കനയ്യയും ജിഗ്നേഷും കോൺഗ്രസിലേക്ക് തന്നെ; ചൊവ്വാഴ്ച അംഗത്വമെടുക്കും
കനയ്യയെ അനുനയിപ്പിച്ച് പാർട്ടിയിൽ തന്നെ നിർത്താൻ സിപിഐ ദേശീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നു
ജെഎൻയു മുൻ വിദ്യാർത്ഥി നേതാവും സിപിഐ യുവനേതാവുമായ കനയ്യ കുമാറും ദലിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക് തന്നെ. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾ അവസാനിപ്പിച്ചാണ് ഇരുവരും കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഇരുവരും കോൺഗ്രസ് അംഗത്വമെടുക്കും.
നേരത്തെ, രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിറകെയാണ് കനയ്യയും ജിഗ്നേഷും കോൺഗ്രസിൽ ചേരുന്നതായുള്ള പ്രചാരണം ശക്തമായത്. ഇതിനിടെ, കനയ്യയെ അനുനയിപ്പിച്ച് പാർട്ടിയിൽ തന്നെ നിർത്താൻ സിപിഐ ദേശീയ നേതൃത്വത്തിന്റെ ഇടപെടലുമുണ്ടായിരുന്നു. കനയ്യ എവിടെയും പോകുന്നില്ലെന്നാണ് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ശഹീദ് ഭഗത് സിങ്ങിന്റെ ജന്മദിനമായ 28ന് കോൺഗ്രസിൽ അംഗത്വമെടുക്കാൻ ഇരുവരും തീരുമാനിച്ചതായുള്ള വാർത്തകളാണ് ബന്ധപ്പെട്ട വൃത്തങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ, ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിദിനത്തിൽ പാർട്ടിയിൽ ചേരാനായിരുന്നു രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായിരുന്നത്. എന്നാല്‍, നിശ്ചയിച്ച ദിവസത്തിനുമുന്‍പ് തന്നെ കൂടുമാറ്റത്തിനൊരുങ്ങുകയാണ് യുവനേതാക്കളെന്നാണ് പുതിയ വിവരം.
ഗുജറാത്തിലെ വാദ്ഗാം മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് ജിഗ്നേഷ് മേവാനി. രാഷ്ട്രീയ ദലിത് അധികാർ മഞ്ച്(ആർഡിഎഎം) നേതാവുമാണ്. അദ്ദേഹത്തിന് ഗുജറാത്ത് സംസ്ഥാന ഘടകം വർക്കിങ് പ്രസിഡന്റ് പദവി നൽകുമെന്നാണ് വിവരം. ജെഎൻയുവിൽ വിദ്യാർത്ഥി നേതാവായിരിക്കെ ദേശീയതലത്തിലും പുറത്തും ഏറെ ശ്രദ്ധനേടിയ കനയ്യയ്ക്ക് ബിഹാറിലെ പാർട്ടി അടിത്തറ ശക്തിപ്പെടുത്താനുള്ള ചുമതലയായിരിക്കും നൽകുക. കനയ്യയ്ക്കു പിറകെ കൂടുതൽ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കോൺഗ്രസിലെത്തുമെന്നും നേതാക്കൾ കണക്കുകൂട്ടുന്നുണ്ട്.
രാഹുൽ ഗാന്ധിക്കു പുറമെ പ്രിയങ്ക ഗാന്ധിയുമായും കഴിഞ്ഞ ദിവസങ്ങളിൽ കനയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ പാർട്ടിയിലെ ഭാരവാഹിത്വം സംബന്ധിച്ച കാര്യങ്ങളിലും തീരുമാനമായതായാണ് അറിയുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെഗുസെരായ് മണ്ഡലത്തിൽ മത്സരിച്ച് ദേശീയശ്രദ്ധ നേടിയിരുന്നു. എന്നാൽ, ബിജെപിയുടെ ഗിരിരാജ് സിങ്ങിനോട് നാലു ലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെട്ടു.
Adjust Story Font
16