ഹാഥ്‌റസ് ദുരന്തം: 'വീഴ്ച സംഘാടകരുടേത്'; ആൾദൈവത്തെ പരാമർശിക്കാതെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്
സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്രിമിനൽ ഗൂഢാലോചനാ സാധ്യതയും കമ്മീഷൻ മുന്നോട്ട് വെക്കുന്നുണ്ട്

ലഖ്നൗ: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവം സംഘാടകരുടെ ഗുരുതരമായ വീഴ്ചയാണെന്ന് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. കഴിഞ്ഞ ജൂലൈ രണ്ടിനാണ് വിവാദ ആൾദൈവം ഭോലെ ബാബയുടെ പ്രസംഗം കേൾക്കാൻ എത്തിയവരായിരുന്നു തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. പ്രഭാഷണം കഴിഞ്ഞ ബാബ മടങ്ങിയതിന് പിന്നാലെ ഇയാളുടെ കാൽചുവട്ടിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ പോകുകയും ഇതിനിടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ ആൾദൈവം സുരാജ് പാല്‍ എന്ന ഭോലെ ബാബയുടെ പേര് പരാമർശിക്കുന്നില്ല. പൊലീസിന്‍റെ എഫ്ഐആറിലും ഭോലെ ബാബയുടെ പേരുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് 1,670 പേജുള്ള റിപ്പോർട്ട് യുപി നിയമസഭയിൽ സമർപ്പിച്ചത്. ചടങ്ങിനിടെ ഒരു സംഘം ആളുകൾ വിഷം തളിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നായിരുന്നു ഭോലെ ബാബ ആരോപിച്ചിരുന്നു. എന്നാൽ ഇത് ജുഡീഷ്യൽ റിപ്പോർട്ടിൽ തള്ളുന്നുണ്ട്. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. 80,000 പേർക്കായിരുന്നു പരിപാടിയിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ രണ്ടര, മൂന്ന് ലക്ഷത്തിനടത്ത് ആളുകളായിരുന്നു പരിപാടിക്കെത്തിയത്. ഇവർക്കു വേണ്ട സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയില്ലെന്നും ഇക്കാര്യങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഭരണാധികാരികൾ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്.അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ബ്രിജേഷ് കുമാർ ശ്രീവാസ്തവ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ഹേമന്ത് റാവു, റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ ഭാവേഷ് കുമാർ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
പരിപാടിയുടെ വേദിയിലേക്കെത്താനും പുറത്തേക്ക് പോകാനും പ്രത്യേകം റൂട്ട് മാപ്പ് തയ്യാറാക്കിയിരുന്നില്ല. യാതൊരു സുരക്ഷാ ഒരുക്കങ്ങളും പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയിരുന്നില്ല. സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാൻ ഭരണകൂടം ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.പൊലീസിന് പകരം ഭോലെ ബാബയുടെ ആളുകൾ ജനക്കൂട്ട നിയന്ത്രണത്തിന്റെ ചുമതല ഏറ്റെടുത്തതോടെ സ്ഥിതി കൂടുതൽ വഷളാക്കി.
പത്ത് ദിവസം മുമ്പുതന്നെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഭക്തർ ഘട്ടം ഘട്ടമായി പരിപാടി സ്ഥലത്തേക്ക് എത്തിയിരുന്നു.എന്നാൽ പൊലീസ്, ഭരണകൂടം, അഗ്‌നിശമന വകുപ്പ്, പിഡബ്ല്യുഡി മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരൊന്നും പരിശോധന നടത്തിയിട്ടില്ലെന്ന് കമ്മീഷൻ കൂട്ടിച്ചേർത്തു. അതേസമയം, ആൾക്കൂട്ടദുരന്തത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുടെ സാധ്യതയും കമ്മീഷൻ മുന്നോട്ട് വെക്കുന്നുണ്ട്. പരിപാടി നിയന്ത്രിച്ചിരുന്ന ഭോലെ ബാബയുടെ ആളുകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സർക്കാറിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനക്ക് സാധ്യതയുണ്ടെന്നും ഇതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ജുഡീഷ്യൽ റിപ്പോർട്ട് മുന്നോട്ട് വെക്കുന്നു.
Adjust Story Font
16

