Quantcast

വിരമിച്ച ജഡ്ജിമാർ സർക്കാർ പദവികൾ സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കും: ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്

താനും തന്റെ നിരവധി സഹപ്രവർത്തകരും വിരമിച്ച ശേഷം ഒരു സർക്കാർ പദവിയും സ്വീകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2025-06-04 12:54:59.0

Published:

4 Jun 2025 5:58 PM IST

Judges Accepting Govt Posts Or Contesting Elections Soon After Retirement Undermines Public Trust In Judiciary : CJI BR Gavai
X

ന്യൂഡൽഹി: വിരമിച്ചതിന് പിന്നാലെ ജഡ്ജിമാർ സർക്കാർ പദവികൾ സ്വീകരിക്കുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നതിനെ വിമർശിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. ഇത്തരം രീതികൾ ധാർമികത സംബന്ധിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തുകയും ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. യു.കെ സുപ്രിംകോടതി സംഘടിപ്പിക്കുന്ന റൗണ്ട് ടേബിൾ ഡിസ്‌കഷന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമർശനം.

വിരമിച്ച ഉടൻ തന്നെ ഒരു ജഡ്ജി സർക്കാർ പദവികൾ സ്വീകരിക്കുകയോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി പദവി രാജിവെക്കുകയോ ചെയ്താൽ അത് വലിയ ധാർമിക ചോദ്യങ്ങൾ ഉയർത്തുകയും ജനങ്ങളുടെ നിരീക്ഷണത്തിന് കാരണമാവുകയും ചെയ്യും. ഒരു ജഡ്ജി രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജുഡീഷ്യറിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടും.

വിരമിച്ച ഉടൻ തന്നെ ജഡ്ജിമാർ പദവികൾ ഏറ്റെടുക്കുമ്പോൾ നേരത്തെ അണിയറക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന സംശയം ജനങ്ങൾക്കിടയിൽ ഉണ്ടാകും. അത് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെയും വിശ്വാസ്യതയേയും നിഷ്പക്ഷ നിലപാടിനെയും ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

താനും തന്റെ നിരവധി സഹപ്രവർത്തകരും വിരമിച്ച ശേഷം ഒരു സർക്കാർ പദവിയും സ്വീകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജുഡീഷ്യറിയുടെ വിശ്വാസ്യതയും നിഷ്പക്ഷതയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ തീരുമാനമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

TAGS :

Next Story