സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു
രാഷ്‌ട്രപതി ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു

ന്യൂഡൽഹി: സുപ്രിംകോടതിയുടെ 53മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു.ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി ഇന്നലെ സ്ഥാനത്തുനിന്ന് വിരമിച്ചിരുന്നു. രാഷ്‌ട്രപതി ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിവരും പങ്കെടുത്തു. ആർട്ടിക്കിൾ 370 റദ്ദാക്കൽ ശരിവെച്ചതുള്‍പ്പെടെ ഒട്ടേറെ സുപ്രധാന വിധികള്‍ പറഞ്ഞ ബെഞ്ചുകളിൽ അംഗമായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്.
ബിഹാർ എസ്ഐആറിൽ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉത്തരവ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ്. ജസ്റ്റിസ് സൂര്യകാന്ത് 2027 ഫെബ്രുവരി ഒന്‍പത് വരെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.
ഹരിയാനയിൽ നിന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 1962 ൽ ഹരിയാനയിലെ ഹിസാർ ജില്ലയിലെ സാധാരണ കർഷക കുടുംബത്തിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നിന്നാണ് നിയമബിരുദം നേടിയത്.
ആദ്യം ജില്ലാ കോടതികളിലും പിന്നീട് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്ത അദ്ദേഹം 38-ാം വയസ്സിൽ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അഡ്വക്കേറ്റ് ജനറലായി. 42-ാം വയസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. 2018 ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2019 മെയ് 24ന് സുപ്രിംകോടതിയിലെത്തി. ആർട്ടിക്കിൾ 370-ാം റദ്ദാക്കിയത് ശരിവെച്ചതുൾപ്പെടെ ഒട്ടേറെ സുപ്രധാന വിധികൾ പറഞ്ഞത് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ചാണ്.
Adjust Story Font
16

