ഡോണ്ട് സേവ് ദി ഡേറ്റ്...! മകളുടെ വിവാഹനിശ്ചയത്തിന് ദിവസങ്ങൾക്ക് മുമ്പ് വരന്റെ മാതാവിനൊപ്പം ഒളിച്ചോടി 50കാരൻ
50കാരനെ ഉപേക്ഷിക്കാൻ വിസമ്മതിച്ച സ്ത്രീ, അയാൾക്കൊപ്പം താമസിക്കാനാണ് താത്പര്യമെന്നും കുടുംബത്തെയും പൊലീസിനേയും അറിയിച്ചു.

Photo| Special Arrangement
ഭോപ്പാൽ: കല്യാണത്തിന്റെ തലേന്നും ശേഷവുമൊക്കെ വധു ആൺസുഹൃത്തിനൊപ്പം ഒളിച്ചോടുന്ന വാർത്തകൾ കേട്ടിട്ടുണ്ട്. മരുമകനൊപ്പം ഒളിച്ചോടിയ സ്ത്രീകളും മരുമകൾക്കൊപ്പം ഒളിച്ചോടിയ പുരുഷന്മാരും ഉണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു ഒളിച്ചോട്ടത്തെ കുറിച്ചാണ് പറയുന്നത്.
മകളുടെ വിവാഹനിശ്ചയത്തിന് ഏതാനും ദിവസം മുമ്പ് അവരുടെ ഭാവി അമ്മായിയമ്മയോടൊപ്പം മധ്യവയസ്കൻ ഒളിച്ചോടി. മധ്യപ്രദേശിലെ ഉജ്ജൈനിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവം പുറത്തറിഞ്ഞതെങ്കിലും എട്ട് ദിവസം മുമ്പാണ് ഇരുവരും ഒളിച്ചോടിയത്.
ഉന്ത്വാസ സ്വദേശിയായ 45കാരിയാണ് 50കാരനൊപ്പം ഒളിച്ചോടിയത്. സംഭവത്തിൽ സ്ത്രീയുടെ മകൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചിക്ലി വില്ലേജിൽ നിന്ന് ഇവരെ കണ്ടെത്തുകയുമായിരുന്നു. ഇവിടെ 45കാരിക്കൊപ്പമുണ്ടായിരുന്ന കർഷകനായ 50കാരൻ ഇവരുടെ മകന്റെ പ്രതിശ്രുത വധുവിന്റെ പിതാവാണെന്ന് തെളിഞ്ഞു.
ഭാര്യ മരിച്ച 50കാരൻ രണ്ട് മക്കൾക്കൊപ്പമാണ് താമസിച്ചുവന്നിരുന്നത്. ഇതിനിടെ, 45കാരിയുടെ മകനും ഇയാളുടെ മകളും തമ്മിലുള്ള വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഒരുക്കങ്ങൾ പുരോഗമിക്കവെയാണ് പെൺകുട്ടിയുടെ പിതാവും വരന്റെ മാതാവും തമ്മിൽ ഇഷ്ടത്തിലായതും ഒളിച്ചോടാൻ തീരുമാനിച്ചതും.
'എട്ട് ദിവസം മുമ്പ് 45 വയസുള്ള ഒരു സ്ത്രീയെ കാണാതായതായി പരാതി ലഭിച്ചു. അന്വേഷണത്തിൽ അവർ ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് 50 വയസുള്ള ഒരു കർഷകനോടൊപ്പം പോയതായി കണ്ടെത്തി. അദ്ദേഹത്തിന്റെ മകളും ഇവരുടെ മകനുമായി വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. വിവാഹനിശ്ചയം ഇതുവരെ നടന്നിട്ടില്ല. ഒളിച്ചോടിയ രണ്ടുപേരും ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്'- ടൗൺ പൊലീസ് ഇൻസ്പെക്ടർ അശോക് പടീധാർ പറഞ്ഞു.
50കാരനെ ഉപേക്ഷിക്കാൻ വിസമ്മതിച്ച സ്ത്രീ, അയാൾക്കൊപ്പം താമസിക്കാനാണ് താത്പര്യമെന്നും കുടുംബത്തെയും പൊലീസിനേയും അറിയിച്ചു. വീട്ടിലേക്ക് മടങ്ങാൻ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് 45കാരി. ഇരുവരുടെയും ഒളിച്ചോട്ട വാർത്തയറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് കുടുംബം.
Adjust Story Font
16

