'സ്വന്തമായി ട്രാൻസ്ഫോര്‍മര്‍ കൊണ്ടുവന്ന് വയ്ക്കൂ'; വൈദ്യുതി തടസത്തെക്കുറിച്ച് പറഞ്ഞ യുപി മന്ത്രിയോട് ജൂനിയര്‍ എഞ്ചിനിയര്‍, സസ്പെൻഷൻ
മന്ത്രി സുരേഷ് റാഹിയോടാണ് മോശമായി പെരുമാറിയത്

സീതാപൂര്‍: വൈദ്യുതി തടസത്തെക്കുറിച്ച് പറഞ്ഞ യുപി മന്ത്രിയോട് ഫോണിൽ അപമര്യാദയായി പെരുമാറിയ ജൂനിയര്‍ എഞ്ചിനിയര്‍ക്ക് സസ്പെന്‍ഷൻ. ചൊവ്വാഴ്ച സീതാപൂര്‍ ജില്ലയിലാണ് സംഭവം. മന്ത്രി സുരേഷ് റാഹിയോടാണ് മോശമായി പെരുമാറിയത്.
ഹർഗാവ് പ്രദേശത്തെ കൊരിയ ഉദ്‌നാപൂർ ഗ്രാമത്തിൽ 24 മണിക്കൂറായി വൈദ്യുതി മുടങ്ങിയിരുന്നു. കേടായ ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി ജൂനിയർ എഞ്ചിനീയർ (ജെഇ) രമേശ് മിശ്രയെ ബന്ധപ്പെട്ടപ്പോൾ ഉദ്യോഗസ്ഥൻ പരുഷമായി പ്രതികരിക്കുകയും ട്രാൻസ്‌ഫോർമർ സ്വയം കൊണ്ടുവരാൻ റാഹിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതിൽ രോഷാകുലനായ മന്ത്രി ഗ്രാമത്തിലെത്തി ട്രാൻസ്‌ഫോർമര്‍ തന്‍റെ വാഹനത്തിൽ കയറ്റി ഹുസൈൻഗഞ്ച് പവർഹൗസിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ജൂനിയര്‍ എഞ്ചിനിയറെ കഴിവില്ലാത്തവനെന്ന് വിശേഷിപ്പിച്ച റാഹി പൊതുജനങ്ങളുടെ പരാതികൾ അവഗണിക്കുകയും അനാവശ്യ റെയ്ഡുകൾ വഴി ബിജെപി പ്രവർത്തകരെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. ഊർജ മന്ത്രിയുൾപ്പെടെ വകുപ്പിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിന് പിന്നാലെ, മിശ്രയെ ഉടൻ സസ്‌പെൻഡ് ചെയ്യുന്നതായി ഊർജ മന്ത്രി എ.കെ ശർമ അറിയിച്ചു. "സീതാപൂർ ജില്ലയിലെ ഹർഗാവിലെ വൈദ്യുതി വകുപ്പിലെ ജൂനിയർ എഞ്ചിനീയർ (ജെഇ) മന്ത്രി സുരേഷ് റാഹിയോട് കാണിച്ച അവിവേക പെരുമാറ്റം തികച്ചും അസ്വീകാര്യമാണ്'' അദ്ദേഹം എക്സിൽ കുറിച്ചു.
റാഹിയുമായി നേരിട്ട് സംസാരിച്ചതായും ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനും മധ്യാഞ്ചൽ വിദ്യുത് വിതരൻ നിഗം ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരോട് സംഭവം അന്വേഷിക്കാൻ നിർദേശിച്ചതായും ശർമ കൂട്ടിച്ചേർത്തു. ഭാവിയിൽ സമാനമായ മോശം പെരുമാറ്റം ഉണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് എല്ലാ വൈദ്യുതി വകുപ്പ് ജീവനക്കാർക്കും മുന്നറിയിപ്പ് നൽകി.
#Sitapur — In the Uttar Pradesh government,officials once again embarrassed a minister.
— Ladai Jhagda (@LadaiJhagda) August 6, 2025
In video Minister suresh rahi talking to Power department officials. pic.twitter.com/quqFzxKsF5
Adjust Story Font
16

