ങോട്ടു വന്നതെന്നും ഈ സ്ത്രീകള്‍ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തിയിരുന്നു. ഓരോരുത്തര്‍ക്കും 100 വീതമാണു ലഭിച്ചത്. ഇതിനു പിന്നാലെയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ പൊതിഞ്ഞ് ആക്രമണം തുടങ്ങിയത്.

''ഞാന്‍ റാലി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പൈസ കിട്ടിയതുകൊണ്ടാണ് തങ്ങള്‍ ഇവിടെ വന്നതെന്ന് റാലിക്കെത്തിയവരില്‍ ചില സ്ത്രീകള്‍ എന്നോട് വെളിപ്പെടുത്തി. അല്‍പം കഴിഞ്ഞാണ് ബി.ജെ.പിക്കാര്‍ വന്ന് കാമറ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. പിന്നാലെ ആക്രമണവും തുടങ്ങി.''-രാഘവ് ത്രിവേദി പറഞ്ഞു.

പൊലീസും മറ്റു മാധ്യമപ്രവര്‍ത്തകരുമെല്ലാം പരിസരത്തുണ്ടായിരുന്നു. സഹായം ചോദിച്ചിട്ടും ആരും വന്നില്ല. കാമറാമാന്‍ ഉടന്‍ സ്ഥലം വിടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താടിവച്ച്, കുര്‍ത്തയും പൈജാമയും ഉടുത്തിരുന്നതുകൊണ്ട് ഞാന്‍ മുസ്‌ലിമാണെന്നാണ് അവര്‍ കരുതിയിരുന്നതെന്നും രാഘവ് വെളിപ്പെടുത്തി.

റാലി നടന്ന വേലിക്കടുത്തുള്ള വെയ്റ്റിങ് റൂമിലേക്കു കൊണ്ടുപോയും മര്‍ദനം തുടര്‍ന്നു. മുല്ലാ(മുസ്‌ലിം), ഭീകരവാദി എന്നെല്ലാം വിളിച്ചായിരുന്നു ആക്രമണം. റാലിയില്‍ പങ്കെടുക്കാന്‍ പണം ലഭിച്ചെന്ന സ്ത്രീകളുടെ വെളിപ്പെടുത്തല്‍ പകര്‍ത്തിയ വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു മര്‍ദനം തുടര്‍ന്നു. സ്ഥലത്തുനിന്നു രക്ഷപ്പെട്ട കാമറാമാന്റെ കൈവശമാണ് വിഡിയോ ഉള്ളതെന്നു പറഞ്ഞുനോക്കിയെങ്കിലും ഇവര്‍ വെറുതെവിട്ടില്ല. പരിസരത്ത് 50ഓളം പൊലീസുകാരുണ്ടായിരുന്നു. അവരാരും രക്ഷയ്‌ക്കെത്തിയില്ല. 200ഓളം തവണ തല്ലും ഇടിയും കൊണ്ടെന്ന് രാഘവ് പറഞ്ഞു.

ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് അക്രമികള്‍ വെറുതെവിട്ടത്. റൂമില്‍നിന്നു പുറത്തിറങ്ങിയ രാഘവ് ബോധരഹിതനായി വീണു. തുടര്‍ന്ന് ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

റാലി റിപ്പോര്‍ട്ട് ചെയ്യാനായി ഡല്‍ഹിയില്‍നിന്ന് എത്തിയതായിരുന്നു രാഘവ് ത്രിവേദി. റാലിക്കിടയില്‍ കണ്ട ചില സ്ത്രീകളാണ് നൂറു രൂപ നല്‍കാമെന്നു പറഞ്ഞ് ഗ്രാമമുഖ്യന്‍ ഇവരെ പരിപാടിയിലേക്കു കൂട്ടിക്കൊണ്ടുവന്ന വിവരം വെളിപ്പെടുത്തിയത്. പ്രസംഗം തീരുംമുന്‍പ് ചില സ്ത്രീകള്‍ സ്ഥലം കാലിയാക്കുന്നതു കണ്ടു ചോദിച്ചപ്പോഴായിരുന്നു സ്ത്രീകളുടെ മറുപടി. ഇതേക്കുറിച്ച് പ്രാദേശിക ബി.ജെ.പി നേതാക്കളോടും ആരാഞ്ഞു രാഘവ്. എന്നാല്‍, തുടക്കത്തില്‍ നേതാക്കള്‍ സംഭവം നിഷേധിച്ചു. സ്ത്രീകള്‍ പറഞ്ഞതിന്റെ ദൃശ്യങ്ങളുണ്ടെന്നു പറഞ്ഞതോടെ ഇവര്‍ ആളൊഴിഞ്ഞ ഭാഗത്തേക്കു കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയായിരുന്നു. വിഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതോടെയാണ് ആക്രമണം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തിയത്.

സംഭവത്തില്‍ രാഘവിനൊപ്പമുണ്ടായിരുന്ന കാമറാമാന്‍ സഞ്ജീത് സാഹ്നി നല്‍കിയ പരാതിയില്‍ തിരിച്ചറിയാനാകാത്ത ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ.പി.സി 147(കലാപമുണ്ടാക്കല്‍), 323(ദേഹോപദ്രവം വരുത്തല്‍), 504(ബോധപൂര്‍വം സമാധാനം തകര്‍ക്കാനുള്ള നടപടികള്‍) തുടങ്ങിയ വകുപ്പുകളാണ് അക്രമികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി റായ്ബറേലി സര്‍ക്കിള്‍ ഓഫിസര്‍ അമിത് സിങ് പറഞ്ഞു.

ആക്രമണത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ പരാജയഭീതിയാണു സംഭവം കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തങ്ങൾക്കെതിരെ ഉയരുന്ന ഒരു ശബ്ദവും ബി.ജെ.പി വച്ചുപൊറുപ്പിക്കില്ലെന്നതിന്റെ തെളിവാണു സംഭവമെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു. ഭരണഘടന ഇല്ലായ്മ ചെയ്യാനായി കാംപയിൻ നടത്തുന്ന അവർ രാജ്യത്തെ ജനാധിപത്യം അവസാനിപ്പിച്ച് ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനാണു ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

ബി.ജെ.പി പരാജയം മണക്കുന്നതിന്റെ അടയാളമാണ് മാധ്യമപ്രവർത്തകനു നേരെ നടന്ന ആക്രമണമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. യു.പിയിലെ ക്രമസമാധാനനിലയുടെ യാഥാർഥ്യമാണിത്. അക്രമം നടത്തി തെരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചത്തിസ്ഗഢ് മുൻ മുഖ്യമന്ത്രിയും യു.പിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗൽ രാഘവിനെ ആശുപത്രിയിൽ സന്ദർശിച്ചു. മുല്ല എന്നു വിളിച്ചാണ് രാഘവിനെ ബി.ജെ.പി ഗുണ്ടകൾ ക്രൂരമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കു ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നു തെളിയിക്കുകയാണ് ഈ സംഭവം. ചോദ്യം ചോദിക്കുമ്പോൾ അക്രമാസക്തരാകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Summary: Mistaken for Muslim, journalist beaten up at Amit Shah’s rally in UP's Rae Bareilly

TAGS :

Next Story