'സഹതാപം നേടാനുള്ള ഓവര്‍ അഭിനയം'; രാഹുൽ ഗാന്ധിയുടെ തെരഞ്ഞടുപ്പ് കമ്മീഷൻ പ്രതിഷേധ മാര്‍ച്ചിനെ പരിഹസിച്ച് കങ്കണ
പ്രതിഷേധ മാര്‍ച്ചിനെക്കുറിച്ചുള്ള വാര്‍ത്ത തിങ്കളാഴ്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ പങ്കുവച്ചുകൊണ്ടായിരുന്നു മാണ്ഡി എംപിയുടെ പ്രതികരണം

ഡൽഹി: ഇന്‍ഡ്യാ മുന്നണിയുടെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിനെ പരിഹസിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. സഹതാപം നേടാനുള്ള ഓവര്‍ അഭിനയം എന്നാണ് അവര്‍ രാഹുൽ ഗാന്ധിയെ പരിഹസിച്ചത്. പ്രതിഷേധ മാര്‍ച്ചിനെക്കുറിച്ചുള്ള വാര്‍ത്ത തിങ്കളാഴ്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ പങ്കുവച്ചുകൊണ്ടായിരുന്നു മാണ്ഡി എംപിയുടെ പ്രതികരണം. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇന്‍ഡ്യാ മുന്നണി എംപിമാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് വാര്‍ത്തയിലുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിൽ മുന്നൂറിലേറെ എംപിമാരും പ്രതിപക്ഷ പാർട്ടി നേതാക്കളും പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്‍റിൽ നിന്ന് ആരംഭിച്ച മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. എം.പിമാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അഖിലേഷ് യാദവ് അടക്കമുള്ള എംപിമാർ ബാരിക്കേഡ് മറികടന്നു. മല്ലാകാർജുൻ ഖാർഗെയുടെയും ശരദ് പവാറിന്‍റെയും നേതൃത്വത്തിൽ കുത്തിയിരുന്ന എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ കോൺഗ്രസ് എംപിമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചു . കോൺഗ്രസ് എംപി ജയറാം രമേശിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ് നൽകിയത് . കൂടിക്കാഴ്ചയിൽ 30 പേർക്ക് പങ്കെടുക്കാം. പരാതിയുള്ള എല്ലാ എംപിമാരെയും കാണാൻ കമ്മീഷൻ തയ്യാറാവണമെന്ന് കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
Adjust Story Font
16

