Quantcast

യു.പിയിൽ‍ സംസ്ഥാന വനിതാ കബഡി താരങ്ങൾ‍ക്ക് ഭക്ഷണം പുരുഷന്മാരുടെ കക്കൂസിൽ; വ്യാപക പ്രതിഷേധം

പൂരി പൊരിക്കാനുള്ള പാത്രം പുരുഷന്മാരുടെ യൂറിനൽ നിരയുടെ താഴെയാണ് വച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-09-20 12:05:47.0

Published:

20 Sep 2022 9:51 AM GMT

യു.പിയിൽ‍ സംസ്ഥാന വനിതാ കബഡി താരങ്ങൾ‍ക്ക് ഭക്ഷണം പുരുഷന്മാരുടെ കക്കൂസിൽ; വ്യാപക പ്രതിഷേധം
X

സഹാറൻപൂർ: സംസ്ഥാന വനിതാ കബഡി താരങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണം കക്കൂസിന്റെ തറയിൽ വച്ചുകൊടുത്ത് അധികൃതർ. സഹാറൻപൂരിൽ നടക്കുന്ന അണ്ടർ‍-16 കബഡി ടൂർണമെന്റ് താരങ്ങൾക്കാണ് ദുർ‍​ഗതിയുണ്ടായത്. സഹാറൻപൂരിലെ സ്റ്റേഡിയത്തിലെ ശൗചാലയത്തിലാണ് പെൺകുട്ടികൾക്ക് ഭക്ഷണം ഒരുക്കി അധികൃതർ 'സൽക്കരിച്ചത്'.

പെൺകുട്ടികൾ പുരുഷന്മാരുടെ കക്കൂസിന്റെ തറയിൽ വച്ചിരിക്കുന്ന ചോറും കറികളും പൂരിയും സ്വന്തമായി പ്ലേറ്റുകളിലാക്കി കഴിക്കാനെടുത്തു കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നു. തറയിലൊരു പേപ്പറിലാണ് പൂരി വച്ചിരിക്കുന്നത്.

ഇത് പൊരിക്കാനുള്ള പാത്രം പുരുഷന്മാരുടെ യൂറിനൽ നിരയുടെ താഴെയാണ് വച്ചിരിക്കുന്നത്. ഇതിൽ എണ്ണയും കാണാം. ഇവിടെ വന്ന് ആരെങ്കിലും മൂത്രമൊഴിച്ചാൽ അത് പാത്രത്തിലെ എണ്ണയിലേക്ക് തെറിക്കുന്ന വിധത്തിലാണ് ഇത് വച്ചിരിക്കുന്നത്. കറികൾ തയാറാക്കാനുള്ള സവാളയും ഉരുളക്കിഴങ്ങും തക്കാളിയും മറ്റും തറയുടെ മറ്റൊരു മൂലയിൽ കാണാം.

ഭക്ഷണം വിളമ്പാനുള്ള റൈസ് കട്ടറുകളോ മറ്റോ ഇവിടെയില്ല. കുട്ടികൾ കൈ കൊണ്ടാണ് ചോർ എടുത്ത് പ്ലേറ്റിലേക്കിടുന്നത്. പെൺകുട്ടികൾ ഭക്ഷണം എടുക്കുമ്പോൾ ഒരു ഫോട്ടോ​ഗ്രാഫർ ഇതിനകത്തേക്കു കയറി ചിത്രം പകർത്തുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ പകർ‍ത്തുന്നു എന്നറിഞ്ഞതോടെ രണ്ട് യുവാക്കൾ ചേർന്ന് പൂരി പൊരിക്കാനുള്ള പാത്രം യൂറിനലുകളുടെ താഴെ നിന്ന് എടുത്തുമാറ്റുന്നതും വീഡിയോയിൽ കാണാം.

അതേസമയം, സംഭവത്തിൽ യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ വ്യാപക പ്രതിഷേധമുയർ‍ന്നിട്ടുണ്ട്. ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസും ശിവസേനയും രം​ഗത്തെത്തി. വീഡിയോ പങ്കുവച്ച ശിവസേന എം.പി പ്രിയങ്ക ചതുർവേദി സംഭവത്തിൽ അധികൃതർക്കെതിരെ കർശന നടപടിയാവശ്യപ്പെട്ടു.

നാണക്കേടാണിതെന്നും അവർ ട്വീറ്റ് ചെയ്തു. നമ്മുടെ കായികതാരങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ കഴിയില്ല, പക്ഷേ അവർ സംസ്ഥാന- ദേശീയ ലെവലിൽ വിജയിച്ച് മെഡൽ നേടണമെന്ന് ഭരണകൂടം ആ​ഗ്രഹിക്കുന്നു. എത്രയും വേ​ഗം ബന്ധപ്പെട്ട അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും അവരെ പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സംഭവത്തെ അപലപിച്ച കോൺ​ഗ്രസ് ബി.ജെ.പി സർക്കാരിനെതിരെ ആഞ്ഞടിച്ചു. ''യു.പിക്ക് വേണ്ടി കബഡി കളിക്കുന്ന പെൺകുട്ടികൾക്ക് ടോയ്‌ലറ്റിൽ ഭക്ഷണം വിളമ്പുന്നു. തങ്ങളുടെ നുണകൾ പ്രചരിപ്പിക്കാൻ പണം മുടക്കുന്ന ബി.ജെ.പി സർക്കാരിന് നമ്മുടെ കായികതാരങ്ങൾക്ക് നല്ല സൗകര്യങ്ങൾ ഒരുക്കാൻ പണമില്ല. എന്തൊരു നാണക്കേട്''- കോൺഗ്രസ് ട്വീറ്റ് ചെയ്തു.

സംഭവം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ അന്വേഷണം പ്രഖ്യാപിച്ച അധികൃതർ ജില്ലാ കായികമേധാവിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.


TAGS :

Next Story