Quantcast

ബി.ജെ.പി എം.എൽ.എയ്‌ക്കെതിരായ പ്രതിഷേധം; മാധ്യമപ്രവർത്തകരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് അടിവസ്ത്രത്തില്‍ നിർത്തി പൊലീസ്

വസ്ത്രം ഉപയോഗിച്ച് ആത്മഹത്യ ചെയ്യുന്നത് തടയാനാണ് ഇവരെ അടിവസ്ത്രത്തിൽ നിർത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം

MediaOne Logo

Web Desk

  • Updated:

    2022-04-08 10:27:10.0

Published:

8 April 2022 10:21 AM GMT

ബി.ജെ.പി എം.എൽ.എയ്‌ക്കെതിരായ പ്രതിഷേധം; മാധ്യമപ്രവർത്തകരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് അടിവസ്ത്രത്തില്‍ നിർത്തി പൊലീസ്
X

ഭോപാൽ: ബി.ജെ.പി എം.എൽ.എയ്‌ക്കെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും നാടക കലാകാരന്മാരെയും വസ്ത്രാക്ഷേപം നടത്തി പൊലീസ്. മധ്യപ്രദേശിലാണ് ബി.ജെ.പി നേതാവ് കേദാർനാഥ് ശുക്ലയ്‌ക്കെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനടക്കമുള്ളവരെ പൊലീസ് സ്റ്റേഷനിൽ വസ്ത്രമഴിപ്പിച്ച് അടിവസ്ത്രത്തില്‍ നിർത്തിയത്.

മധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം. കേദാർനാഥ് ശുക്ലയ്ക്കും മകൻ ഗുരുദത്ത് ശുക്ലയ്ക്കുമെതിരെ ഫേസ്ബുക്കിൽ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് നാടക നടനായ നീരജ് കുന്ദറിനെ ദിവസങ്ങൾക്കുമുൻപ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെതിരെ നാടകപ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഒരു ചാനലിന്റെ പ്രാദേശിക റിപ്പോർട്ടറും യൂട്യൂബറുമായ കനിഷ്‌ക് തിവാരി.

പരിപാടിക്കിടെ ബി.ജെ.പി സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയതോടെയാണ് പൊലീസെത്തി കനിഷ്‌കിനെയും കാമറാമാനെയും സ്ഥലത്തുണ്ടായിരുന്ന ഏതാനും നാടകപ്രവർത്തകരെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എം.എൽ.എയ്‌ക്കെതിരെ വാർത്തകൾ ചെയ്യുമല്ലേ എന്നു ചോദിച്ച് കനിഷ്‌കിനെയും കാമറാമാനെയും പൊലീസ് മർദിക്കുകയും വസ്ത്രം അഴിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം. പ്രതിഷേധം സംഘടിപ്പിച്ചവരെയടക്കം പൊലീസ് വസ്ത്രമഴിപ്പിച്ച് നിക്കറിൽ വരിക്കുനിർത്തി. ഇവർക്കെതിരെ അതിക്രമിച്ചുകടക്കൽ, പൊതുസമാധാനം തകർക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. 18 മണിക്കൂറോളം ഇവരെ കസ്റ്റഡിയിൽ പിടിച്ചുവയ്ക്കുകയും ചെയ്തു.

ഇവർ നിക്കറിൽ നിൽക്കുന്ന ഫോട്ടോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് പൊലീസ് സ്റ്റേഷൻ ഇൻ ചാർജായ അഭിഷേക് സിങ് പരിഹാറാണ്. പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഇത്തരത്തിലുള്ള ഫോട്ടോ പ്രചരിപ്പിച്ച് വൈറലാക്കിയിരിക്കുകയാണെന്നും ഇത് തങ്ങളുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കനിഷ്‌ക് ആരോപിച്ചു. വാർത്ത റിപ്പോർട്ട് ചെയ്താൽ നഗരത്തിലൂടെ വസ്ത്രമഴിപ്പിച്ച് നടത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇദ്ദേഹം പറയുന്നു.

'വസ്ത്രം അഴിപ്പിച്ചത് ആത്മഹത്യ ഒഴിവാക്കാൻ'

സംഭവം വിവാദമായതോടെ വിചിത്രകരമായ വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ഇവർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്നാണ് പൊലീസ് ഇന്നു പ്രതികരിച്ചത്. പൊലീസിനും ഭരണകൂടത്തിനും എതിരെ പ്രതിഷേധിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ പ്രശസ്തരായ വ്യക്തികളെയും രാഷ്ട്രീയക്കാരെയും അപകീർത്തിപ്പെടുത്തിയതിന് നീരജ് കുന്ദറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് അയാളുടെ സുഹൃത്തുക്കളും കുടുംബവുമടങ്ങുന്ന 30 പേർ ധർണ നടത്തി പ്രതിഷേധിച്ചു. ഇക്കൂട്ടത്തിൽ യൂട്യൂബറുമുണ്ടായിരുന്നു- പൊലീസ് പറഞ്ഞു. വസ്ത്രം ഉപയോഗിച്ച് ആത്മഹത്യ ചെയ്യുന്നത് തടയാനാണ് ഇവരെ അടിവസ്ത്രത്തിൽ നിർത്തിയതെന്നും പൊലീസ് വിശദീകരിച്ചു.

Summary: Journalist and Protesters against BJP MLA forced to strip down to undergarments inside lock-up in Madhya Pradesh

TAGS :

Next Story