Quantcast

ഭാരത രത്‌നയിൽ അദ്വാനിയെയും മോദിയെയും വിമർശിച്ചു; മുതിർന്ന മാധ്യമപ്രവർത്തകനെതിരെ കേസ്

ഒരു കലാപകാരി മറ്റൊരു കലാപകാരിക്ക് നൽകുന്ന പുരസ്‌കാരം എന്നായിരുന്നു നിഖിൽ എക്‌സിൽ പോസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    9 Feb 2024 4:18 PM GMT

LKAdvani, Adwanibharatratna, NarendraModi, NikhilWagle, Pune
X

നിഖില്‍ വാഗ്ലെ

മുംബൈ: ഭാരത രത്‌ന പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയെയും വിമർശിച്ചതിന് മാധ്യമപ്രവർത്തകനെതിരെ കേസ്. മുതിർന്ന മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെയ്‌ക്കെതിരെയാണ് പൂനെ പൊലീസ് കേസെടുത്തത്. ബി.ജെ.പി നേതാവിന്റെ പരാതിയിലാണു നടപടി.

ഭാരത രത്‌ന പ്രഖ്യാപിച്ചതിനു പിന്നാലെ അദ്വാനിയെയും മോദിയെയും വിമർശിച്ച് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണു നടപടി. ഒരു കലാപകാരി മറ്റൊരു കലാപകാരിക്ക് നൽകുന്ന പുരസ്‌കാരം എന്നായിരുന്നു നിഖിൽ എക്‌സിൽ പോസ്റ്റ് ചെയ്തത്. മോദി, അദ്വാനി എന്ന് ഹാഷ്ടാഗായും ചേർത്തിരുന്നു. ഇതു നേതാക്കൾക്കെതിരായ അപകീർത്തി പരാമർശമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവായ സുനിൽ ദിയോധറാണ് വിശ്രംബാഗ് പൊലീസിൽ പരാതി നൽകിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ(വിവിധ സമൂഹങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 500(അപകീർത്തി പരാമർശം), 505(സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കാനിടയാക്കുന്ന പ്രസ്താവന) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നിഖിൽ വാഗ്ലെയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതിനിടെ പൂനെയിൽ നടക്കുന്ന 'നിർഭയ് ബാനു' പരിപാടിയിൽ നിഖിൽ സംസാരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ജയിലിൽ അടയ്ക്കപ്പെട്ടാലും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് നിഖിൽ വ്യക്തമാക്കി. ഇത് അപഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീഷണികളെ വിലകൽപ്പിക്കുന്നില്ലെന്നും പൂനെ പരിപാടിയിൽ പങ്കെടുക്കുമെന്നും നിഖിൽ വാഗ്ലെ വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈ സ്വദേശിയായ നിഖിൽ വാഗ്ലെ മറാഠ മാധ്യമമായ 'മഹാനഗറി'ന്റെ പത്രാധിപരായിരുന്നു. ഐ.ബി.എൻ-ലൊക്മത്, മഹാരാഷ്ട്ര 1 എന്നിവയിലും ജോലി ചെയ്തിട്ടുണ്ട്.

Summary: Senior Journalist Nikhil Wagle booked in Pune for post on LK Advani’s Bharat Ratna

TAGS :

Next Story