Quantcast

ദർശൻ കന്നഡയിലെ സൂപ്പർ സ്റ്റാർ; എന്നും വിവാദങ്ങളിലെ വില്ലൻ, അറസ്റ്റിലാകുന്നത് മൂന്നാം തവണ

സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്ക് സന്ദേശമയച്ചയാളെ കൊലപ്പെടുത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    11 Jun 2024 3:29 PM GMT

ദർശൻ കന്നഡയിലെ സൂപ്പർ സ്റ്റാർ; എന്നും വിവാദങ്ങളിലെ വില്ലൻ, അറസ്റ്റിലാകുന്നത് മൂന്നാം തവണ
X

കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കന്നഡ സൂപ്പർ സ്റ്റാർ ദർശൻ തൂഗുദീപ എന്നും വിവാദങ്ങളിലെ വില്ലനാണ്. ഇത് മൂന്നാം തവണയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കൂടാതെ നിരവധി പരാതികളും ഇയാൾക്കെതിരെ ഉയർന്നിട്ടുണ്ട്. നടി പവിത്ര ഗൗഡയുമായുള്ള ബന്ധവും എന്നും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.

ചിത്രദുർഗ സ്വദേശി രേണുകാസ്വമിയെന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ദർശനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നടി പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്ന് ആരോപിച്ചാണ് ഇയാളെ കൊലപ്പെടുത്തുന്നത്. കേസിൽ പവിത്ര ഗൗഡയെയും മറ്റു 11 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുവാവിനെ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിനിടെ മൂന്നുപേർ പൊലീസിന് മുമ്പിൽ കീഴടങ്ങി. സ്വത്തുതർക്കത്തെ തുടർന്ന് തങ്ങൾ രേണുകാസ്വാമിയെ കൊല്ലുകയായിരുന്നുവെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ, തുടർന്ന് നടത്തിയ അന്വേഷണം ദർശനിലേക്ക് നീളുകയായിരുന്നു.

ജനനം സിനിമാ കുടുംബത്തിൽ

സാൻഡൽവുഡ് എന്നറിയപ്പെടുന്ന കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാറാണ് ദർശൻ. സിനിമാ കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. പിതാവ് ശ്രീനിവാസൻ കന്നഡയിലെ ആദ്യകാല നടനാണ്. സഹോദരൻ ദിനകർ സിനിമാ സംവിധായക രംഗത്തുമുണ്ട്.

1997ൽ ‘മഹാഭാരത’ എന്ന സിനിമയിലൂടെയാണ് ദർശൻ വെള്ളിത്തിരയിലെത്തുന്നത്. കഴിഞ്ഞ 27 വർഷത്തിനിടെ 75ലധികം സിനിമകളിൽ അഭിനയിച്ചു. 2001ൽ ഇറങ്ങിയ ആക്ഷൻ ക്രൈം ത്രില്ലർ ‘മജെസ്റ്റിക്’ ആണ് കരിയറിനെ മാറ്റിമറിച്ച ചിത്രം. നിരവധി അംഗീകാരങ്ങൾ ഈ ചിത്രത്തിലൂടെ ദർശനെ തേടിയെത്തി. ദാസ, കരിയ, ഗജ, നവഗ്രഹ, ബുൾബുൾ, സാരതി, റോബർട്ട് തുടങ്ങിയ സിനിമകളും ബോക്സ്ഓഫിസിൽ വലിയ വിജയമായി മാറി. വിജയലക്ഷ്മിയാണ് ദർശന്റെ ഭാര്യം. 2003ലായിരുന്നു ഇവരുടെ വിവാഹം.

നിരവധി തവണയാണ് ദർശൻ വിവാദങ്ങളിൽ അകപ്പെടുന്നത്. ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ 2011ൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഡോക്ടറുടെ പരിശോധനയിൽ ഭാര്യയുടെ തലയുടെ പിറക്‍വശത്ത് വലിയ മുറിവ് തന്നെ കണ്ടെത്തി. അന്ന് പരപ്പന അഗ്രഹാര ജയിലിൽ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ട്.

ഭാര്യയുമായുള്ള തർക്കം പിന്നീട് കോടതിക്ക് പുറത്ത് പരിഹരിച്ചു. അന്നത്തെ വിവാദങ്ങളിൽ ദർശൻ ആരാധകരോട് പരസ്യമായി മാപ്പ് പറയുകയും താൻ മദ്യലഹരിയിൽ ചെയ്തതാണെന്ന് കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. 2016ൽ ഭാര്യം വീണ്ടും ദർശനെതിരെ ​ബംഗളൂരു പൊലീസിൽ പരാതി നൽകി. 2021ൽ മൈസൂരുവിലെ ഹോട്ടലിൽവെച്ച് വെയിറ്ററെ മർദിച്ചതായും പരാതിയുയർന്നു. സംഭവം പൊലീസ് മൂടിവെച്ചതും വെയിറ്റർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകിയതും ഏറെ ചർച്ചയായിരുന്നു.

വന്യജീവി പ്രേമിയായ ഇദ്ദേഹം മലവള്ളിക്ക് സമീപം ഒരു മൃഗശാല തന്നെ പരിപാലിക്കുന്നുണ്ട്. 2015ൽ കടുവക്കുട്ടിയെ ദത്തെടുത്തത് വലിയ വാർത്തയായിരുന്നു.

ഒരു പതിറ്റാണ്ട് പിന്നിട്ട ബന്ധം

ഇക്കഴിഞ്ഞ ജനുവരിയിലാണ് നടി പവിത്ര ഗൗഡ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിടുന്നത്. ദർശനോടൊപ്പമുള്ള 10 വർഷത്തിന്റെ ആഘോഷ വിഡിയോയായിരുന്നുവത്. ‘ഒരു പതിറ്റാണ്ട് കഴിഞ്ഞു, എന്നെന്നും നിലനിൽക്കും. ഞങ്ങളുടെ ബന്ധം തുടങ്ങിയിട്ട് പത്ത് വർഷമായി, നന്ദി’ -പവിത്ര പോസ്റ്റിൽ കുറിച്ചു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മിക്ക് അറിയാം. അതിൽ കുഴപ്പമില്ലെന്ന് അവർ പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എന്നെയും മകളെയും ആളുകൾ അധിക്ഷേപിക്കുകയാണ്. അത് ഞങ്ങളിൽ മാനസിക വേദനയുണ്ടാക്കുന്നുവെന്നും പവിത​്ര കുറിച്ചു. എന്നാൽ, നടിക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തി ദർശന്റെ ഭാര്യ വിജയലക്ഷ്മി രംഗത്തുവരികയുണ്ടായി.

2023ൽ ഹിന്ദു ദേവതയായ ലക്ഷ്മി ദേവിയെക്കുറിച്ച് അധിക്ഷേപ പരാമർശം നടത്തിയതിന് ദർശനെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു. ക്രാന്തി എന്ന സിനിമയുടെ പ്രചാരണത്തിനിടെയായിരുന്നു സംഭവം. ‘ഭാഗ്യദേവത എപ്പോഴും നിങ്ങളുടെ വാതിലിൽ വന്ന് മുട്ടുകയില്ല. അവൾ വരികയാണെങ്കിൽ പിടിക്കുകയും വലിച്ചിടുകയും വസ്ത്രം നൽകാതെ നിങ്ങളുടെ റൂമിൽ പൂട്ടിയിടുകയും വേണം’ -എന്നായിരുന്നു ദർശന്റെ പരാമർശം. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് വലിയ പ്രതിഷേധമാണ് അന്ന് ഉയർന്നത്. കൂടാതെ ഒരു ചടങ്ങിൽ വെച്ച് ഇയാൾക്കെതിരെ ചെരിപ്പേറുണ്ടാവുകയും ചെയ്തു.

2023ൽ ദർശൻ വീണ്ടും അറസ്റ്റിലാകുന്നുണ്ട്. നടന്റെ വീടിന് സമീപം കാർ പാർക്ക് ചെയ്തതിന് നായയെ വിട്ടുകടിപ്പിച്ചെന്ന അഭിഭാഷകന്റെ പരാതിയിലായിരുന്നു അറസ്റ്റ്. സമാധാനം തകർത്തെന്ന് കാണിച്ച് കഴിഞ്ഞവർഷം ഇദ്ദേഹത്തിന് നോട്ടീസ് ലഭിച്ചതാണ് മറ്റൊരു സംഭവം. കാത്തേര എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ ബംഗളൂരുവിലെ ബാറിൽ രാത്രി 12.30ന് ശേഷവും ഉച്ചത്തിൽ പാട്ടുവെച്ച് ആഘോഷിച്ചതിനായിരുന്നു നോട്ടീസ് ലഭിച്ചത്.

TAGS :

Next Story