Quantcast

'നിത്യാനന്ദ സുരക്ഷിതമായി ജീവനോടെയുണ്ട്'; മരണവാർത്ത തള്ളി കൈലാസ അധികൃതർ

നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരനാണ് മരണവാർത്ത വെളിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    2 April 2025 10:48 AM IST

നിത്യാനന്ദ സുരക്ഷിതമായി ജീവനോടെയുണ്ട്; മരണവാർത്ത തള്ളി കൈലാസ അധികൃതർ
X

ചെന്നൈ: സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയുടെ മരണവാർത്ത തള്ളി കൈലാസ അധികൃതർ. നിത്യാനന്ദ തന്നെ സ്ഥാപിച്ച സാങ്കൽപ്പിക രാജ്യമാണ് കൈലാസ. ഇവിടുത്തെ ഉദ്യോഗസ്ഥരാണ് മരണവാർത്ത തള്ളി വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്. നിത്യാനന്ദ സുരക്ഷിതമായി ജീവനോടെയുണ്ടെന്ന് കുറിപ്പിൽ വ്യക്തമാക്കി. ഇതിന് തെളിവായി ചില വീഡിയോ ദൃശ്യങ്ങളും പ്രസ്താവനക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവാദനായകനായ നിത്യാനന്ദ മരിച്ചെന്ന് ഏപ്രിൽ ഒന്നാണ് തിയ്യതിയാണ് അഭ്യൂഹം പ്രചരിച്ചത്. നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരനാണ് ഇക്കാര്യം അറിയിച്ചത്. സനാതന ധർമം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി ‘ജീവത്യാഗം’ ചെയ്തെന്നാണ് സുന്ദരേശ്വരൻ അനുയായികളെ അറിയിച്ചത്. ഇതിന് പിന്നാലെ നിത്യാനന്ദ മരിച്ചതായി ചില തമിഴ്, ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ നിത്യാനന്ദയെ അപകീർത്തിപ്പെടുത്താനുള്ള ഈ ക്ഷുദ്രകരമായ അപവാദ പ്രചാരണത്തെ കൈലാസ അസന്ദിഗ്ധമായി അപലപിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. മാർച്ച് 30 ന് നടന്ന ഉഗാദി ആഘോഷങ്ങളിൽ നിത്യാനന്ദ പങ്കെടുക്കുന്നതിന്റെ ലൈവ് സ്ട്രീം ലിങ്ക് ഇതിന് തെളിവായി കൈലാസ ഉദ്യോഗസ്ഥർ പങ്കുവെച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തിരുവണ്ണാമല സ്വദേശിയാണ് നിത്യാനന്ദ. സ്വയം പ്രഖ്യാപിത ദൈവമായ നിത്യാനന്ദക്ക് നിരവധി ഭക്തർ ഉണ്ടായിരുന്നു. ഇന്ത്യയിലുടനീളം നിരവധി ആശ്രമങ്ങൾ നടത്തിയിരുന്ന നിത്യാനന്ദ വിവാദങ്ങൾക്ക് പിന്നാലെയാണ് രാജ്യം വിട്ടത്. ലൈംഗികാതിക്രമം, ലൈംഗിക ദുരുപയോഗം, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതിന് പിന്നാലെയായിരുന്നു 2019 ലെ രാജ്യം വിടൽ. താമസിയാതെ തന്നെ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി സാങ്കൽപ്പിക രാജ്യമായ കൈലാസ സ്ഥാപിച്ചു. കൈലാസക്കെതിരെ വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

TAGS :

Next Story