Quantcast

‘ബാബരി തകർച്ച ആകസ്മികമല്ല’: അധികാര ഇടനാഴികളിൽ പതറാത്ത നീതിപീഠം; ലിബർഹാൻ സാബ് വിടപറയുമ്പോൾ

ഇന്ത്യയെ പിടിച്ചുലച്ച ആ റിപ്പോർട്ടിന് പിന്നിൽ ജസ്റ്റിസ് ലിബർഹാന്റെ 17 വർഷത്തെ അന്വേഷണമുണ്ട്

MediaOne Logo
‘ബാബരി തകർച്ച ആകസ്മികമല്ല’: അധികാര ഇടനാഴികളിൽ പതറാത്ത നീതിപീഠം; ലിബർഹാൻ സാബ് വിടപറയുമ്പോൾ
X

നിയമ പുസ്തകങ്ങളുടെ തണുത്ത താളുകളിൽ പേരുകൾ ഒതുങ്ങിപ്പോകുന്ന ന്യായാധിപന്മാരുണ്ട്. എന്നാൽ, സ്വന്തം ജീവിതത്തെ രാജ്യത്തിന്റെ ചരിത്രത്തോടൊപ്പം കൂട്ടിച്ചേർത്ത് വച്ച അപൂർവം ചിലരുണ്ട്. ആ രണ്ടാമത്തെ ഗണത്തിലാണ് ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ എന്ന പേര് അടയാളപ്പെടുത്തിയിരിക്കുന്നത്. 87-ാം വയസ്സിൽ ചണ്ഡീഗഡിൽ അദ്ദേഹം വിടവാങ്ങുമ്പോൾ, ഇല്ലാതാകുന്നത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സങ്കീർണവും രാഷ്ട്രീയപ്രാധാന്യമുള്ളതുമായ ഒരു അന്വേഷണത്തിന് നേതൃത്വം നൽകിയ പ്രഗത്ഭനായ നിയമജ്ഞനാണ്.

ഇന്ത്യൻ രാഷ്ട്രീയത്തെയും സാമൂഹികാന്തരീക്ഷത്തെയും വേരോടെ പിടിച്ചുകുലുക്കിയ ബാബരി മസ്ജിദ് തകർച്ചയുടെ അന്വേഷണച്ചുമതല അദ്ദേഹത്തിൻ്റെ കൈകളിലെത്തുമ്പോൾ, രാജ്യം മുഴുവൻ ആ കോടതിമുറിയിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു. മേശപ്പുറത്ത് കുന്നുകൂടിയ ഫയലുകൾ, ക്യാമറക്കണ്ണുകളുടെ നിരന്തരമായ നിരീക്ഷണം, രാഷ്ട്രീയ കേന്ദ്രങ്ങളുടെ കണ്ണ്... ഏതൊരു സാധാരണക്കാരനെയും സമ്മർദത്തിന്റെ മുൾമുനയിൽ നിർത്താൻ പോന്നതായിരുന്നു 'ലിബർഹാൻ കമ്മീഷന്റെ' അന്തരീക്ഷം. എന്നാൽ, ആ കൊടുങ്കാറ്റിന്റെ നടുവിലും തികഞ്ഞ ശാന്തതയോടെ, നിശബ്ദനായി തൻ്റെ ദൗത്യം നിർവഹിച്ച ഒരു മനുഷ്യനായിരുന്നു ജസ്റ്റിസ് എം.എസ്. ലിബർഹാൻ.

3 മാസത്തിൽ നിന്ന് 17 വർഷങ്ങളിലേക്ക്!

1992 ഡിസംബർ 6-ന് ബാബരി മസ്ജിദ് തകർക്കപ്പെടുകയും രാജ്യവ്യാപകമായി സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്ത ആ കറുത്ത ദിനത്തിന് കൃത്യം പത്തു ദിവസങ്ങൾക്ക് ശേഷം, ഡിസംബർ 16-നാണ് അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു കമ്മീഷൻ പ്രഖ്യാപിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ സമയം വെറും മൂന്ന് മാസമായിരുന്നു.

എന്നാൽ, അധികാരത്തിന്റെ ഇടനാഴികളിലെ സങ്കീർണതകളും തെളിവുകളുടെ മലവെള്ളപ്പാച്ചിലും ആ അന്വേഷണത്തെ നീട്ടിക്കൊണ്ടുപോയി. ഒടുവിൽ, 48 തവണ കാലാവധി നീട്ടിനൽകി, 17 വർഷങ്ങൾക്ക് ശേഷമാണ് ആ റിപ്പോർട്ട് പുറത്തുവന്നത്.ജുഡീഷ്യൽ രംഗത്ത് ഇത്​ പുതിയ ചരിത്രമെഴുതി.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദൈർഘ്യമേറിയ അന്വേഷണ കമ്മീഷനായി ഇത് മാറിയപ്പോഴും, ഇതിൻ്റെ തലവനായ ജസ്റ്റിസ് ലിബർഹാൻ സർവീസ് കാലാവധി കഴിഞ്ഞ് വിരമിച്ചെങ്കിലും തന്റെ ദൗത്യത്തിൽ നിന്ന് പിന്നോട്ട് പോയില്ല.

2009 ജൂൺ 30-ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് മുമ്പാകെ ഈ ഏകാംഗ കമ്മീഷൻ തങ്ങളുടെ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ‘ബാബരി മസ്ജിദ് തകർച്ച പെട്ടെന്നുണ്ടായതോ ആസൂത്രണം ചെയ്യാത്തതോ ആയിരുന്നില്ല’ എന്ന കമ്മീഷന്റെ കണ്ടെത്തൽ വൻ നിയമ-രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചത്.

'1992 ഡിസംബർ ആറിന്​ ദേശീയ-പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പള്ളിത്തകർച്ച. മുഴുവൻ സംഘ്​പരിവാർ നേതാക്കളും അന്നവിടെ നിലയുറപ്പിച്ചിരുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ അവരൊക്കെ ബാബരി മസ്ജിദ്​ ധ്വംസനത്തിൽ ഭാഗഭാക്കായി. ഭരണ-പൊലീസ്​ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും സംഭവസ്​ഥലത്തുണ്ടായിരുന്നു. എല്ലാ നീക്കങ്ങളും രാഷ്​ട്രീയാധികാരം എന്ന ഏക ലക്ഷ്യം മുന്നിൽ കണ്ടായിരുന്നു. രാജ്യത്തിന്റെയും പുറംലോകത്തിന്റെയും മാധ്യമങ്ങളുടെയും കൺമുന്നിലായിരുന്നു ആ ക്രൂരത നടന്നത്​. പള്ളി തകർച്ച തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ല. തകർക്കാൻ പുറപ്പെട്ടവരെ പിടികൂടാൻ ശ്രമിച്ചതുമില്ല'.

ആ റിപ്പോർട്ടിന്റെ ആമുഖത്തിൽ ജസ്​റ്റിസ്​ ലിബർഹാൻ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. അനീതിയുടെ നേർചിത്രമായിരുന്നു ആമുഖത്തിലെ ആ വരികൾ. നൂറിലധികം സാക്ഷികൾക്കായി 399 വിസ്താരങ്ങൾ നടത്തിയ കമ്മീഷൻ എട്ടുകോടി രൂപ ചെലവഴിച്ചു. മസ്ജിദ് തകർക്കുന്നതിനുള്ള ഗൂഢാലോചനയിൽ അദ്വാനി, വാജ്‌പേയി തുടങ്ങിയ സംഘ്​പരിവാർ നേതാക്കളടക്കം കുറ്റക്കാരെന്ന്​ കമ്മീഷൻ വിലയിരുത്തിയ 68 പ്രതികളിൽ 11 സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ബാബരി തകർക്കലിന്റേത് മാത്രമല്ല ഒരു ജന​തയോട് കാണിച്ച അനീതിയായിരുന്നു ആ റിപ്പോർട്ടിലുണ്ടായിരുന്നത്.

കാമറകൾക്ക് മുന്നിൽ വരാത്ത മുഖം

രാജ്യത്തെ ഏറ്റവും വലിയ വാർത്തയുടെ കേന്ദ്രബിന്ദുവായിരുന്നിട്ടും ഒരു ടിവി ചാനലിനും അഭിമുഖം നൽകാത്ത, മാധ്യമശ്രദ്ധയിൽ നിന്ന് എപ്പോഴും അകന്നുനിന്ന അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹം. പേരും പ്രശസ്തിയും ആഗ്രഹിക്കാതെ, തനിക്ക് ഏൽപ്പിച്ച ദൗത്യം സത്യസന്ധമായി പൂർത്തിയാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷവും അതിനെച്ചൊല്ലി വലിയ കോലാഹലങ്ങൾ ഉയർന്നപ്പോഴും അദ്ദേഹം നിശബ്ദത പാലിച്ചു. താൻ പറയേണ്ടതെല്ലാം റിപ്പോർട്ടിൽ കൃത്യമായി എഴുതിവെച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

കോടതിമുറിക്ക് പുറത്തെ 'ചണ്ഡീഗഡുകാരൻ'

1938 നവംബർ 11-ന് ജനിച്ച ജസ്റ്റിസ് ലിബർഹാന്റെ നിയമരംഗത്തേക്കുള്ള യാത്ര വളരെ താഴെത്തട്ടിൽ നിന്നായിരുന്നു ആരംഭിച്ചത്. ഹരിയാനയിലെ അംബാലയിൽ സാധാരണ വക്കീലായി കരിയർ തുടങ്ങി, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ചു. ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായ അദ്ദേഹം പിന്നീട് മദ്രാസ്, ആന്ധ്രാപ്രദേശ് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായി വിരമിച്ചപ്പോഴും, ഉള്ളിലെ ലാളിത്യം ചോർന്നുപോയിരുന്നില്ല. ചണ്ഡീഗഡിലെ അഭിഭാഷക സമൂഹത്തിന് അദ്ദേഹം എപ്പോഴും പ്രിയപ്പെട്ട "ലിബർഹാൻ സാബ്" ആയിരുന്നു.

വിരമിച്ച കാലത്തും വൈകുന്നേരങ്ങളിൽ യുവ അഭിഭാഷകരുമായി സംസാരിക്കാനും, നിയമരംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ച് സംവദിക്കാനും അദ്ദേഹം സമയം കണ്ടെത്തി. എളിമയോടെ സംസാരിക്കുകയും മറ്റുള്ളവരെ കേൾക്കാൻ തയ്യാറാകുകയും ചെയ്ത ഒരു യഥാർഥ 'മെന്റർ' കൂടിയായിരുന്നു അദ്ദേഹം.

"നിയമം എന്നത് പ്രശസ്തിയിലേക്കുള്ള വഴിയല്ല, മറിച്ച് അതൊരു ആജീവനാന്ത പൊതുസേവനമാണ്" എന്ന് വിശ്വസിച്ച തലമുറയുടെ പ്രതിനിധിയായിരുന്നു ജസ്റ്റിസ് ലിബർഹാൻ. ബാബരി റിപ്പോർട്ടിലെ വിവാദങ്ങൾക്കും രാഷ്ട്രീയ അങ്കങ്ങൾക്കുമപ്പുറം, നീതിപീഠത്തിന്റെ അന്തസും സ്വന്തം വ്യക്തിത്വത്തിന്റെ ലാളിത്യവും ഒരേപോലെ കാത്തുസൂക്ഷിച്ച ആ ന്യായാധിപനെ ചരിത്രം എന്നും ഓർമ്മിക്കും.

TAGS :

Next Story